അഞ്ച് പിഎസ്എൽവി, രണ്ട് എസ്എസ്എൽവി, ഒരു ജിഎസ്എൽവി മാർക്ക് ത്രീ; 2022ൽ ആകെ പത്ത് വിക്ഷേപണങ്ങൾ ലക്ഷ്യമിട്ട് ഇസ്രൊ
ഗഗൻയാൻ പദ്ധതിയിൽ രണ്ട് ദൗത്യങ്ങളാണ് 2022-23 സാമ്പത്തിക വർഷം ലക്ഷ്യമിടുന്നത്. ക്രൂ എസ്കേപ്പ് സിസ്റ്റവും, പാരച്യൂട്ട് സംവിധാനവും ഈ വർഷം തന്നെ പരീക്ഷിക്കുമെന്നാണ് ബഹിരാകാശ വകുപ്പിന്‍റെ പ്രതീക്ഷിത ഫിനാൻഷ്യൽ ഔട്ട്ലേയിൽ പ്രതീക്ഷിക്കുന്നത്.
ദില്ലി: 2022-2023 സാമ്പത്തിക വർഷത്തിൽ ഐഎസ്ആർഒയ്ക്ക് (ISRO) മുമ്പിലുള്ളത് വലിയ ലക്ഷ്യങ്ങൾ. കേന്ദ്ര ബജറ്റ് (Budget) അനുസരിച്ച് പത്ത് വിക്ഷേപണ ദൗത്യങ്ങളാണ് ഈ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത്. ഇതിൽ രണ്ട് നിർണ്ണായക ഗഗൻയാൻ ദൗത്യങ്ങളും ഉൾപ്പെടുന്നുണ്ട്. അഞ്ച് പിഎസ്എൽവി ദൗത്യങ്ങളും, രണ്ട് ജിഎസ്എൽവി ദൗത്യങ്ങളും, ഒരു ജിഎസ്എൽവി മാർക്ക് ത്രീ ദൗത്യവുമാണ് ഇസ്രൊ ലക്ഷ്യമിടുന്നത്. ബഹിരാകാശ വകുപ്പിന്‍റെ ഔട്ട്കം ബജറ്റിലാണ് ഈ ലക്ഷ്യങ്ങൾ അക്കമിട്ട് നിരത്തിയിട്ടുള്ളത്.
മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ പദ്ധതിയിൽ രണ്ട് ദൗത്യങ്ങളാണ് 2022-23 സാമ്പത്തിക വർഷം ലക്ഷ്യമിടുന്നത്. ക്രൂ എസ്കേപ്പ് സിസ്റ്റവും, പാരച്യൂട്ട് സംവിധാനവും ഈ വർഷം തന്നെ പരീക്ഷിക്കുമെന്നാണ് ബഹിരാകാശ വകുപ്പിന്‍റെ പ്രതീക്ഷിത ഫിനാൻഷ്യൽ ഔട്ട്ലേയിൽ പ്രതീക്ഷിക്കുന്നത്.
ഗഗൻയാന് പുറമേ രണ്ട് ഉപഗ്രങ്ങഹളുടെ നിർമ്മാണത്തിനും ഈ സാമ്പത്തിക വർഷം അനുമതിയായിട്ടുണ്ട്. ഒരു ഭൗമ നിരീക്ഷണ ഉപഗ്രഹവും ഒരു ഗതിനിർണ്ണയ ഉപഗ്രഹവും (Navigation Satellite) ഈ സാമ്പത്തിക വർഷം വികസിപ്പിക്കണം.
ഇന്ത്യയുടെ പുതിയ വിക്ഷേപണ വാഹനമായ എസ്എസ്എൽവി ( സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) പരീക്ഷണ വിക്ഷേപണവും 2022-2023 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്നു. എസ്എസ്എൽവിയുടെ രണ്ട് ദൗത്യങ്ങളാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് എസ്എസ്എൽവി ദൗത്യങ്ങൾ അടക്കം ആകെ 10 വിക്ഷേപണ ദൗത്യങ്ങളാണ് 2022-2023ൽ പ്രതീക്ഷിക്കുന്നത്. അഞ്ചെണ്ണം നേരത്തെ പറഞ്ഞത് പോലെ തന്നെ പിഎസ്എൽവി ദൗത്യങ്ങളാണ്. ഒന്ന് ജിഎസ്എൽവി മാർക്ക് ത്രീ ദൗത്യവും രണ്ടെണ്ണം ജിഎസ്എൽവി (മാർക്ക് 2) ദൗത്യങ്ങളും. കഴിഞ്ഞ വർഷം ജിഎസ്എൽവി ( മാർക്ക് 2) ദൗത്യം പരാജയപ്പെട്ടതിന് ശേഷം ഐഎസ്ആർഒ ഒരു വിക്ഷേപണവും നടത്തിയിട്ടില്ല.
2022ലെ ആദ്യ ദൗത്യം ഫെബ്രുവരിയിൽ തന്നെ ഉണ്ടാകുമെന്നാണ് ഇസ്രൊ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. പിഎസ്എൽവി സി 52 ദൗത്യമാണ് ഉടൻ പ്രതീക്ഷിക്കുന്നത്. റിസാറ്റ് ശ്രേണിയിലുള്ള ഉപഗ്രഹമായിരിക്കും ദൗത്യത്തിലൂടെ വിക്ഷേപിക്കുക. റഡാർ ഇമേജിംഗ് ഉപഗ്രഹമാണ് ഇത്. താഴ്ന്ന ഭൂ ഭ്രമണപഥത്തിലായിരിക്കും ഉപഗ്രഹം സ്ഥാപിക്കുക. 2009ലാണ് റിസാറ്റ് ശ്രേണിയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്.
ഇതിന് ശേഷം വരുന്ന ദൗത്യത്തിൽ ഓഷ്യൻസാറ്റ് ശ്രേണിയിലെ ഉപഗ്രഹവും ഇന്ത്യയിൽ നിന്നുള്ള ഒരു സ്വകാര്യ കമ്പനിയുടെ ആദ്യ ഉപഗ്രഹമായ ആനന്ദും ഈ ദൗത്യത്തിന്‍റെ ഭാഗമാകുമെന്നാണ് വിവരം. നേരത്തെ പിഎസ്എൽവി സി 51 ദൗത്യത്തിന്‍റെ ഭാഗമായി ഈ ഉപഗ്രവും വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം സാങ്കേതിക തകരാർ മൂലം ഈ നീക്കം ഉപേക്ഷിച്ചിരുന്നു. പിക്സൽ ഇന്ത്യയാണ് ഉപഗ്രഹത്തിന്‍റെ നിർമ്മാതാക്കൾ.
കൊവിഡ് കാലത്ത് താളം തെറ്റിയ ദൗത്യ പദ്ധതികളെ വീണ്ടും ട്രാക്കിലാക്കാനുള്ള പരിശ്രമത്തിലാണ് ഇസ്രൊ. അടുത്ത മൂന്ന് മാസത്തിനിടെ അഞ്ച് ദൗത്യങ്ങളാണ് ബഹിരാകാശ ഏജൻസി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.