സ്പേഡെക്സ് ദൗത്യം: പിഎസ്എൽവി സി60നൊപ്പം കുതിക്കാന്‍ തിരുവനന്തപുരം ഐഐഎസ്‍ടിയുടെ 'ഗ്രേസ്'
ഐഎസ്ആര്‍ഒ 2024 ഡിസംബര്‍ 30ന് സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന പിഎസ്എൽവി സി60 ദൗത്യത്തിലുമുണ്ട് ഭാവി ബഹിരാകാശ ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്ന IISTയുടെ സാന്നിധ്യം
തിരുവനന്തപുരം: ഐഎസ്ആർഒയുടെ സ്വന്തം കൽപ്പിത സർവകലാശാലയാണ് തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി (ഐഐഎസ്‍ടി). ഭാവി ബഹിരാകാശ ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്ന പാഠശാല. ഇവിടുത്തെ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത പല പരീക്ഷണങ്ങളും ഇതിനോടകം ബഹിരാകാശത്ത് എത്തിക്കഴിഞ്ഞു. ഡിസംബർ മുപ്പതിന് നടക്കാൻ പോകുന്ന ഇസ്രൊയുടെ പിഎസ്എൽവി സി60 ദൗത്യത്തിലുമുണ്ട് അങ്ങനെയൊരു പരീക്ഷണം.
ഐഎസ്ആര്‍ഒയുടെ പിഎസ്എൽവി സി60 ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം സ്പേഡെക്സ് ഉപഗ്രഹങ്ങളുടെ വിക്ഷേപണമാണ്. പക്ഷേ ആ ദൗത്യത്തിൽ സഹയാത്രികരായി 24 ചെറുപരീക്ഷണങ്ങളും കൂടിയുണ്ട്. അതിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് തിരുവനന്തപുരത്തെ ഐഐഎസ്‍ടി വിദ്യാർഥികളുടെ പൈലറ്റ് ടു അഥവാ ഗ്രേസ് എന്ന പേ ലോഡ്.
ക്യൂബ് സാറ്റുകളുമായി ആശയവിനിമയം നടത്താൻ വിദ്യാർത്ഥികൾ തന്നെ ഡിസൈൻ ചെയ്ത പുതിയ കമ്മ്യൂണിക്കേഷൻ ബോർഡ്, ബഹിരാകാശ റേഡിയേഷൻ അളക്കാനുള്ള ഗെയ്ഗർ മുള്ളർ കൗണ്ടർ എന്നിവയുടെ പരീക്ഷണമാണ് പൈലറ്റ് ടുവിൽ നടക്കുക. ഭൂമിയിൽ വച്ച് നടത്തിയ പ്രോഗ്രാമിങിനെ ബഹിരാകാശത്ത് വച്ച് മാറ്റിപ്പണിയാൻ പറ്റുന്ന പ്രത്യേക ഓൺ ബോർഡ് കമ്പ്യൂട്ടറാണിത് എന്നതാണ് സവിശേഷത. ബഹിരാകാശത്തിരിക്കുന്ന ഉപഗ്രഹത്തിന്‍റെ പ്രവർത്തന രീതി അപ്പാടെ മാറ്റാൻ ഇത്തരം റീപ്രോഗ്രാമിംഗ് സാങ്കേതികവിദ്യ കൊണ്ട് സാധിക്കും. ഉപഗ്രഹങ്ങളുടെ ആയുസ് നീട്ടാമെന്നതാണ് ഇതിന്‍റെ എറ്റവും വലിയ ഗുണം. ഐഐഎസ്ടിയുടെ Small Spacecraft Systems and Payload Centre (SSPACE) ലാബിലാണ് പൈലറ്റ് ടു രൂപകൽപ്പന ചെയ്തത്. ഇതേ ലാബിൽ രൂപം കൊണ്ട പൈലറ്റ് വൺ പിഎസ്എൽവി സി 55 ദൗത്യത്തിന്‍റെ ഭാഗമായിരുന്നു.
വിക്ഷേപണം കഴിഞ്ഞ ശേഷം പിഎസ്എൽവി റോക്കറ്റിന്‍റെ നാലാംഘട്ടത്തെ ബഹിരാകാശത്ത് നിലനിർത്തി പരീക്ഷണങ്ങൾ നടത്താൻ അവസരമൊരുക്കുന്ന ഐഎസ്ആർഒയുടെ POEM പദ്ധതിയാണ് ഇത്തരം ചെറു പരീക്ഷണങ്ങൾ നടത്താനുള്ള അവസരമൊരുക്കുന്നത്. ഒരു ഉപഗ്രഹം നിർമ്മിച്ച് വിക്ഷേപിക്കുന്നതിന്‍റെ ചെലവില്ലാതെ തന്നെ സാങ്കേതിക സംവിധാനങ്ങൾ ബഹിരാകാശത്തേക്ക് അയക്കാമെന്നതാണ് പോയമിന്‍റെ ഗുണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം