കാത്തിരിപ്പ് നീളും; ഐഎസ്ആര്‍ഒ സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം അവസാന നിമിഷം മാറ്റി
ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ബഹിരാകാശ ഡോക്കിംഗ് തത്സമയം കാണാന്‍ കാത്തിരിക്കണം, പരീക്ഷണം നീട്ടിവച്ച് ഇസ്രൊ
ബെംഗളൂരു: ഐഎസ്ആര്‍ഒ ഇന്ത്യന്‍ ചരിത്രത്തിലെ കന്നി ബഹിരാകാശ ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് (Space Docking Experiment) നീട്ടിവച്ചു. നാളെ നടക്കേണ്ടിയിരുന്ന സ്പേഡെക്‌സ് പരീക്ഷണം ഇനി വ്യാഴാഴ്‌ചയാണ് നടക്കുക എന്നാണ് ഇസ്രൊയുടെ അറിയിപ്പ്. ഐഎസ്ആര്‍ഒ 2024 ഡിസംബര്‍ 30ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് എന്നീ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെയാണ് അതിസങ്കീര്‍ണമായ പരീക്ഷണത്തില്‍ ബഹിരാകാശത്ത് വച്ച് ഒന്നാക്കി മാറ്റേണ്ടത്.
ഐഎസ്ആര്‍ഒ 2024 ഡിസംബര്‍ 30-ാം തിയതി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് പിഎസ്എല്‍വി-സി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിച്ചത്. ഏതാണ്ട് 220 കിലോഗ്രാം വീതം ഭാരമുള്ള എസ്‌ഡിഎക്‌സ്01 (SDX01-ചേസര്‍), എസ്‌ഡിഎക്‌സ്02 (SDX02- ടാര്‍ഗറ്റ്) എന്നീ ഉപഗ്രഹങ്ങളാണ് ഈ പരീക്ഷണ ദൗത്യത്തിലുള്ളത്. 20 കിലോമീറ്റര്‍ അകലത്തില്‍ വിക്ഷേപിക്കപ്പെട്ട ഈ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള വ്യത്യാസം 5 കിലോമീറ്റര്‍, 1.5 കിലോമീറ്റര്‍, 500 മീറ്റര്‍, 15 മീറ്റര്‍, 3 മീറ്റര്‍ എന്നിങ്ങനെ സാവധാനം കുറച്ചുകൊണ്ടുവന്നാണ് ഒടുവില്‍ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുക (ഡോക്കിംഗ്).
സ്പേഡെക്‌സ് ഡോക്കിംഗ് വിജയിപ്പിച്ചാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ മാത്രം രാജ്യമെന്ന ഖ്യാതി ഇന്ത്യ നേടും. ഇതിന് മുമ്പ് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമേ ബഹിരാകാശ ഡോക്കിംഗ് ടെക്നോളജി വിജയിപ്പിച്ചിട്ടുള്ളൂ. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീഷ സ്റ്റേഷന്‍റെ നിര്‍മാണത്തിന് സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ ഐഎസ്ആര്‍ഒയ്ക്ക് അനിവാര്യമാണ്. സ്പേഡെക്‌സ് സാറ്റ്‌ലൈറ്റ് ഡോക്കിംഗിനായി ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ലൈവ് സ്ട്രീമിങ് ഫീഡ് വരെ ഇസ്രൊ ആരംഭിച്ച ശേഷമാണ് പരീക്ഷണം മാറ്റിവച്ചത്. എന്താണ് ബഹിരാകാശ ഡോക്കിംഗ് പരീക്ഷണം ഇസ്രൊ നീട്ടിവയ്ക്കാനുള്ള കാരണം എന്ന് വ്യക്തമല്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം