Asianet News MalayalamAsianet News Malayalam

തുരുതുരാ പൊട്ടിത്തെറിച്ച് സൂര്യന്‍, സോളാർ മാക്സിമം എത്തി; മുന്നറിയിപ്പുമായി നാസ, ഭൂമി സുരക്ഷിതമോ?

സൂര്യനില്‍ തുടരുന്ന അതിശക്തമായ പൊട്ടിത്തെറികള്‍ ഭൂമിക്ക് എന്ത് ഭീഷണിയാവും സൃഷ്ടിക്കുക? 

NASA Confirms Sun In Solar Maximum Triggering Powerful Flares Geomagnetic Storms Aurora
Author
First Published Oct 18, 2024, 12:12 PM IST | Last Updated Oct 18, 2024, 12:20 PM IST

അതിശക്തമായ സൗരകൊടുങ്കാറ്റുകള്‍ വരും ദിവസങ്ങളിലും ഭൂമിയിലേക്ക് വരുമെന്ന് അറിയിപ്പ്. സൂര്യനില്‍ ശക്തമായ പൊട്ടിത്തെറികള്‍ തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സൂര്യന്‍ സോളാർ പാരമ്യത്തില്‍ എത്തിയതായും നാസ സ്ഥിരീകരിച്ചു. ഒരു സോളാർ സൈക്കിളിനിടെ സൂര്യനില്‍ ഏറ്റവും കൂടുതല്‍ സോളാർ ആക്റ്റിവിറ്റികള്‍ സംഭവിക്കുന്ന കാലയളവിനെയാണ് സോളാർ മാക്സിമം എന്ന് വിളിക്കുന്നത്.

സോളാർ മാക്സിമം എന്ന ഘട്ടത്തിലേക്ക് സൂര്യന്‍ പ്രവേശിച്ചതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷനും സ്ഥിരീകരിച്ചിരിക്കുകയാണ്. അതിശക്തമായ സൗരജ്വാലകള്‍ സൂര്യന്‍ പുറംതള്ളുന്ന ഘട്ടമാണിത്. ശരാശരി 11 വർഷത്തിനിടെയാണ് ഇത് സംഭവിക്കുക. ഇപ്പോഴത്തെ സോളാർ സൈക്കിള്‍ 2025 വരെ തുടരും. സൈക്കിള്‍ 25 എന്നാണ് ഈ സോളാർ ഘട്ടം അറിയപ്പെടുന്നത്. ഇതിന്‍റെ ഭാഗമായി ഒക്ടോബർ മാസം ഏറെ അതിശക്തമായ സൗരജ്വാലകളാണ് സൃഷ്ടിക്കപ്പെട്ടത്. 

അതിക്തമായ സൗരജ്വാലകള്‍ ജിയോ മാഗ്നറ്റിക് കൊടുങ്കാറ്റുകള്‍ക്ക് കാരണമാകും. ഇത് ഭൂമിയില്‍ അതിമനോഹരമായ ധ്രുവദീപ്തി സൃഷ്ടിക്കും. സൗരക്കാറ്റിൽ നിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൂമിയുടെ കാന്തികവലയത്തിന്‍റെ സ്വാധീനത്താൽ ആകർഷിക്കപ്പെടുന്നു. ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി അഥവാ നോർത്തേണ്‍ ലൈറ്റ്സ് ഉണ്ടാകുന്നത്. ഇതിനെ അറോറ എന്നും വിളിക്കാറുണ്ട്. ഇതോടെ ആകാശത്ത് നിറങ്ങളുടെ ദൃശ്യക്കാഴ്ച നിറയും. ഇന്ത്യയില്‍ ലേയും ലഡാക്കിലുമാണ് നോർത്തേണ്‍ ലൈറ്റ്സ് സാധാരണയായി ദൃശ്യമാകാറുള്ളത്. 

ഇതിന് പുറമെ ഭൂമിയില്‍ ചില സാങ്കേതിക പ്രശ്നങ്ങളും ജിയോ മാഗ്നറ്റിക് കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കും. സൗരകൊടുങ്കാറ്റുകള്‍ മനുഷ്യര്‍ക്ക് നേരിട്ട് യാതൊരു പ്രശ്നവും സാധാരണയായി സൃഷ്ടിക്കാറില്ല. എങ്കിലും റേഡിയോ പ്രക്ഷേപണത്തില്‍ പ്രശ്‌നങ്ങള്‍, നാവിഗേഷന്‍ സിഗ്നലുകളില്‍ തകരാര്‍, പവര്‍ഗ്രിഡുകളില്‍ പ്രശ്‌നങ്ങള്‍, സാറ്റ്‌ലൈറ്റുകളില്‍ തകരാര്‍ എന്നിവയ്ക്ക് സൗരക്കാറ്റുകള്‍ കാരണമാകാറുണ്ട്. ഭൂമിക്ക് മാത്രമല്ല മറ്റ് ഗ്രഹങ്ങള്‍ക്കും അതിശക്തമായ സൗരജ്വാലകള്‍ പ്രശ്നം സൃഷ്ടിക്കാറുണ്ട്. 

Read more: 5ജി കിടമത്സരത്തിലേക്ക് വോഡാഫോണ്‍ ഐഡിയയും; അങ്കത്തിയതി കുറിച്ചു, കവറേജും വർധിപ്പിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 
Latest Videos
Follow Us:
Download App:
  • android
  • ios