ചൈനീസ് റോക്കറ്റ് 900ത്തിലധികം കഷണങ്ങളായി ചിന്നിച്ചിതറി; സാറ്റ്‌ലൈറ്റുകള്‍ക്ക് വന്‍ ഭീഷണി! ആശങ്കയില്‍ ലോകം
മുന്‍ കണക്കുകള്‍ പോലെ 300 ഉം 600 ഉം അല്ല, ചൈനയുടെ ബഹിരാകാശ റോക്കറ്റ് പൊട്ടിത്തെറിച്ചത് 900ത്തിലധികം കഷണങ്ങളായി
ഷാങ്‌ഹായ്: ലക്ഷ്യത്തിലെത്തും മുമ്പ് തകര്‍ന്നുതരിപ്പണമായ ചൈനീസ് റോക്കറ്റ് 1,000ത്തിലധികം സാറ്റ്‌ലൈറ്റുകള്‍ക്ക് ഉള്‍പ്പടെ കനത്ത ഭീഷണിയാവുന്നു. ബഹിരാകാശത്ത് അനിയന്ത്രിതമായി പറക്കുന്ന ഈ റോക്കറ്റ് അവശിഷ്‌ടങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണിക്ക് മുന്നില്‍ ഉത്തരംമുട്ടിയിരിക്കുകയാണ് ചൈന.
18 ഇന്‍റര്‍നെറ്റ് സാറ്റ്‌ലൈറ്റുകളുമായി പോയ ഷാങ്‌ഹായ് സ്പേസ്‌കോം സാറ്റ്‌ലൈറ്റ് ടെക്‌നോളജിയുടെ (എസ്എസ്എസ്‌ടി) റോക്കറ്റാണ് ബഹിരാകാശത്ത് വച്ച് തകര്‍ന്നത്. ചൈനീസ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള സാങ്കേതിക സ്ഥാപനമാണ് എസ്എസ്എസ്‌ടി. ഈ റോക്കറ്റ് 300 കഷണങ്ങളായി ചിതറിത്തെറിച്ചു എന്നായിരുന്നു അമേരിക്കന്‍ ബഹിരാകാശ ട്രാക്കിംഗ് ഏജന്‍സികളുടെ ആദ്യ നിഗമനം. എന്നാല്‍ ഏറ്റവും പുതിയ കണ്ടെത്തലുകള്‍ പറയുന്നത് റോക്കറ്റ് 900ത്തിലധികം കഷണങ്ങളായി പിളര്‍ന്നുവെന്നാണ്. ഭൂമിയില്‍ നിന്ന് ഏകദേശം 800 കിലോമീറ്റര്‍ ഉയരത്തില്‍ റോക്കറ്റ് അവശിഷ്ടങ്ങള്‍ കറങ്ങിനടക്കുന്നത് ആയിരത്തിലധികം കൃത്രിമ ഉപഗ്രഹങ്ങള്‍ക്കും മറ്റ് ബഹിരാകാശ ഉപകരണങ്ങള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നു. റോക്കറ്റ് അവശിഷ്ടങ്ങള്‍ ഇടിച്ച് സാറ്റ്‌ലൈറ്റുകള്‍ക്ക് തകരാര്‍ സംഭവിക്കുമോ എന്നതാണ് പ്രധാന ആശങ്ക. വര്‍ഷങ്ങളോളം ഈ അവശിഷ്ടങ്ങള്‍ ഭൂമിയുടെ താഴ്‌ന്ന ഭ്രമണപഥത്തില്‍ തുടര്‍ന്നേക്കാം.
സാറ്റ്‌ലൈറ്റുകളെ ഭ്രമണപഥത്തിലെത്തിച്ച റോക്കറ്റിന്‍റെ മുന്‍ഭാഗം തകരുകയായിരുന്നു. എന്തുകൊണ്ടാണ് റോക്കറ്റ് തകര്‍ന്നത് എന്ന് വ്യക്തമല്ല. മറ്റെന്തെങ്കിലും കൂട്ടിയിടി കാരണമാണോ അതോ റോക്കറ്റിലുണ്ടായ പൊട്ടിത്തെറിയാണോ കാരണം എന്ന വിവരം ഷാങ്‌ഹായ് സ്പേസ്‌കോം സാറ്റ്‌ലൈറ്റ് ടെക്‌നോളജി പുറത്തുവിട്ടിട്ടില്ല. റോക്കറ്റിന്‍റെ ഭാഗങ്ങള്‍ നിരീക്ഷിച്ചുവരികയാണ് എന്നാണ് ചൈനയുടെ പ്രതികരണം. 2022ല്‍ സമാന രീതിയില്‍ ലോംഗ് മാർച്ച് 6A റോക്കറ്റ് പൊട്ടിത്തെറിച്ചിരുന്നു. അന്നും ചൈനീസ് ബഹിരാകാശ പദ്ധതികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതാണ്.
എലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് കമ്പനിയുടെ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് പരിപാടിക്ക് ബദലാവാന്‍ ചൈന സാറ്റ്‌ലൈറ്റുമായി വിക്ഷേപിച്ച റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. കൃത്രിമ ഉപഗ്രഹങ്ങള്‍ വഴി ലോകമെങ്ങും ഇന്‍റര്‍നെറ്റ് എത്തിക്കാനുള്ള മസ്‌കിന്‍റെ പദ്ധതിയാണ് സ്റ്റാര്‍ലിങ്ക്.
Read more: മസ്‌ക് വെച്ച കാല്‍ മുന്നോട്ടുതന്നെ; 21 സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ ഒന്നിച്ച് വിക്ഷേപിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം