തലയ്ക്ക് മാത്രം ആറടി നീളം, ദിനോസർ യുഗത്തിലെ 'കടൽ ഭീകരനെ' കണ്ടെത്താൻ സഹായം തേടി മ്യൂസിയം അധികൃതർ
150 ദശലക്ഷം വർഷം പഴക്കമുള്ള കടൽ ഭീകരനെ പൂർണമായി പുറത്തെടുത്ത് സംരക്ഷിച്ച് പ്രദർശനം നടത്താനാണ് മ്യൂസിയത്തിന്റെ ശ്രമം
ഡോർസെറ്റ് (ബ്രിട്ടൻ): ജുറാസിക് യുഗത്തിൽ നിന്നുള്ള കടൽ ഭീകരനെ വീണ്ടെടുക്കാൻ നാട്ടുകാരുടെ സഹായം തേടി മ്യൂസിയം അധികൃതർ. ഇംഗ്ലണ്ടിലെ ഡോർസെറ്റിലാണ് സംഭവം. കിമ്മെറിഡ്ജിൽ പ്രദർശനത്തിന് വച്ചിട്ടുള്ള കടൽ ഭീകരന്റെ തലയുടെ ശേഷിക്കുന്ന ഭാഗം ബീച്ചിന് സമീപത്തെ പാറയിടുക്കിൽ നിന്ന് വീണ്ടെടുക്കാൻ സഹായം തേടിയാണ് മ്യൂസിയം അധികൃതർ നാട്ടുകാരെ സമീപിച്ചിരിക്കുന്നത്. കടൽത്തീരത്തിന് അഭിമുഖമായി നിൽക്കുന്ന കൂറ്റൻ പാറക്കെട്ടിൽ നിന്നാണ് ആടി നീളമുള്ള പിലോസറിന്റെ തലയോട്ടി ഗവേഷകർ കണ്ടെത്തിയത്.
ഏറെ നാളത്തെ പരിശ്രമത്തിന് ശേഷം പാറക്കെട്ടിലേക്ക് തൂങ്ങിയിറങ്ങി നിന്നാണ് ഈ തലയോട്ടി ഗവേഷകർ സുരക്ഷിതമായി പുറത്തെത്തിച്ചത്. എച്ചസ് കളക്ഷൻ എന്ന പേരിലാണ് നിലവിൽ ഈ തലയോട്ടി മ്യൂസിയം പ്രദർശനത്തിന് വച്ചിരിക്കുന്നത്. തകരാറുകളൊന്നും സംഭവിക്കാത്ത രീതിയിൽ പിലോസറിന്റെ ശേഷിക്കുന്ന ഭാഗം പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നതെന്നാണ് മ്യൂസിയം സ്ഥാപകനായ ഡോ. സ്റ്റീവ് എച്ച്സ് പ്രതികരിക്കുന്നത്. 2022ലാണ് ഫോസിൽ ഗവേഷകർ പിലോസറിന്റെ തലയോട്ടി ഇവിടെ കണ്ടെത്തുന്നത്. അതീവ സാഹസികമായ നിലയിൽ പാറക്കെട്ടിലേക്ക് തുങ്ങിയിറങ്ങി തലയോട്ടി പുറത്ത് എത്തിച്ചെങ്കിലും ശേഷിക്കുന്ന ഭാഗം പുറത്ത് എത്തിക്കാൻ കൂടുതൽ ചെലവും ഉപകരണങ്ങളും വേണമെന്നാണ് വിദഗ്ധർ പ്രതികരിക്കുന്നത്.
മേഖലയിലെ പാറക്കെട്ടുകൾ നിരന്തരമായി ശോഷണം സംഭവിച്ച് തകർന്ന് വീഴുന്നതാണ് ഗവേഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതോടെയാണ് ആളുകളിൽ നിന്ന് ക്രൌഡ് ഫണ്ടിംഗ് അടക്കമുള്ള മാർഗങ്ങളിലൂടെ ധനശേഖരണം മ്യൂസിയം ആരംഭിച്ചത്. 150 ദശലക്ഷം വർഷം പഴക്കമുള്ള കടൽ ഭീകരനെ പൂർണമായി പുറത്തെടുത്ത് സംരക്ഷിച്ച് പ്രദർശനം നടത്താനാണ് മ്യൂസിയത്തിന്റെ ശ്രമം. പിലോസറിന്റെ ശരീര ഭാഗങ്ങൾ വീണ്ടെടുക്കയെന്നത് സമയത്തിനും പ്രകൃതിക്കും എതിരായ പോരിലൂടെ വേണമെന്നാണ് മ്യൂസിയം വിലയിരുത്തുന്നത്.
പാറക്കെട്ടുകൾ തകരുന്നത് മൂലം പ്രധാനപ്പെട്ട ഭാഗങ്ങൾ നഷ്ടമാകുമോയെന്ന ആശങ്കയും ഗവേഷകർ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇതുവരെ കണ്ടെത്തിയതിൽ പൂർണമായതും മികച്ച രീതിയിൽ സംരക്ഷിച്ചതുമായ ഫോസിലാണ് ഈ പിലോസറിന്റേത്. 12 മീറ്റർ വരെ നീളം വച്ചിരുന്ന ഈ കടൽ ഭീകരന്മാൻ തുഴ പോലെയുള്ള കാലുകൾ ഉപയോഗിച്ചായിരുന്നു സഞ്ചാരം സാധ്യമാക്കിയിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം