മാനത്ത് അമ്പിളിയുള്ളിടത്തോളം കാലം മായാതെ മറയാതെ നിൽക്കുന്ന കാൽപാടുകള്‍
ചന്ദ്രനിലെ കാലുവെയ്പ് കൊണ്ടുമാത്രം നിർവചിക്കപ്പെടുന്ന ആളല്ല നീൽ ആംസ്ട്രോങ്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനുമായി ബഹിരാകാശനേട്ടങ്ങൾക്കായി നടന്ന കനത്ത പോരിൽ അമേരിക്കയുടെ മുന്നണിപ്പോരാളികളിൽ ഒരാളായിരുന്നു.
നിഗൂഢതയാണ് ആശ്ചര്യമുണ്ടാക്കുക. ആ ആശ്ചര്യമാണ് പുതിയ കാര്യങ്ങൾ മനസ്സിലാക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തിന്റെ അടിസ്ഥാനം. അങ്ങനെയൊരു ആഗ്രഹവും സ്വപ്നവും അതിനുള്ള പ്രയത്നവുമാണ് 1969 ജൂലൈ 20ന് ചന്ദ്രനിൽ കാൽപാടുകളായി പതിഞ്ഞത്. ഒരു കാൽപാദം മുന്നോട്ട് വെച്ച് മാനവരാശിയുടെ കുതിച്ചുചാട്ടം നടത്തിയത് നീൽ ആംസ്ട്രോങ്. മനുഷ്യനുള്ളിടത്തോളം കാലം, മാനത്ത് അമ്പിളിയുള്ളിടത്തോളം കാലം മായാതെ മറയാതെ നിൽക്കുന്ന കാൽപാടുകളാണ് അത്.
ചന്ദ്രോപരിതലത്തിൽ ലിറ്റിൽ വെസ്റ്റ് എന്ന് പേരുള്ള ഗുഹാമുഖത്ത് ( Little West crater.) നക്ഷത്രക്കൂട്ടത്തിലേക്ക് മടങ്ങിയ കുഞ്ഞുമകളുടെ ഓർമക്കായി അവളുടെ ഒരു ബ്രേസ്ലെtറ്റ് നിക്ഷേപിച്ചിരുന്നു ആംസ്ട്രോങ്. ഇന്നിപ്പോൾ നക്ഷത്രങ്ങൾക്കപ്പുറമുണ്ടെന്ന് പലരും വിശ്വസിക്കുന്ന ലോകത്ത് മകൾ കാരെനൊപ്പമിരുന്ന് ആംസ്ട്രോങ്ങ് പഴയ കഥകൾ പറഞ്ഞുതുടങ്ങിയിട്ട് പത്ത് വർഷമാകുന്നു.
നീൽ ആംസ്ട്രോങ് എന്ന ചരിത്രപുരുഷൻ ഓർമയായിട്ട് കൊല്ലം പത്തുകഴിയുന്നു.(05.08.1930-25.08.2012) നീൽ ആംസ്ട്രോങ്ങിനും അപ്രതീക്ഷിതവും സാന്ദർഭികവുമായ ഒന്നായിരുന്നു ചാന്ദ്രദൗത്യം. തന്റെ സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്ന ഒന്ന് എന്നാണ് അദ്ദേഹം തന്നെ വിശേഷിപ്പിച്ചിട്ടുള്ളത്. പിന്നെ ‘കുറച്ചെങ്കിലും സാഹസം റിസ്ക് എടുക്കാതെ വലിയ കാര്യങ്ങളൊന്നും സാധ്യമാകില്ലെ’ന്ന ബോധ്യം ഉണ്ടായിരുന്നതു കൊണ്ട് ജന്മനാട് ഏൽപ്പിച്ച ദൗത്യം ഉത്തരവാദിത്തത്തോടെയും കൃത്യതയോടെയും നിർവഹിച്ചു, വിജയിപ്പിച്ചു.
ചന്ദ്രനിലെ കാലുവെയ്പ് കൊണ്ടുമാത്രം നിർവചിക്കപ്പെടുന്ന ആളല്ല നീൽ ആംസ്ട്രോങ്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനുമായി ബഹിരാകാശനേട്ടങ്ങൾക്കായി നടന്ന കനത്ത പോരിൽ അമേരിക്കയുടെ മുന്നണിപ്പോരാളികളിൽ ഒരാളായിരുന്നു. ഉത്തരധ്രുവം നടന്നും കണ്ടു, ശൂന്യാകാശത്ത് നിന്നും കണ്ടു. പൈലറ്റായി, ശൂന്യാകാശ സഞ്ചാരിയായി, പിന്നെ അധ്യാപകനുമായി.
നീൽ ആംസ്ട്രോങ്ങിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ അപ്പോളോ ദൗത്യത്തിന്റെ ഏറ്റവും വലിയ വിജയം മാനവരാശിയെ ഒരു ചെറിയ എന്നാൽ വലിയ കാര്യം ഓർമപ്പെടുത്താനായി എന്നതാണ്. ‘ഭൂമിയെന്ന ഠ വട്ടത്തിലൊതുങ്ങി നിൽക്കേണ്ട ബലഹീനത മനുഷ്യന് ഇല്ലെന്നും നമ്മുടെ വീക്ഷണത്തിന് അതിനപ്പുറം ലോകമുണ്ടെന്നും നമുക്കുള്ള അവസരങ്ങൾക്ക് പരിധിയില്ലെന്നും അപ്പോളോ വരച്ചുകാണിച്ചു’
1971ൽ നാസയിൽ നിന്ന് വിരമിച്ച ശേഷം സിൻസിനാറ്റി സർവകലാശാലയുടെ എയ്റോസ്പേസ് എഞ്ചിനീയറിങ് വിഭാഗത്തിൽ എട്ട് വർഷം അധ്യാപകനായിരുന്നു ആംസ്ട്രോങ്. അപ്പോളോ 13 അപകടത്തെ കുറിച്ചുള്ള അന്വേഷണത്തിലും ചാലഞ്ചർ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണത്തിലും ആംസ്ട്രോങ് ഭാഗഭാക്കായി. രാജ്യത്തിന്റെ ഹീറോ പട്ടികയിൽ നിസ്സംശയം ഏതുകാലത്തുമുള്ള ആംസ്ട്രോങ് രാഷ്ട്രീയപ്രവർത്തനങ്ങളുടെ ഭാഗമാകാൻ തയ്യാറായില്ല. ഇടക്കിടെ ക്ഷണം വന്നെങ്കിലും.ചാന്ദ്രദൗത്യത്തിനു ശേഷം പല പ്രചാരണപരിപാടികളിലും പര്യടനങ്ങളിലും പങ്കെടുത്തെങ്കിലും തന്റെ ചരിത്രനേട്ടത്തെ കുറിച്ച് ഇടക്കിടെ വാചാലനാകും അതോർമപ്പെടുത്തിയുള്ള പരിപാടികളിൽ പങ്കെടുക്കാനും അതിന്റെ പേരിലുള്ള പ്രശസ്തി വ്യക്തിപരമായ നേട്ടങ്ങൾക്ക് ഉപയോഗപ്പെടുത്താനും ഒന്നും ആംസ്ട്രോങ്ങിന് താത്പര്യമുണ്ടായിരുന്നില്ല.
പത്തുവർഷം മുമ്പ് ബൈപാസ് സർജറിക്ക് പിന്നാലെ എൺപത്തിരണ്ടാംവയസ്സിലാണ് ചാന്ദ്രഹീറോ വിടവാങ്ങിയത്. ഒഹായോ എന്ന ജന്മസ്ഥലം ആംസ്ട്രോങ്ങിന് മുമ്പ് റൈറ്റ് സഹോദരൻമാരുടെ പേരിലായിരുന്നു അറിയപ്പെട്ടത്. പറക്കലിന്റെ തുടക്കക്കാരും ചന്ദ്രനിലെ ആദ്യപേരുകാരനും ഒരേ നാട്ടുകാരായത് ചരിത്രത്തിലെ കൗതുകകരമായ യാദൃച്ഛികത. വപാകൊനേറ്റ എന്ന ചെറുപട്ടണം ഇപ്പോഴും നീൽ ആംസ്ട്രോങിനെ ആഘോഷപൂർവം ഓർമിക്കുന്നു. ഒരു സാധാരണക്കാരന് അസാധാരണമായ കാര്യങ്ങൾ ചെയ്യാനാകുമെന്ന്, നേടാനാകുമെന്ന് തെളിയിച്ചതിന്.
ഈ കൊലയ്ക്കു പിന്നില്‍ ദാവൂദ് ഇബ്രഹിമോ ബിസിനസ് എതിരാളികളോ, ഇന്നുമില്ല ഉത്തരം!
ആകാശലോകങ്ങള്‍ക്കപ്പുറം ഇന്ന് കെ കെയ്ക്ക് 54-ാം പിറന്നാള്‍!