ബഹിരാകാശ മേഘത്തിലെ തണുത്തുറഞ്ഞ ഹൃദയത്തിന്‍റെ ചിത്രവുമായി ജെയിംസ് വെബ്ബ്
ഹൈഡ്രജനും കാര്‍ബണ്‍ മോണോസൈഡും നിര്‍മ്മിക്കാന്‍ സാധിക്കുന്ന ധൂമപടലങ്ങളുടെ മേഘമാണ് കണ്ടെത്തിയിട്ടുള്ളത്. ഇവ നിര്‍മ്മിതമായിട്ടുള്ളത് പൊടിയും വാതകങ്ങളും നിറഞ്ഞാണ്. ചിത്രമടങ്ങിയ പഠനങ്ങള്‍ ജേണല്‍ ഓഫ് നേച്ചര്‍ ആസ്ട്രോണമി തിങ്കളാഴ്ചയാണ് പ്രസിദ്ധീകരിച്ചത്
ന്യൂയോര്‍ക്ക്: ഭൂമിയില്‍ നിന്ന് 630 പ്രകാശവര്‍ഷം അകലെയുള്ള കണികകളുടെ പടലവും വിവധ വസ്തുക്കളാല്‍ നിര്‍മ്മിതമായ ഐസ് സമാന പദാര്‍ത്ഥത്തിന്‍റേയും ചിത്രം പുറത്ത് വിട്ട് സ്പേയ്സ് ടെലസ്കോപായ ജെയിംസ് വെബ്ബ്. ഹൈഡ്രജനും കാര്‍ബണ്‍ മോണോസൈഡും നിര്‍മ്മിക്കാന്‍ സാധിക്കുന്ന ധൂമപടലങ്ങളുടെ മേഘമാണ് കണ്ടെത്തിയിട്ടുള്ളത്. ഇവ നിര്‍മ്മിതമായിട്ടുള്ളത് പൊടിയും വാതകങ്ങളും നിറഞ്ഞാണ്. ചിത്രമടങ്ങിയ പഠനങ്ങള്‍ ജേണല്‍ ഓഫ് നേച്ചര്‍ ആസ്ട്രോണമി തിങ്കളാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ചിത്രത്തിലുള്ള ഓറഞ്ച് പൊട്ടുകള്‍ നക്ഷത്രങ്ങളാണെന്നും പഠനം വിശദമാക്കുന്നു.
ഇവയുടെ പ്രകാശം മേഘപടലത്തിന് പുറത്തേക്ക് എത്തുന്നുണ്ട്. നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശമാണ് തണുത്തുറഞ്ഞ പദാര്‍ത്ഥങ്ങളിലെ വൈവിധ്യം തിരിച്ചറിയാന്‍ സഹായിച്ചതെന്ന് ഗവേഷകര്‍ വിശദമാക്കുന്നു. മനുഷ്യ നേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കാത്ത ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ ഉപയോഗിച്ചാണ് വെബ് ടെലിസ്കോപ് നിരീക്ഷണങ്ങള്‍ നടത്തുന്നത്. ജെയിംസ് വെബ് പുറത്ത് വിട്ട ചിത്രങ്ങളില്‍ നിന്ന് തണുത്തുറഞ്ഞ ചില മേഖലകളേക്കുറിച്ച് കൂടുതലറിയാന്‍ ഗവേഷകര്‍ക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. ജലം, അമോണിയ, മെഥനോള്‍, മീഥേയ്ന്‍, കാര്‍ബോണില്‍ സള്‍ഫൈഡ് എന്നിവയും ടെലസ്കോപിക് ചിത്രങ്ങളിലൂടെ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. തണുത്തുറഞ്ഞ ഈ കണികകള്‍ നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും രൂപീകരണത്തില്‍ നിര്‍ണായകമാണെന്നാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്.
ഗ്രഹങ്ങള്‍ക്ക് കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍, നൈട്രജന്‍, സള്‍ഫര്‍ പോലുള്ളവ ഇത്തരം തണുത്തുറഞ്ഞ മേഖലയിലെ കണികകള്‍ നല്‍കിയിരിക്കാമെന്നാണ് നിരീക്ഷണം. വിദൂര ഗ്രഹങ്ങളിലെ അന്തരീക്ഷം വിശകലനം ചെയ്യാനുള്ള ജെയിംസ് വെബ്ബിന്റെ അഭൂതപൂർവമായ കഴിവ് തെളിയിക്കുന്നതാണ് നിരീക്ഷണം. മൂന്ന് പതിറ്റാണ്ടോളം സമയമെടുത്താണ് ജെയിംസ് വെബ്ബ് ബഹിരാകാശ ദൂരദര്‍ശിനി നിര്‍മ്മിച്ചത്. ഇന്‍ഫ്രാറെഡ് സാങ്കേതിക വിദ്യയിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. തമോഗര്‍ത്തങ്ങള്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, ജീവോല്‍പ്പത്തി എന്നിവയേക്കുറിച്ചെല്ലാം പഠിക്കാന്‍ സഹായിക്കുന്ന ഈ ബഹിരാകാശ ദൂരദര്‍ശിനിയുടെ നിര്‍മാണ് പൂര്‍ത്തിയായത് 2017ലാണ്.
2021ലാണ് ഇത് ലോഞ്ച് ചെയ്തത്. 1960കളില്‍ നാസയിലെ അഡ്മിനിസ്ട്രേറ്ററായിരുന്നു ജെയിംസ് ഇ വെബ്ബിന്‍റെ പേരാണ് ഈ ബഹിരാകാശ ദൂരദര്‍ശിനിക്ക് നല്‍കിയിട്ടുള്ളത്. 6200 കിലോഗ്രാമാണ് ഇതിന്‍റെ ഭാരം. മൈനസ് 230സെല്‍ഷ്യസ് വരെ ഇതിന്‍റെ പ്രവര്‍ത്തനം സുഗമമായി നടക്കും. 6.5 മീറ്റര്‍ മിറര്‍ സൈസുള്ള ജെയിംസ് വെബ്ബ് 10 വര്‍ഷം വരെ പ്രവര്‍ത്തിപ്പിക്കാം. 460 കോടി വര്‍ഷം വരെ പഴക്കമുള്ള നക്ഷത്ര സമൂഹങ്ങളുടെയടക്കം ചിത്രങ്ങള്‍ ജെയിംസ് വെബ്ബ് എടുത്തത് നാസ നേരത്തെ പുറത്ത് വിട്ടിരുന്നു.
നിർണായകമായ നേട്ടവുമായ ജെയിംസ് വെബ്; ഭൂമിക്ക് പുറത്ത് ജലസാധ്യതയുള്ള ഗ്രഹം കണ്ടെത്തി