എലൈറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ ഇന്ത്യ; 'സ്‌പാഡെക്സ്' ഡോക്കിംഗ് പരീക്ഷണത്തിന് ഐഎസ്ആര്‍ഒ

220 കിലോഗ്രാം വീതം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കാന്‍ ഇസ്രൊ, സ്‌പാഡെക്സ്' ഡോക്കിംഗ് പരീക്ഷണ തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തില്‍

ISRO SpaDeX mission launching with PSLV C60 at last preparation stage

ശ്രീഹരിക്കോട്ട: ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇടംപിടിക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പുകളില്‍ ഇന്ത്യന്‍ സ്പേസ് ഏജന്‍സിയായ ഐഎസ്ആര്‍ഒ. ഇന്ത്യയുടെ ഡോക്കിംഗ് പരീക്ഷണമായ 'സ്‌പാഡെക്സ്' ദൗത്യം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകള്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ പുരോഗമിക്കുകയാണ്. വിക്ഷേപണ വാഹനമായ പിഎസ്എല്‍വി-സി60 ആദ്യ ലോഞ്ചിംഗ് പാഡിലെത്തിച്ചു. 

ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ സ്വപ്നങ്ങളും ശിരസിലേറി രണ്ട് ബഹിരാകാശ പേടകങ്ങളുമായി പിഎസ്എല്‍വി-സി60 റോക്കറ്റ് കുതിച്ചുയരും. ഭാവി ചാന്ദ്രദൗത്യങ്ങളിലും ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍റെ നിര്‍മാണത്തിനും അനിവാര്യമായ സാങ്കേതികവിദ്യയായ ഡോക്കിംഗിന്‍റെ ചരിത്ര പരീക്ഷണമാണ് സ്‌പാഡെക്സ് ദൗത്യം. പിഎസ്എല്‍വി-സി60 റോക്കറ്റ് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ 470 കിലോമീറ്റര്‍ ഉയരത്തിലുള്ള സര്‍ക്കുലര്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ വച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ഇസ്രൊയുടെ ലക്ഷ്യം. എസ്‌ഡിഎക്‌സ്01 (SDX01-ചേസര്‍), എസ്‌ഡിഎക്‌സ്02 (SDX02- ടാര്‍ഗറ്റ്) എന്നിങ്ങനെയാണ് ഈ ഉപഗ്രഹങ്ങളുടെ പേര്. രണ്ട് ഉപഗ്രഹങ്ങള്‍ക്കും ഏതാണ് 220 കിലോ വീതമാണ് ഭാരം. ഒറ്റ വിക്ഷേണത്തിന് ശേഷം ഈ പേടകങ്ങള്‍ തമ്മിലുള്ള അകലം പതിയെ കുറച്ചുകൊണ്ടുവന്നാണ് കൂട്ടിയോജിപ്പിക്കുക.

ഇന്ത്യ വിഭാവനം ചെയ്യുന്ന സ്വന്തം ബഹിരാകാശ നിലയത്തിന്‍റെ (ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ) ഡോക്കിംഗിന് മുന്നോടിയായുള്ള നിര്‍ണായക പരീക്ഷണമായി സ്‌പാഡെക്സിനെ കണക്കാക്കുന്നു. സ്പാഡെക്സ് പരീക്ഷണം വിജയമായാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ മാത്രം രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, റഷ്യ, ചൈന എന്നീ വമ്പന്‍മാരുടെ കൈവശം മാത്രമാണ് നിലവില്‍ ഈ സാങ്കേതികവിദ്യയുള്ളത്. വിവിധ ഘട്ടങ്ങളായുള്ള വിക്ഷേപണങ്ങളിലൂടെയാണ് ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍റെ ഭാഗങ്ങളെ ബഹിരാകാശത്ത് വച്ച് ഇസ്രൊയ്ക്ക് കൂട്ടിച്ചേര്‍ക്കേണ്ടത്. ഇതിന് ഡോക്കിംഗ് സാങ്കേതികവിദ്യ അനിവാര്യമായിത്തീരുന്നു. ചന്ദ്രയാന്‍റെ അടുത്ത ഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗന്‍യാനും ഡോക്കിംഗ് സാങ്കേതികവിദ്യ കരുത്താകും. 

Read more: വൈദ്യുതി പോയി, പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു; പൊളാരിസ് ഡോൺ ദൗത്യം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios