യുവ നക്ഷത്രങ്ങളേപ്പോലും കൃത്യമായി അറിയാം; സൃഷ്ടിയുടെ സ്തംഭങ്ങളിലെ പുതു ചിത്രവുമായി ജെയിംസ് വെബ്ബ്
സജീവമായിട്ടുള്ള നക്ഷത്ര രൂപീകരണ മേഖല കൂടിയായ ഈഗിള്‍ നെബുലയുടെ മധ്യ ഭാഗത്തുള്ള സ്തംഭങ്ങളുടെ ധൂളികളില്‍ പ്രകാശം ചിതറി തെറിക്കുന്നതിന്റെ കാഴ്ച ജെയിംസ് വെബ്ബ് ചിത്രത്തില്‍ സുവ്യക്തമാണ്
പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നിനെ വീണ്ടും സന്ദര്‍ശിച്ച് ബഹിരാകാശ ദൂരദർശിനി ജെയിംസ് വെബ്. ഭൂമിയില് നിന്നും 6500 പ്രകാശ വര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന സൃഷ്ടിയുടെ സ്തംഭങ്ങള്‍ എന്ന് വിളിക്കുന്ന ഹൈഡ്രജന്‍, പൊടിപടലങ്ങളുടെ തണുത്തതും കട്ടിയേറിയതുമായ മേഘങ്ങളുടെ കാഴ്ചയാണ് ജെയിംസ് വെബ്ബ് പുറത്ത് വിട്ടിരിക്കുന്നത്. ബഹിരാകാശ ദൂരദര്‍ശിനികള്‍ ഇതിന് മുന്‍പും സൃഷ്ടിയുടെ സ്തംഭങ്ങളുടെ കാഴ്ച പുറത്ത് വിട്ടിട്ടുണ്ടെങ്കിലും ജെയിംസ് വെബ്ബ് പുറത്ത് വിട്ടത് അതിന്‍റെ ഏറ്റവും മനോഹരമായ പതിപ്പെന്ന് വേണം വിശേഷിപ്പിക്കാന്‍.
1995ലും 2014ലും ഹബിള്‍ നിരീക്ഷണ കേന്ദ്രം ഇതിന്‍റെ ദൃശ്യങ്ങള് പുറത്ത് വിട്ടിട്ടുണ്ട്. ഈഗിള്‍ നെബുല അഥവാ മെസിയര്‍ 16 എന്ന് ജ്യോതിശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നതിന്‍റെ മധ്യ ഭാഗത്തായാണ് സൃഷ്ടിയുടെ സ്തംഭങ്ങളുള്ളത്. സജീവമായിട്ടുള്ള നക്ഷത്ര രൂപീകരണ മേഖല കൂടിയാണ് ഇത്. ഇന്‍ഫ്രാറെഡ് ഡിറ്റക്ടറുകളുടെ സഹായത്തോടെ സ്തംഭങ്ങളിലെ ധൂളികളില്‍ പ്രകാശം ചിതറി തെറിക്കുന്നതിന്റെ കാഴ്ച ജെയിംസ് വെബ്ബ് ചിത്രത്തില്‍ സുവ്യക്തമാണ്. ഹബിള്‍ നിരീക്ഷണ കേന്ദ്രം പുറത്ത് വിട്ടതിനേക്കാള്‍സ്തംഭങ്ങളുടെ അകം കൂടുതല്‍ വ്യക്തമാക്കുന്നുണ്ട് പുതിയ ചിത്രം.
യൂറോപ്യന്‍ സ്പേയ്സ് ഏജന്‍സിയിലെ മുതിര്‍ന്ന ഉപദേഷ്ടാവായ പ്രൊഫസര്‍ മാര്‍ക് മക്കോഹ്രീന്‍റെ പ്രതികരണം അനുസരിച്ച് ഈഗിള്‍ നെബുലയേക്കുറിച്ച് 1990കളുടെ മധ്യം മുതല്‍ പഠനം ആരംഭിച്ചതാണ്. സൃഷ്ടിയുടെ സ്തംഭങ്ങളുടെ ഉള്‍വശത്തെ ദൃശ്യം വ്യക്തമായിരുന്നില്ല. നക്ഷത്ര രൂപീകരണ മേഖലയിലെ പുതിയ നക്ഷത്രങ്ങളെ കാണാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തരം യുവ നക്ഷത്രങ്ങളെ വ്യക്തമായി കാണുന്ന രീതിയിലാണ് ജെയിംസ് വെബ്ബ് ചിത്രമുള്ളത്.
മൂന്ന് പതിറ്റാണ്ടോളം സമയമെടുത്താണ് ജെയിംസ് വെബ്ബ് ബഹിരാകാശ ദൂരദര്‍ശിനി നിര്‍മ്മിച്ചത്. ഇന്‍ഫ്രാറെഡ് സാങ്കേതിക വിദ്യയിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. തമോഗര്‍ത്തങ്ങള്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, ജീവോല്‍പ്പത്തി എന്നിവയേക്കുറിച്ചെല്ലാം പഠിക്കാന്‍ സഹായിക്കുന്ന ഈ ബഹിരാകാശ ദൂരദര്‍ശിനിയുടെ നിര്‍മാണ് പൂര്‍ത്തിയായത് 2017ലാണ്. 2021ലാണ് ഇത് ലോഞ്ച് ചെയ്തത്. 1960കളില്‍ നാസയിലെ അഡ്മിനിസ്ട്രേറ്ററായിരുന്നു ജെയിംസ് ഇ വെബ്ബിന്‍റെ പേരാണ് ഈ ബഹിരാകാശ ദൂരദര്‍ശിനിക്ക് നല്‍കിയിട്ടുള്ളത്.
6200 കിലോഗ്രാമാണ് ഇതിന്‍റെ ഭാരം. മൈനസ് 230സെല്‍ഷ്യസ് വരെ ഇതിന്‍റെ പ്രവര്‍ത്തനം സുഗമമായി നടക്കും. 6.5 മീറ്റര്‍ മിറര്‍ സൈസുള്ള ജെയിംസ് വെബ്ബ് 10 വര്‍ഷം വരെ പ്രവര്‍ത്തിപ്പിക്കാം. 460 കോടി വര്‍ഷം വരെ പഴക്കമുള്ള നക്ഷത്ര സമൂഹങ്ങളുടെയടക്കം ചിത്രങ്ങള്‍ ജെയിംസ് വെബ്ബ് എടുത്തത് നാസ നേരത്തെ പുറത്ത് വിട്ടിരുന്നു. ഒടുവിലായി എടുത്ത സൃഷ്ടിയുടെ സ്തംഭങ്ങളുടെ ചിത്രം നാസ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.