ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻ്റർ തലപ്പത്ത് മാറ്റം; എസ് ഉണ്ണിക്കൃഷ്ണന് പകരം ഇനി ഉമാമഹേശ്വരൻ മേധാവി
കഴിഞ്ഞ ജനുവരിയിൽ എസ് സോമനാഥ് ഐഎസ്ആർഒ മേധാവിയായപ്പോൾ ഉണ്ണിക്കൃഷ്ണനെ വിഎസ്‍എസ്‍സി മേധാവിയാക്കിയിരുന്നു. അന്ന് ഇരു കേന്ദ്രങ്ങളുടെയും ചുമതല ഉണ്ണിക്കൃഷ്ണന് തന്നെ നൽകിക്കൊണ്ടായിരുന്നു ഉത്തരവ്.
ബെംഗളൂരു: ഗഗൻയാൻ ദൗത്യത്തിന് ചുക്കാൻ പിടിക്കുന്ന ഐഎസ്ആർഒയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ തലപ്പത്ത് മാറ്റം. ആർ ഉമാമഹേശ്വരനെ എച്ച്എസ്എഫ്‍സി ഡയറക്ടറായി നിയമിച്ചു. 2019ൽ കേന്ദ്രം രൂപീകരിച്ചത് മുതൽ മലയാളിയായ എസ് ഉണ്ണിക്കൃഷ്ണനായിരുന്നു എച്ച്എസ്എഫ്‍സി മേധാവി. കഴിഞ്ഞ ജനുവരിയിൽ എസ് സോമനാഥ് ഐഎസ്ആർഒ മേധാവിയായപ്പോൾ ഉണ്ണിക്കൃഷ്ണനെ വിഎസ്‍എസ്‍സി മേധാവിയാക്കിയിരുന്നു. അന്ന് ഇരു കേന്ദ്രങ്ങളുടെയും ചുമതല ഉണ്ണിക്കൃഷ്ണന് തന്നെ നൽകിക്കൊണ്ടായിരുന്നു ഉത്തരവ്. ഈ തീരുമാനത്തിനാണ് മാറ്റം വന്നിരിക്കുന്നത്.
നിലവിൽ ഇസ്രൊ സയന്‍റിഫിക് സെക്രട്ടറിയാണ് ആർ ഉമാമഹേശ്വരന്. 1985ൽ ഇലക്രോണിക്സ് ആൻ കമ്മ്യൂണിക്കേഷൻ ബിടെക്ക് പൂർത്തിയാക്കിയ ശേഷം 1987ൽ വിഎസ്‍എസ്‍സിയിലൂടെയാണ് ഉമാമഹേശ്വരൻ ഇസ്രൊയിലെത്തുന്നത്. 2007ൽ എംഎസ്‍സി സോഫ്റ്റ്വെയർ സിസ്റ്റംസ് പൂർത്തിയാക്കി. റഷ്യൻ ഭാഷയിലും ബിരുദാനന്തര ബിരുദമുണ്ട് ആർ ഉമാമഹേശ്വരന്.
ജിഎസ്എൽവി വികസനത്തിൽ നിർണ്ണായക പങ്കുവഹിച്ചയാളാണ്. രാജ്യം സ്വയം വികസിപ്പിച്ച ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ച ജിഎസ്എൽവി ഡി 5 ദൗത്യത്തിന്‍റ വെഹിക്കിൾ ഡയറക്ടറായിരുന്നു. വിഎസ്‍എസ്‍സിയിൽ എവിയോണിക്സ് വിഭാഗം ഉപമേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2018ലാണ് ഇസ്രൊ സയന്‍റിഫിക് സെക്രട്ടറിയായി നിയമിതനാകുന്നത്. നയ രൂപീകരണത്തിലും വിദേശ ഏജൻസികളുമായുള്ള കരാറുകൾ രൂപപ്പെടുത്തുന്നതിലും നിർണ്ണായ പങ്ക് വഹിച്ചയാളാണ് ഉമാമഹേശ്വര്ന്.
റഷ്യയുടെ റോസ്കോസ്മോസ്, ജപ്പാന്‍റെ ജാക്സ, യൂറോപ്പ്യൻ ബഹിരാകാശ ഏജൻസി, എന്നീ വിദേശ ഏജൻസികളുമായുള്ള ഇസ്രൊ സഹകരണത്തിന് മേൽനോട്ടം വഹിക്കുന്നയാളാണ്.
മറ്റ് രണ്ട് കേന്ദ്രങ്ങളുടെ തലപ്പത്ത് കൂടി മാറ്റമുണ്ടായിട്ടുണ്ട്.
ഐഎസ്ആർഒ ടെലിമെട്രി ആൻഡ് ട്രാക്കിംഗ് കമാൻഡ് നെറ്റ്‍വർക്ക് മേധാവിയായി ബിഎൻ രാമകൃഷ്ണയെ നിയമിച്ചു. നിലവിലെ മേധാവി വി വി ശ്രീനിവാസൻ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഡോ പ്രകാശ് ചൗഹാൻ നാഷണൽ റിമോട്ട് സെൻസിംഗ് സെന്‍റർ (NRSC) മേധാവിയാകും, നിലവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് മേധാവിയാണ്.
സപേസ് കമ്മീഷനും പുനസംഘടിപ്പിച്ചു
ഇസ്രൊ ചെയർമാൻ എസ് സോമനാഥ് തന്നെയാണ് സ്പേസ് കമ്മീഷൻ ചെയർമാൻ. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്ര, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവൻ, ഇൻസ്പേസ് ചെയർമാൻ പവൻ ഗോയങ്ക, മുൻ ഇസ്രൊ ചെയർമാൻമാരായ ഡോ കെ രാധാകൃഷ്ണൻ. എ എസ് കിരൺ കുമാർ, എന്നിവരടക്കം 14 പേരാണ് പുതിയ സ്പേസ് കമ്മീഷൻ അംഗങ്ങൾ.