മൂന്ന് ദശാബ്ദത്തിന് ശേഷം ചലഞ്ചര്‍ പേടകാവശിഷ്ടം കണ്ടെത്തി; 1986ലെ വന്‍ദുരന്തത്തിന്‍റെ ബാക്കിപത്രം 

1986, ജനുവരി 28 നുണ്ടായ ചലഞ്ചര്‍ ദുരന്തത്തില്‍ പേടകത്തിലുണ്ടായിരുന്ന ഏഴ് ബഹിരാകാശ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് പേടത്തിന്‍റെ വലിയൊരു ഭാഗം കണ്ടെത്തിയെന്ന് നാസയുടെ കെന്നഡി സ്പേസ് സെന്‍റര്‍ സ്ഥിരീകരിച്ചത്.

large section of the destroyed space shuttle Challenger has been found

ബഹിരാകാശ ഗവേഷണ രംഗത്ത് ഏറ്റവും വലിയ അപകടങ്ങളിലൊന്നായ ചലഞ്ചര്‍ ദുരന്തത്തില്‍ പൊട്ടിത്തെറിച്ച പേടകത്തിന്‍റെ ഒരു ഭാഗം മൂന്ന് ദശാബ്ദത്തിന് ഇപ്പുറം കണ്ടെത്തി. അറ്റ്ലാന്‍റിക് കടല്‍ത്തട്ടില്‍ മറഞ്ഞുകടന്ന പേടത്തിന്‍റെ ഭാഗമാണ് കണ്ടെത്തിയത്. 1986, ജനുവരി 28 നുണ്ടായ ചലഞ്ചര്‍ ദുരന്തത്തില്‍ പേടകത്തിലുണ്ടായിരുന്ന ഏഴ് ബഹിരാകാശ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് പേടത്തിന്‍റെ വലിയൊരു ഭാഗം കണ്ടെത്തിയെന്ന് നാസയുടെ കെന്നഡി സ്പേസ് സെന്‍റര്‍ സ്ഥിരീകരിച്ചത്.

അപകടത്തിന് ശേഷം കാണാതായ പേടകത്തിലെ ഏറ്റവും വലിയ അവശിഷ്ടമാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് നാസയിലെ മാനേജറായ മിഷേല്‍ സിയാനിലി വിശദമാക്കുന്നത്. ചലഞ്ചറും കൊളംബിയയും അടക്കം കാണാതായ പേടക ഭാഗങ്ങള്‍ കണ്ടെത്താനുള്ള ദൌത്യത്തിന്‍റെ ചുമതലയിലുള്ള വ്യക്തിയാണ് മിഷേല്‍. മാര്‍ച്ച് മാസത്തിലാണ് ഒരു ടിവി ഡോക്യുമെന്‍ററി തയ്യാറാക്കാനായി സമുദ്രാന്തര്‍ ഭാഗത്ത് ഗവേഷണം നടത്തിയ മുങ്ങല്‍ വിദഗ്ധരാണ് പേടകത്തിന്‍റെ അവശിഷ്ടം കണ്ടെത്തിയത്. എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിലെ തകര്‍ന്ന യുദ്ധ വിമാനത്തിന്‍റെ ഭാഗത്തിനൊപ്പം  കണ്ടെത്തിയത് തകര്‍ന്ന ബഹിരാകാശ പേടകത്തിന്‍റെ ഭാഗമെന്ന് അടുത്തിടെയാണ് നാസ സ്ഥിരീകരിച്ചത്.

ബഹിരാകാശത്ത് എത്തുന്ന ആദ്യ അധ്യാപിക എന്ന ലക്ഷ്യത്തോടെ എത്തിയ വനിതയായ ക്രിസ്റ്റ മക് ഓലിഫ് അടക്കം ഏഴുപേരാണ് ചലഞ്ചര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. 15 അടിയിലും വലിപ്പമുള്ള പേടകാവശിഷ്ടമാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ അവശിഷ്ടം കടല്‍ത്തട്ടിലെ മണലില്‍ പൂണ്ട നിലയില്‍ ആയതിനാല്‍ ഇതിലും വലുപ്പമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പേടകത്തിന്‍റെ മധ്യഭാഗമാണ് കണ്ടെത്തിയതെന്നാണ് സ്ഥിരീകരണം.

ഫ്ലോറിഡ തീരത്തുള്ള കേപ് കാനവെരാലിന് സമീപമാണ് പേടകാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. പേടകാവശിഷ്ടം കണ്ടെത്തിയ വിവരം ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഇതിനോടകം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വിക്ഷേപണത്തറയിൽ നിന്നും ഉയർന്നു പൊങ്ങി 73 സെക്കന്റിന് ശേഷമാണ് ചലഞ്ചര്‍ പേടകം പൊട്ടിത്തെറിച്ചത്.  റോക്കറ്റിലെ ഖര ഇന്ധന ഭാഗത്തുണ്ടായ ചോര്‍ച്ചയായിരുന്നു അപകടകാരണം. 

Latest Videos
Follow Us:
Download App:
  • android
  • ios