ആ 'അത്ഭുതപ്പെട്ടി' ഒടുവിൽ തുറന്നു, ആവേശഭരിതരായി ഗവേഷകർ, ഒസിരിസ് റെക്സ് ഇനി ത്രില്ലടിപ്പിക്കും

സാധാരണ നിലയിൽ തുറക്കാതെ വന്നതോടെ നോൺ മാഗ്നെറ്റിക്ക് സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് പ്രത്യേകമായി നിർമ്മിച്ച സർജിക്കൽ ഗ്രേഡ് ഉപകരണം കൊണ്ടാണ് ഒടുവിൽ ഗവേഷകർ പേടകം തുറന്നത്.

Nasas Johnson Space Center in Houston finally unlocks canister of asteroid dust etj

ഹൂസ്റ്റൺ: ഒടുവിൽ ആ അത്ഭുതപ്പെട്ടി തുറന്നു. 4.6 ബില്യൺ വർഷം പഴക്കമുള്ള ഛിന്നഗ്രഹത്തിൽ നിന്നുള്ള സാംപിളുമായെത്തിയ ചെറുക്യാപ്സൂളാണ് മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ കേടുപാടുകളില്ലാതെ തുറന്നത്. ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേയ്സ് സെന്ററിൽ വച്ചാണ് മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഉട്ടാ മരുഭൂമിയിലേക്ക് ഒസിരിസ് റെക്സ് എത്തിച്ച ഛിന്നഗ്രഹ സാംപിളടങ്ങിയ ചെറുക്യാപ്സൂൾ തുറന്നത്. അപകടമുണ്ടാക്കാൻ ശേഷിയുള്ളത് എന്ന വിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന ബെന്നു എന്ന ഛിന്നഗ്രഹത്തിൽ നിന്നാണ് ഒസിരിസ് റെക്സ് സാംപിളുകൾ ശേഖരിച്ചത്. 

കഴിഞ്ഞ സെപ്തംബറിൽ ലഭിച്ച സാംപിൾ ക്യാപ്സൂൾ തുറക്കാന്‍ ഗവേഷകർ ചെറുതല്ലാത്ത വെല്ലുവിളികളാണ് നേരിട്ടത്. സാധാരണ നിലയിൽ തുറക്കാതെ വന്നതോടെ നോൺ മാഗ്നെറ്റിക്ക് സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് പ്രത്യേകമായി നിർമ്മിച്ച സർജിക്കൽ ഗ്രേഡ് ഉപകരണം കൊണ്ടാണ് ഒടുവിൽ ഗവേഷകർ പേടകം തുറന്നത്. 9 ഔൺസ് സാംപിളാണ് ക്യാപ്സൂളിനുള്ളിലുള്ളത്. സൗരയൂഥത്തോളം തന്നെ പ്രായമുണ്ടെന്ന് കരുതപ്പെടുന്ന ബെന്നു ഛിന്നഗ്രഹത്തിൽ നിന്നുള്ള കല്ലും മണ്ണും അടങ്ങിയ ക്യാപ്സൂളിന്റെ ചിത്രവും ഗവേഷകർ പങ്കുവച്ചിട്ടുണ്ട്. നാസയിലേയും ലോകത്തിലെ തന്നെ ബഹിരാകാശ ഗവേഷകരേയും ഒരേ പോലെ ത്രില്ലടിപ്പിച്ച മിഷനാണ് ഇതോടെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. 

2016ലെ വിക്ഷേപണം മുതൽ ഈ ലാൻഡിങ്ങ് വരെ ഏഴ് വർഷം നീണ്ട ദൗത്യത്തിനാണ് കഴിഞ്ഞ വർഷം അന്ത്യമായിരുന്നത്. 250 ഗ്രാം ഭാരമാണ് ശേഖരിച്ച ഛിന്നഗ്രഹത്തിന്റെ സാംപിളിനുണ്ടായിരുന്നത്. നേരത്തെ ജപ്പാന്‍ ഇറ്റോക്കാവ ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ചത് 5 ഗ്രാം സാമ്പിളായിരുന്നു. 2018ലാണ് ബെന്നുവിന്റെ ഭ്രമണപഥത്തിലെത്തിയ പേടകം ബെന്നുവിനെ തൊട്ടത് 2020 ഒക്ടോബർ 20നായിരുന്നു. ഛിന്നഗ്രഹത്തില്‍ നിന്നുള്ള കല്ലും മണ്ണും വലിച്ചെടുത്ത് അമൂല്യമായ ആ സന്പത്തുമായി 2021ലാണ് ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങിയത്. രണ്ട് വർഷം നീണ്ട ആ മടക്കയാത്രയ്ക്ക് ശേഷം ഭൂമിയിൽ നിന്ന് സുരക്ഷിത അകലത്തിൽ വച്ച് സാമ്പിൾ റിക്കവറി പേടകത്തെ ഒസിരിസ് ഭൂമിയിലേക്ക് അയക്കുകയായിരുന്നു. 

മാതൃപേടകത്തിൽ നിന്ന് വേർപ്പെട്ട് നാല് മണിക്കൂർ കൊണ്ടാണ് ക്യാപ്സൂള്‍ ഭൂമിയിലേക്ക് എത്തിയത്. സൗരയൂഥത്തിന്റെ ഉത്പത്തിയെക്കുറിച്ചടക്കമുള്ള നിർണായക വിവരങ്ങൾ ബെന്നുവിൽ നിന്നുള്ള കല്ലും മണ്ണും പഠിക്കുന്നതിലൂടെ ലഭിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. സാമ്പിൾ പഠിക്കാൻ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള ഗവേഷണ സ്ഥാപനങ്ങൾക്കും അതിനുള്ള അവസരം ലഭിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios