1371 സെൽഷ്യസ് ചൂടും പ്രശ്‌നമല്ല, സൂര്യനെ തൊട്ടുരുമ്മി പായും; ഡിസംബര്‍ 24ന് സോളാര്‍ പ്രോബ് ചരിത്രമെഴുതും
കൊടും താപവും റേഡിയേഷനും മറികടന്ന് സൂര്യന് ഏറ്റവും അടുത്തെത്തുന്ന ബഹിരാകാശ പേടകമാകാന്‍ നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്
ഫ്ലോറിഡ: 2018 ഓഗസ്റ്റ് 12ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വിക്ഷേപിച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് 2024 ഡിസംബര്‍ 24ന് ചരിത്രമെഴുതും. വിക്ഷേപിച്ച് ആറ് വര്‍ഷത്തിന് ശേഷം ക്രിസ്‌തുമസ് തലേന്ന് പാര്‍ക്കര്‍ സോളാര്‍ പേടകം സൂര്യന് ഏറ്റവും അടുത്തുകൂടെ പറക്കും. സൗര പര്യവേഷണത്തില്‍ നിര്‍ണായക നിമിഷമായിരിക്കും ഇത്.
സൂര്യന്‍റെ ഏറ്റവും പുറത്തുള്ള കവചമായ കൊറോണയെ കുറിച്ച് പഠിക്കാന്‍ നാസ 2018 ഓഗസ്റ്റില്‍ വിക്ഷേപിച്ച റോബോട്ടിക് ദൗത്യമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ആറ് വര്‍ഷത്തെ യാത്രയ്ക്കൊടുവില്‍ ഈ വരുന്ന ഡിസംബര്‍ 24ന് പാര്‍ക്കര്‍ സോളാര്‍ പേടകം സൂര്യന് 3.8 ദശലക്ഷം മൈല്‍ അടുത്തെത്തും. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ശരാശരി ദൂരം 93 ദശലക്ഷം മൈലാണ്. ഭൂമിയില്‍ നിന്ന് എത്രയധികം ദൂരം സഞ്ചരിച്ചാണ് പേടകം സൂര്യന് അടുത്തെത്തുന്നത് എന്ന് ഈ താരതമ്യത്തില്‍ നിന്ന് വ്യക്തമാണ്. മാത്രമല്ല, അതിവേഗത്തിലായിരിക്കും പാര്‍ക്കര്‍ സോളാര്‍ പേടകം സൂര്യനെ വലംവെക്കുക. ന്യൂയോര്‍ക്കില്‍ നിന്ന് വാഷിംഗ്‌ടണ്‍ ഡിസിയിലേക്ക് ഒരു സെക്കന്‍ഡ് കൊണ്ട് എത്തുന്ന വേഗത്തിലാവും പേടകം സൂര്യനരികെ സഞ്ചരിക്കുക. സൗരപ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഈ ദൗത്യത്തിനാകുമെന്നാണ് പ്രതീക്ഷയെന്ന് നാസയുടെ കെന്നഡി സ്പേസ് സെന്‍റര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സൂര്യന്‍റെ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ പ്രഭാവലയമാണ് കൊറോണ. സൂര്യന്‍റെ ഈ പുറം കവചത്തെ ഏറ്റവും അടുത്തെത്തി നിരീക്ഷിക്കുന്ന നാസയുടെ റോബോട്ടിക് ബഹിരാകാശ വാഹനമാണ് സോളാർ പ്രോബ് എന്നറിയപ്പെട്ടിരുന്ന പാർക്കർ സോളാർ പ്രോബ്. 685 കിലോഗ്രാമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് പേടകത്തിന്‍റെ ഭാരം. 2018 ഓഗസ്റ്റ് 12ന് ഫ്ലോറിഡയിലെ കേപ് കനാവെറല്‍ സ്പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നായിരുന്നു ഇതിന്‍റെ വിക്ഷേപണം.
അതിശക്തമായ ചൂടും റേഡിയേഷനും അഭിമുഖീകരിച്ചാവും പേടകത്തിന്‍റെ സഞ്ചാരം. 1,371 സെൽഷ്യസ് താപനിലയെ വരെ ചെറുക്കാനാവുന്ന തരത്തില്‍ 1.43 സെന്‍റീമീറ്റർ കട്ടിയുള്ള കാർബൺ-സംയോജിത കവചം ഉപയോഗിച്ചാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബും അതിലെ ഉപകരണങ്ങളും സംരക്ഷിച്ചിരിക്കുന്നത്.
Read more: 14000ത്തിലേറെ സാറ്റ്‌ലൈറ്റുകള്‍, 120 ദശലക്ഷം അവശിഷ്ടങ്ങള്‍; ബഹിരാകാശത്ത് ആശങ്കയുടെ ട്രാഫിക് ജാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം