ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ എംകെ വെങ്കിടകൃഷ്ണൻ അന്തരിച്ചു
ഐഎസ്ആർഒയിൽ നിന്നും വിരമിച്ചതിനു ശേഷം പിന്നീട് സ്വദേശമായ മുന്നൂർക്കോട്ടെ വീട്ടുവളപ്പിൽ ചെറിയ ഷെഡ്ഡ് കെട്ടി റോക്കറ്റുകൾക്കുള്ള ഇന്ധനം ഉൽപ്പാദിപ്പിക്കുകയായിരുന്നു
പാലക്കാട്: ഐഎസ്ആർഒ മുൻ ശാസ്ത്രഞ്ജൻ മുന്നൂർക്കോട് മാപ്പാട്ട് മഠം വെങ്കിടകൃഷ്ണൻ അന്തരിച്ചു. 80 വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബഹിരാകാശത്തിൽ പാലക്കാടിന്റെയും മുന്നൂർകോടിന്റെയും കയ്യൊപ്പ് പതിഞ്ഞത് എം.കെ. വെങ്കിടകൃഷ്ണൻ വഴിയാണ്. ചൊവ്വ പര്യവേഷണ പേടകം ഉൾപ്പെടെയുള്ള റോക്കറ്റുകൾക്ക് ബഹിരാകാശക്കുതിപ്പിനു വേണ്ടി ഖര ഇന്ധനം നിർമിച്ചു നൽകിയത് വെങ്കിടകൃഷ്ണനായിരുന്നു.
ഐഎസ്ആർഒയിൽ നിന്നും വിരമിച്ചതിനു ശേഷം പിന്നീട് സ്വദേശമായ മുന്നൂർക്കോട്ടെ വീട്ടുവളപ്പിൽ ചെറിയ ഷെഡ്ഡ് കെട്ടി റോക്കറ്റുകൾക്കുള്ള ഇന്ധനം ഉൽപ്പാദിപ്പിക്കുകയായിരുന്നു. ഇരുപതിലധികം റോക്കറ്റുകൾക്ക് ആവശ്യമായ ഇന്ധനം വെങ്കിടകൃഷ്ണൻ നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഇന്ത്യയുടെ ആകാശദൗത്യങ്ങളിൽ മാത്രമല്ല പ്രതിരോധ ആവശ്യങ്ങൾക്കും അദ്ദേഹം ഉൽപന്നങ്ങൾ നിർമിച്ചു നൽകിയിരുന്നു.