ഐഎസ്ആർഒ -യെ അറിയാം, ബഹിരാകാശ ദൗത്യത്തെക്കുറിച്ചും; സ്‌പേസ് ഓൺ വീൽസ് കുട്ടികളിലേക്ക്
ഐഎസ്ആർഒ-യും വിജ്ഞാന ഭാരതിയുടെ കേരള ഘടകമായ സ്വദേശി സയൻസ് മൂവ്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പേസ് ഓൺ വീൽസിന്റെ ഉദ്ഘാടനം നടന്നു.
തിരുവനന്തപുരം: ഐഎസ്ആർഒ-യും വിജ്ഞാന ഭാരതിയുടെ കേരള ഘടകമായ സ്വദേശി സയൻസ് മൂവ്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പേസ് ഓൺ വീൽസിന്റെ ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്‌കൂളിൽ നടന്നു. തിരുവനന്തപുരത്തെ ഐസിഎആർ-സിടിസിആർഐ ഡയറക്ടർ ഡോ. ജി ബൈജു ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
തിരുവനന്തപുരം ലയോള സ്കൂൾ പ്രിൻസിപ്പൽ ഫാ. സാൽവിൻ അഗസ്റ്റിൻ എസ്.ജെ അധ്യക്ഷത വഹിച്ച ചടങ്ങിൽ VSSC , തിരുവനന്തപുരം ഗ്രൂപ്പ് ഡയക്ടർ ഹരികൃഷ്ണൻ, അബ്ഗ ആർ, വിജ്ഞാനഭാരതി ദക്ഷിണേന്ത്യ ഓർഗനൈസിങ് സെക്രട്ടറി എന്നിവരും വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സ്‌പേസ് ഓൺ വീൽസ് സ്‌പേസ് എക്‌സിബിഷൻ ഒക്ടോബർ 18, 19 തീയതികളിൽ പട്ടം സെന്റ് മേരീസ് സ്‌കൂളിലും, 25, 26 തീയതികളിൽ ആറ്റുകാൽ ചിന്മയ സ്കൂളിലും തുടർന്ന് 27ന് പാറശ്ശാല ഭാരതീയ വിദ്യാപീഠം സ്കൂളിലും നടക്കും.
സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഐഎസ്ആർഒയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തെക്കുറിച്ചും വിവരങ്ങൾ നൽകുന്നതിനായി വിജ്ഞാന ഭാരതി (VIBHA) 2023 ജനുവരി 24-ന് ഐഎസ്ആർഒയുടെ പ്രദർശന വാഹനമായ ‘സ്‌പേസ് ഓൺ വീൽസ്’ ഇന്ത്യയിലുടനീളമുള്ള സയൻസ് പ്രോഗ്രാമുകളിലും എക്‌സിബിഷനുകളിലും പങ്കിടുന്നതിന് ഐഎസ്ആർഒ -യുമായി ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു.
2023 ഓഗസ്റ്റ് 15-ന് മഹാരാഷ്ട്രയിൽ ഫ്ലാഗ് ഓഫ് ചെയ്തതിനുശേഷം ഏകദേശം ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ ‘സ്‌പേസ് ഓൺ വീൽസ്’ സന്ദർശിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലെ സ്‌കൂളുകളിൽ സ്‌പേസ് ഓൺ വീൽസ് എത്തും. സ്പേസ് ഓൺ വീൽസ് സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സ്കൂളുകൾക്ക് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 9744768005, 8301903566