ഒരു ഐഎസ്ആര്‍ഒ-നാസ സംയുക്ത സംരംഭം; എന്താണ് നിസാര്‍ ഉപഗ്രഹം? ഇസ്രൊയുടെ കണ്ണ് ഹിമാലയത്തില്‍
ഭൂമിയുടെ ഉപരിതലത്തിലെ ഓരോ ഇഞ്ചിലുമുണ്ടാകുന്ന മാറ്റങ്ങള്‍ ചിത്രീകരിക്കാന്‍ നാസയുമായി ചേര്‍ന്ന് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ഉപഗ്രഹമാണ് നിസാര്‍, കാലാവസ്ഥാ രംഗത്ത് നിര്‍ണായകമായ ചുവടുവെപ്പ്
ഹൈദരാബാദ്: മഞ്ഞുരുകല്‍, കാട്ടുതീ, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, ഭൂകമ്പം, അഗ്നിപര്‍വത സ്ഫോടനം എന്നിങ്ങനെ ഭൂമിയുടെ ഉപരിതലത്തില്‍ ഓരോ ദിവസവും എത്രയെത്ര മാറ്റങ്ങളാണുണ്ടാവുന്നത്. ഇക്കാര്യം പഠിക്കാന്‍ 2025ല്‍ 'നിസാര്‍' എന്ന എര്‍ത്ത് ഇമേജിംഗ് ഉപഗ്രഹത്തെ വിക്ഷേപിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ സ്പേസ് ഏജന്‍സിയായ ഐഎസ്ആര്‍ഒയും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും. ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ ചരിത്രത്തിലെ ചരിത്ര കാല്‍വെപ്പിനാണ് ഐഎസ്ആര്‍ഒയും നാസയും ഒന്നിക്കുന്നത്.
എന്താണ് നിസാര്‍ ഉപഗ്രഹം?
ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് വിക്ഷേപിക്കുന്ന റഡാര്‍ ഇമേജിംഗ് സാറ്റ്‌ലൈറ്റാണ് നിസാര്‍ (NISAR). നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് അപേര്‍ച്വര്‍ റഡാര്‍ (NASA-ISRO Synthetic Aperture Radar) എന്നതിന്‍റെ ചുരുക്കെഴുത്താണ് നിസാര്‍. 2025 ആദ്യമായിരിക്കും ഈ ഉപഗ്രഹം വിക്ഷേപിക്കുക. എല്‍-ബാന്‍ഡ്, എസ്-ബാന്‍ഡ് എന്നിങ്ങനെ രണ്ട് ഫ്രീക്വന്‍സിയിലുള്ള ഒരു ജോഡി റഡാറുകളാണ് ഈ ഉപഗ്രഹത്തിലുള്ളത്. ഈ രണ്ട് വ്യത്യസ്‌ത റഡാറുകള്‍ ഉപയോഗിച്ച് ഭൂമുഖത്തെ ഓരോ ഇഞ്ചും സ്കാന്‍ ചെയ്യാന്‍ നിസാറിനാകും. എസ്-ബാന്‍ഡ് റഡാര്‍ ഇസ്രോയും എല്‍-ബാന്‍ഡ് റഡാര്‍ നാസയുമാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ട് ഫ്രീക്വന്‍സികള്‍ ഉപയോഗിക്കുന്ന ആദ്യ റഡാര്‍ ഇമേജിംഗ് സാറ്റ്‌ലൈറ്റായിരിക്കും ഇത്.
ഓരോ 12 ദിവസം കൂടുമ്പോഴും ഭൂമിയിലെ കരഭാഗത്തിന്‍റെയും മഞ്ഞുമൂടിയ പ്രതലത്തിന്‍റെ ചലനം നിസാര്‍ അളക്കുമെന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി പറയുന്നു. ഇത് ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കും. പകല്‍ മാത്രമല്ല, രാത്രിയിലും നിസാറിലെ റഡാറുകള്‍ ഡാറ്റകള്‍ രേഖപ്പെടുത്തും. മേഘാവൃതമായ കാലാവസ്ഥ പോലും നിസാറിന് പ്രശ്‌നമല്ല. നിസാര്‍ സാറ്റ്‌ലൈറ്റിലെ എല്‍-ബാന്‍ഡ് റഡാറാണ് ഇത് സാധ്യമാക്കുന്നത്. മരങ്ങള്‍ തിങ്ങിക്കൂടിയ വനമേഖലകളില്‍ പോലും നിസാറിലെ എല്‍-ബാന്‍ഡ് ജോലി ചെയ്യുമെന്നും നാസ അവകാശപ്പെടുന്നു.
ഭൂമികുലുക്കം പ്രവചിക്കാന്‍ നിസാര്‍ കൃത്രിമ ഉപഗ്രഹത്തിന് കഴിയില്ലെങ്കിലും അവയ്ക്ക് ഏറ്റവും സാധ്യതയുള്ള പ്രദേശങ്ങളെ നിര്‍ണയിക്കാനും തുടര്‍ച്ചയായി പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുന്ന ഇടങ്ങളെ അടയാളപ്പെടുത്താനും നിസാര്‍ ഉപഗ്രഹത്തിലെ ഡാറ്റ സഹായകമാകും.
ഐഎസ്ആര്‍ഒയുടെ കണ്ണ് ഹിമാലയത്തില്‍
നിസാര്‍ ഉപഗ്രഹത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു കണ്ണ് കൂടിയുണ്ട്. തീവ്രശക്തയിലുള്ള ഭൂകമ്പങ്ങള്‍ മുമ്പുണ്ടായിട്ടുള്ള ഹിമാലയന്‍ ഫലകത്തിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ നിസാര്‍ ഉപഗ്രഹം സഹായകമാകും എന്ന് ഇസ്രൊ കണക്കുകൂട്ടുന്നതായി ഐഎസ്ആര്‍ഒ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിക്ഷേപിക്കുമ്പോള്‍ ലോകത്തെ ഏറ്റവും ചിലവേറിയ എര്‍ത്ത് ഇമേജിംഗ് സാറ്റ്‌ലൈറ്റായേക്കും നിസാര്‍.
Read more: കവിളൊട്ടി മെലിഞ്ഞുണങ്ങിയ ചിത്രം; ആരോഗ്യനില മോശമായെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി സുനിത വില്യംസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം