സഞ്ചാരം തുടർന്ന് ചന്ദ്രയാൻ 3; നാലാം ഭ്രമണപഥ ഉയർത്തൽ വിജയം, ഇനി ബാക്കിയുള്ളത് ഒരു ഭ്രമണപഥ ഉയർത്തൽ മാത്രം
ജൂലൈ 25ന് ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയ്ക്കാണ് അവസാന ഉയർത്തൽ നടക്കുക. ആഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും.
തിരുവനന്തപുരം: ചന്ദ്രയാൻ മൂന്നിന്‍റെ നാലാം ഘട്ട ഭ്രമണപഥ ഉയർത്തൽ വിജയം. ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും മുമ്പ് ഇനി ഒരു ഭ്രമണപഥ മാറ്റം മാത്രമാണ് ബാക്കിയുള്ളത്. ജൂലൈ 25ന് ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയ്ക്കാണ് അവസാന ഉയർത്തൽ നടക്കുക. ആഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ആഗസ്റ്റ് അഞ്ചിനോ ആറിനോ ആയിരിക്കും പേടകം ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കുക.
ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടും. ആഗസ്റ്റ് 17നായിരിക്കും ഇത് നടക്കുക. പിന്നെ മുന്നിലുള്ളത് സോഫ്റ്റ് ലാൻഡിങ്ങ്. ആഗസ്റ്റ് 23ന് വൈകിട്ട് 5.47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്. ബെംഗളൂരു ഇസ്ട്രാക്കിലെ കൺട്രോൾ സെന്ററിൽ നിന്നാണ് പേടകത്തിന് നിർദ്ദേശങ്ങൾ നൽകുന്നത്.
Also Read: സജീവമാകാന്‍ അനില്‍ ആന്‍റണി, പ്രധാനമന്ത്രിയെ നേരില്‍ കണ്ടു; കേരളത്തിലെ സാഹചര്യം ചർച്ചയായി
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് യു ഗർത്തത്തിന് അടുത്താണ് ചന്ദ്രയാൻ ലാൻഡർ ഇറങ്ങാൻ പോകുന്നത്. ലാൻഡിങ്ങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക് വരും. ലാൻഡറിലെ ശാസ്ത്ര ഉപകരണങ്ങൾ പ്രവർത്തിച്ച് തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..