ബഹിരാകാശത്തെ അയല്‍ക്കാര്‍, ഭാവിയെ കുടുംബക്കാര്‍; പെന്‍ഗ്വിനെയും എഗ്ഗിനെയും പകര്‍ത്തി ജെയിംസ് വെബ്

വീണ്ടും ഞെട്ടിച്ച് ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി, രണ്ടാം വാര്‍ഷികത്തില്‍ പുറത്തുവിട്ടത് അയല്‍ക്കാരെ പോലെ തോന്നുന്ന രണ്ട് ഗ്യാലക്‌സികളുടെ ഒറ്റ ചിത്രം, ഒന്നിന് പെന്‍ഗ്വിനിന്‍റെ ആകൃതി!

NASA released The Penguin and the Egg galaxies one photo on James Webb Space Telescope 2nd anniversary

വാഷിംഗ്‌ടണ്‍: ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ആദ്യ ഫോട്ടോ ശാസ്ത്രലോകത്തിന് മുന്നില്‍ അവതരിപ്പിച്ചതിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ അമ്പരപ്പിക്കുന്ന ചിത്രം പുറത്തുവിട്ട് നാസ. അയല്‍ക്കാരെ പോലെ തോന്നുന്ന രണ്ട് ഗ്യാലക്‌സികളുടെ ഒറ്റ ചിത്രമാണ് ജെയിംസ് വെബ് പകര്‍ത്തിയത്. ഇതിലൊരു ഗ്യാലക്‌സിക്ക് പെന്‍ഗ്വിനിന്‍റെ ആകൃതിയാണ് ചിത്രത്തില്‍ തോന്നിക്കുന്നത്. നക്ഷത്രങ്ങളും വാതകങ്ങളും ചേര്‍ന്നാണ് ഈ സവിശേഷ ആകൃതി ഗ്യാലക്‌സിക്ക് നല്‍കുന്നത്. 

പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ലക്ഷ്യമിട്ട് നാസയുടെ നേതൃത്വത്തിലുള്ള ജെയിംബ് വെബ് സ്പേസ് ടെലിസ്‌കോപ്പ് വീണ്ടും ശാസ്ത്രകുതകികളെ ഞെട്ടിക്കുകയാണ്. ജെയിംസ് വെബ് പകര്‍ത്തിയ അടുത്തടുത്തായി നിലകൊള്ളുന്ന രണ്ട് ഗ്യാലക്‌സികളുടെ ചിത്രം നാസ പുറത്തുവിട്ടു. പെന്‍ഗ്വിന്‍ (NGC 2936), എഗ്ഗ് (NGC 2937) എന്നിങ്ങനെയാണ് ഗ്യാലക്‌സികളുടെ പേരുകള്‍. ഈ രണ്ട് ഗ്യാലക്‌സികളും ചേര്‍ന്നുള്ള രൂപത്തെ Arp 142 എന്നും വിളിക്കുന്നു. ഭൂമിയില്‍ നിന്ന് 326 മില്യണ്‍ പ്രകാശവര്‍ഷം അകലെയാണ് ഈ ഗ്യാലക്‌സി കുടുംബമുള്ളത്. ജെയിംസ് വെബിലെ നിയര്‍ ഇന്‍ഫ്രാറെഡ് ക്യാമറയും മിഡ് ഇന്‍ഫ്രാറെഡ് ഇന്‍സ്ട്രമെന്‍റുമാണ് ചിത്രം പകര്‍ത്തിയത്. 

പെന്‍ഗ്വിനിന്‍റെയും മുട്ടയുടേയും ആകൃതിയിലുള്ള ഇരു ഗ്യാലക്സികളും തമ്മിലുള്ള സമ്പര്‍ക്കം 20-75 മില്യണ്‍ വര്‍ഷം മുമ്പ് ആരംഭിച്ചതായാണ് സങ്കല്‍പിക്കുന്നത്. പെന്‍ഗ്വിനും മുട്ടയും കൂടിച്ചേര്‍ന്ന് ഒറ്റ ഗ്യാലക്‌സിയാവും വരെ ഈ സമ്പര്‍ക്കം തുടരും എന്ന് കണക്കാക്കുന്നു.

'രണ്ട് വര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസും ജെയിംസ് വെബില്‍ നിന്നുള്ള ആദ്യ ചിത്രം പ്രകാശനം ചെയ്‌തതോടെ പ്രപഞ്ചത്തിന്‍റെ ചുരുളഴിക്കുകയാണ് ജെയിംസ് ബഹിരാകാശ ദൂരദര്‍ശിനി. ജെയിംസ് വെബ് ശാസ്ത്രലോകത്തിന് പുതിയ വെളിച്ചം പകരുന്നതിനൊപ്പം വരുംതലമുറകള്‍ക്കും ജ്യോതിശാസ്ത്രജ്ഞര്‍ക്കും പ്രചോദനമാകും'- എന്നും നാസ അഡ്‌മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു. 'വെറും രണ്ട് വര്‍ഷം കൊണ്ട് പ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ കാഴ്‌ചപ്പാട് ജെയിംസ് വെബ് മാറ്റിമറിച്ചു. പ്രപഞ്ചത്തിന്‍റെ ഭൂതകാല രഹസ്യങ്ങളെ കുറിച്ച് ജെയിംസ് വെബ് ഏറെ നിഗമനങ്ങള്‍ നല്‍കുന്നതായും ആകാംക്ഷ സൃഷ്ടിക്കുന്ന പുത്തന്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും'- നാസയിലെ ആസ്ട്രോഫിസിക്‌സ് ഡിവിഷന്‍ ഡയറക്ടര്‍ മാര്‍ക് ക്ലാംപിന്‍ കൂട്ടിച്ചേര്‍ത്തു. 

യൂറോപ്യന്‍ സ്പേസ് എജന്‍സി, കനേഡിയന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ നാസ 2021 ഡിസംബർ 25ന് വിക്ഷേപിച്ച ബഹിരാകാശ ദൂരദര്‍ശിനിയാണ് ജെയിംസ് വെബ്. 2022 ജൂലൈ 12നാണ് ഇതില്‍ നിന്നുള്ള ആദ്യ ചിത്രം ലോകം കണ്ടത്. ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ പിന്‍ഗാമിയായി ജയിംസ് വെബ് അറിയപ്പെടുന്നു. ഇന്‍ഫ്രാറെഡ‍് പഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ജെയിംസ് വെബ് ബഹിരാകാശത്ത് നാളിതുവരെ വിക്ഷേപിച്ച ഏറ്റവും വലുതും കരുത്തുറ്റതുമായ ദൂരദര്‍ശിനിയാണ്. 

Read more: ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിക്ക് ഭൂതകാലം കാണാൻ കഴിയുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios