SSLV Launch Soon : വരുന്നൂ എസ്എസ്എൽവി; ഇസ്രൊയുടെ പുതിയ റോക്കറ്റിന്‍റെ നിർണ്ണായക പരീക്ഷണം വിജയകരം
മൂന്ന് ഖരഇന്ധന ഘട്ടങ്ങളുള്ള ചെറു റോക്കറ്റാണ് സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ അഥവാ എസ്എസ്എൽവി. റോക്കറ്റിന്റെ അവസാനത്തെ ഘട്ടത്തിൽ ദ്രവ ഇന്ധനം ഉപയോഗിക്കുന്ന ഒരു വേഗത നിയന്ത്രണ എഞ്ചിനും ( വെലോസിറ്റി ട്രിമിംഗ് മൊഡ്യൂൾ) ഉണ്ട്.
ബെംഗളൂരു: ഐഎസ്ആർഒയുടെ (ISRO) പുതിയ വിക്ഷേപണ വാഹനം എസ്എസ്എൽവി (SSLV) ആദ്യ വിക്ഷേപണം ഉടൻ. പുതിയ റോക്കറ്റിന്റെ ആദ്യ ഖര ഇന്ധന ഘട്ടത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി. തിങ്കളാഴ്ച രാവിലെ 12.05ന് ശ്രീഹരിക്കോട്ടയിൽ വച്ചായിരുന്നു ഒന്നാം സോളിഡ് ബൂസ്റ്റർ സ്റ്റേജ് പരീക്ഷണം. റോക്കറ്റിന്റെ മറ്റ് ഭാഗങ്ങളുടെ പരീക്ഷണം നേരത്തെ നടന്നിരുന്നു. ആദ്യ വിക്ഷേപണത്തിന് മുന്നോടിയായുള്ള നിർണ്ണായക പരീക്ഷണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണം മേയിൽ ഉണ്ടാകുമെന്നാണ് ഐഎസ്ആർഒ അറിയിക്കുന്നത്.
മൂന്ന് ഖരഇന്ധന ഘട്ടങ്ങളുള്ള ചെറു റോക്കറ്റാണ് സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ അഥവാ എസ്എസ്എൽവി. റോക്കറ്റിന്റെ അവസാനത്തെ ഘട്ടത്തിൽ ദ്രവ ഇന്ധനം ഉപയോഗിക്കുന്ന ഒരു വേഗത നിയന്ത്രണ എഞ്ചിനും ( വെലോസിറ്റി ട്രിമിംഗ് മൊഡ്യൂൾ) ഉണ്ട്. അഞ്ഞൂറ് കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹത്തെ താഴ്ന്ന ഭൂ ഭ്രമണപഥത്തിൽ ( low Earth orbit ) സ്ഥാപിക്കാൻ എസ്എസ്എൽവിക്കാവും. 34 മീറ്റർ ഉയരവും, രണ്ട് മീറ്റർ വ്യാസവുമുള്ള എസ്എസ്എൽവിയുടെ ഭാരം 120 ടണ്ണാണ്. 2018 ഡിസംബറിലാണ് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെൻ്റർ വിക്ഷേപണ വാഹനത്തിന്റെ അന്തിമ രൂപരേഖ തയ്യാറാക്കിയത്.
പിഎസ്എൽവിയേക്കാൾ കുറഞ്ഞ ചിലവിൽ ചെറു ഉപഗ്രഹങ്ങളെ വിക്ഷേപിക്കുകയെന്നതാണ് എസ്എസ്എൽവി പദ്ധതിയുടെ ലക്ഷ്യം. ഒരു എസ്എസ്എൽവി നിർമ്മിക്കാൻ 30 കോടി മുതൽ 35 കോടി രൂപ വരെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇസ്രൊയുടെ മറ്റ് വിക്ഷേപണ വാഹനങ്ങളായ പിഎസ്എൽവിയെയും ജിഎസ്എൽവിയെയും അപേക്ഷിച്ച് വളരെ കുറച്ച് സമയം കൊണ്ട് ഒരു എസ്എസ്എൽവി വിക്ഷേപണത്തിന് തയ്യാറാക്കമെന്നതും മുതൽകൂട്ടാണ്.
എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണങ്ങൾ ഐസ്ആർഒ തന്നെയായിരിക്കുന്ന നടത്തുകയെങ്കിലും ഭാവിയിൽ ഈ റോക്കറ്റിന്റെ നിർമ്മാണം അടക്കം സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് പദ്ധതി. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്ന ഇസ്രൊയുടെ വാണിജ്യ വിഭാഗമായിരിക്കും എസ്എസ്എൽവിയുടെ വിപണി സാധ്യതകൾ പ്രയോജനപ്പെടുത്തുക.
ഏത് ഉപഗ്രഹമാണ് ഐഎസ്ആർഒ എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണത്തിൽ പേ ലോഡായി അയക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല. ഇഒഎസ് 02 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹമോ ഏതെങ്കിലും ഒരു മൈക്രോ സാറ്റോ ആയിരിക്കും ഇതെന്നാണ് ലഭിക്കുന്ന വിവരം.
ഗഗൻയാനും, ചന്ദ്രയാനും, ആദിത്യയും പിന്നെ എസ്എസ്എൽവിയും; ഭാവി ദൗത്യങ്ങളെ പറ്റി വിഎസ്എസ്‍സി മേധാവി