ത്രീ, ടൂ, വണ്‍, സീറോ... ആ കൗണ്ട്ഡൗൺ ശബ്ദം ഇനിയില്ല, വളര്‍മതി അന്തരിച്ചു
ചന്ദ്രയാന്‍ 3 വിക്ഷേപണ സമയത്താണ് ഏറ്റവും ഒടുവില്‍ വളര്‍മതിയുടെ കൗണ്ട്ഡൗൺ ശബ്ദം കേട്ടത്
ചെന്നൈ: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. ഐഎസ്ആര്‍ഒയുടെ നിരവധി റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് പിന്നിലെ കൗണ്ട്ഡൗൺ ശബ്ദമായിരുന്നു വളര്‍മതി. ചന്ദ്രയാന്‍ 3 വിക്ഷേപണ സമയത്താണ് ഏറ്റവും ഒടുവില്‍ വളര്‍മതിയുടെ കൗണ്ട്ഡൗൺ ശബ്ദം കേട്ടത്.
തമിഴ്നാട്ടിലെ അരിയല്ലൂര്‍ സ്വദേശിയാണ്. 1959 ജൂലൈ 31നായിരുന്നു ജനനം. 1984ൽ ഐഎസ്ആർഒയിൽ ചേര്‍ന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാർ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-1ന്‍റെ പ്രോജക്ട് ഡയറക്ടറായിരുന്നു വളര്‍മതി. 2012 ഏപ്രിലിലാണ് റിസാറ്റ്-1 വിജയകരമായി വിക്ഷേപിച്ചത്.
ഇന്ത്യയുടെ മിസൈല്‍ മാനും മുന്‍ രാഷ്ട്രപതിയുമായ ഡോ. എപിജെ അബ്ദുൾ കലാമിന്റെ സ്മരണയ്ക്കായി തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ അബ്ദുൾ കലാം പുരസ്കാരം ആദ്യം ലഭിച്ചത് വളര്‍മതിയ്ക്കാണ്. 2015ലാണ് തമിഴ്നാട് സര്‍ക്കാര്‍ വളര്‍മതിയെ ഈ പുരസ്കാരം നല്കി ആദരിച്ചത്.
ഐഎസ്ആർഒയുടെ മുൻ ഡയറക്ടർ ഡോ പി വി വെങ്കിടകൃഷ്ണൻ സമൂഹമാധ്യമമായ എക്സില്‍ വളര്‍മതിയെ അനുസ്മരിച്ചതിങ്ങനെ- "ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളുടെ കൗണ്ട്‌ഡൗണുകൾക്ക് വളർമതി മാഡത്തിന്റെ ശബ്ദം ഇനി ഉണ്ടാകില്ല. ചന്ദ്രയാൻ 3 ആയിരുന്നു അവരുടെ അവസാന കൗണ്ട്ഡൗൺ. അപ്രതീക്ഷിതമായ വിയോഗം. സങ്കടം തോന്നുന്നു. പ്രണാമം."