'25 ശതമാനം ആയുസ് വർധിക്കും, യൗവനം നിലനിൽക്കും, രോഗങ്ങൾ കുറയും'; അത്ഭുത മരുന്ന് വികസിപ്പിച്ചെന്ന് ഗവേഷകർ
ശരീരത്തിലെ ഇന്റർലൂക്കിൻ -11 എന്ന പ്രോട്ടീൻ ആണ് പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ വേഗത്തിലാക്കുന്നത്. പരീക്ഷണത്തിലൂടെ എലികളുടെ ജനതകഘടനയിൽ മാറ്റം വരുത്തി ഈ പ്രോട്ടീൻ ഉൽപാദിപ്പിക്കാൻ സാധിക്കാത്ത രീതിയിലാക്കി.
ആയുസ് വർധിപ്പിക്കാനും വാർധക്യം തടയാനുമായി വികസിപ്പിച്ച മരുന്നിന്റെ പരീക്ഷണം മൃഗങ്ങളിൽ വിജയിച്ചെന്ന് അവകാശവാദം. എലികളിലാണ് പരീക്ഷണം നടത്തിയതെന്ന് ഗവേഷകർ അറിയിച്ചു. ലണ്ടനിലെ ഇംപീരിയൽ കോളേജ്, എം.ആർ.സി ലാബോറട്ടറി ഓഫ് മെഡിക്കൽ സയൻസസ്, സിങ്കപ്പൂരിലെ ഡ്യൂക്ക്-എൻ.യു.എസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ശാസ്ത്രജ്ഞർ സംയുക്തമായാണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിന് വിധേയമാക്കിയ എലികളുടെ ആയുസ് മറ്റ് എലികളെ അപേക്ഷിച്ച് 25 ശതമാനം വർധിച്ചതായി കണ്ടെത്തി. ഒപ്പം ഇവയുടെ പ്രതിരോധശേഷിയും വർധിച്ചെന്നും പറയുന്നു. മരുന്ന് പരീക്ഷിച്ച എലികൾ അർബുദത്തെ അതിജീവിക്കാനുള്ള ശേഷിയും ആർജ്ജിച്ചു. ബിബിസിയാണ് ഗവേഷണ ഫലം റിപ്പോർട്ട് ചെയ്തത്.
ശരീരത്തിലെ ഇന്റർലൂക്കിൻ -11 എന്ന പ്രോട്ടീൻ ആണ് പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ വേഗത്തിലാക്കുന്നത്. പരീക്ഷണത്തിലൂടെ എലികളുടെ ജനതകഘടനയിൽ മാറ്റം വരുത്തി ഈ പ്രോട്ടീൻ ഉൽപാദിപ്പിക്കാൻ സാധിക്കാത്ത രീതിയിലാക്കി. 75 ആഴ്ച പ്രായമായ ശേഷം പ്രോട്ടീൻ ഉൽപാദനത്തിന്റെ വേഗം കുറയ്‌ക്കാനുള്ള മരുന്ന് പ്രതിദിനം നൽകുകയും ചെയ്തു. പരീക്ഷണം മനുഷ്യനിലും വിജയം കാണുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
മരുന്ന് പരീക്ഷിക്കാത്ത എലിയും മരുന്ന് പരീക്ഷിച്ച എലിയും(വലത്)
ഗവേഷകർ പുറത്തുവിട്ട ഫോട്ടോയിൽ മരുന്ന് നൽകിയ എലികൾ സാധാരണ എലികളേക്കാൾ ശക്തരും ആരോഗ്യവാന്മാരുമായി കാണപ്പെട്ടു. മരുന്ന് നിലവിൽ മനുഷ്യരിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സമാനമായ ആൻ്റി-ഏജിംഗ് ഫലം ഉണ്ടാകുമോ എന്നത് ഉറപ്പിക്കാനാകില്ലെന്നും ഗവേഷകർ പറഞ്ഞു. ഇൻ്റർലൂക്കിൻ-11 പ്രോട്ടീൻ പ്രായം കൂടുന്നതിനനുസരിച്ച് അളവ് വർധിക്കുന്നുവെന്നും ഈ പ്രൊട്ടീനിന്റെ ഉൽപാദനത്തെ നിയന്ത്രിച്ചാൽ വാർധക്യമാകുന്നത് തടയാമെന്നുമുള്ള നിഗമനത്തിലാണ് ഗവേഷണം നടന്നത്. നേച്ചർ ജേണലിൽ ഫലം പ്രസിദ്ധീകരിച്ചു.