ചൊവ്വയില്‍ മഞ്ഞത്തിളക്കം, ക്രിസ്റ്റല്‍ രൂപത്തില്‍ സള്‍ഫര്‍; ചരിത്ര കണ്ടെത്തലുമായി ക്യൂരിയോസിറ്റി റോവര്‍
മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ ഒരു പാറയ്ക്ക് മുകളിലൂടെ കയറിയപ്പോള്‍ അത് പൊട്ടിച്ചിതറുകയും സള്‍ഫര്‍ സാന്നിധ്യം യാഥര്‍ശ്ചികമായി കണ്ടെത്തുകയുമായിരുന്നു
കാലിഫോര്‍ണിയ: ചൊവ്വാ ഗവേഷണത്തില്‍ നിര്‍ണായക കണ്ടെത്തലുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ചൊവ്വയിലെ പാറകള്‍ക്കിടയില്‍ മഞ്ഞനിറത്തില്‍ ക്രിസ്റ്റല്‍ രൂപത്തിലുള്ള ശുദ്ധമായ സള്‍ഫറാണ് നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ കണ്ടെത്തിയത്. ഇതാദ്യമായാണ് ചൊവ്വയില്‍ ക്രിസ്റ്റല്‍ രൂപത്തിലുള്ള ശുദ്ധമായ സള്‍ഫറിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്.
ഇതാദ്യമായി ചൊവ്വയില്‍ ക്രിസ്റ്റല്‍ രൂപത്തിലുള്ള സള്‍ഫര്‍ മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ കണ്ടെത്തി എന്ന ശുഭവാര്‍ത്ത ചിത്രം സഹിതമാണ് നാസ 2024 ജൂലൈ 19ന് പുറത്തുവിട്ടത്. ഈ വര്‍ഷം മെയ് 30നാണ് റോവര്‍ ഈ കണ്ടെത്തല്‍ നടത്തിയത്. പൊട്ടിച്ചിതറിയ ഘടനയിലുള്ള പാറക്കഷണങ്ങളായാണ് മഞ്ഞ നിറമുള്ള സള്‍ഫര്‍ കിടക്കുന്നത്. സള്‍ഫറും മിനറലുകളും ഏറെയുണ്ട് എന്ന് കരുതപ്പെടുന്ന ചൊവ്വയിലെ പ്രത്യേക മേഖലയില്‍ 2023 ഒക്ടോബര്‍ മുതല്‍ ക്യൂരിയോസിറ്റി റോവര്‍ പര്യവേഷണം നടത്തിവരികയായിരുന്നു. ചൊവ്വയിലെ സള്‍ഫേറ്റ് സാന്നിധ്യം വര്‍ഷങ്ങള്‍ക്ക് മുമ്പേ സ്ഥിരീകരിക്കപ്പെട്ടതാണെങ്കിലും ക്രിസ്റ്റല്‍ രൂപത്തിലുള്ള സള്‍ഫര്‍ കണ്ടെത്തുന്നത് ഇതാദ്യമാണ്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ക്രിസ്റ്റല്‍ സള്‍ഫറിന് പ്രദേശത്തെ സള്‍ഫര്‍ അടിസ്ഥാനത്തിലുള്ള മറ്റ് ധാതുക്കളുമായി ബന്ധമുണ്ടോ എന്ന് നാസയ്ക്ക് ഇപ്പോള്‍ സ്ഥിരീകരിക്കാനായിട്ടില്ല.
കണ്ടെത്തല്‍ അപ്രതീക്ഷിതമായി
'ക്രിസ്റ്റല്‍ രൂപത്തിലുള്ള ശുദ്ധമായ സള്‍ഫര്‍ കണ്ടെത്തുന്നത് മരുഭൂമിയില്‍ മരുപ്പച്ച കണ്ടെത്തുന്നതിന് തുല്യമാണ്, ഇത്തരം വിചിത്രവും അപ്രതീക്ഷിതവുമായ കണ്ടെത്തലുകളാണ് ബഹിരാകാശ ഗവേഷണത്തെ ആവേശഭരിതമാക്കുന്നത്'- എന്നും കാലിഫോര്‍ണിയയിലെ നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ക്യൂരിയോസിറ്റി പ്രൊജക്ട് ശാസ്ത്രഞ്ജനായ അശ്വിന്‍ വസവാഡ പറഞ്ഞു. ചൊവ്വയിലെ ഗെഡിസ് വാലിസ് ചാനലില്‍ പര്യവേക്ഷണം നടത്തുന്നതിനിടെ ക്യൂരിയോസിറ്റി റോവര്‍ കയറിയ പാറ പൊട്ടിച്ചിതറിയപ്പോഴാണ് ക്രിസ്റ്റല്‍ രൂപത്തിലുള്ള സള്‍ഫര്‍ പേടകത്തിലെ ക്യാമറയില്‍ പതിഞ്ഞത്. ചൊവ്വയിലെ ശുദ്ധമായ സള്‍ഫറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Read more: ആരെങ്കിലുമറിഞ്ഞോ? ശക്തമായ സൗരജ്വാല അടുത്തിടെയുണ്ടായി, റേഡിയോ സിഗ്നലുകള്‍ താറുമാറാക്കി!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം