റിട്ടയർ ചെയ്തവർ പോലും തിരിച്ചെത്തി സഹായിച്ചു, ഓരോ ഇന്ത്യക്കാരും സന്തോഷിക്കുന്നു: ഇസ്രോ ചെയർമാൻ

ചന്ദ്രയാൻ മൂന്നിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്.

ISRO Chairman reacts on Chandrayaan 3 success ppp

ബെംഗളൂരു: ചന്ദ്രയാൻ മൂന്നിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്.  ഇത് തലമുറകളായുള്ള പ്രവർത്തനത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ ഒന്നിലും രണ്ടിലും പ്രവർത്തിച്ചവരുടെ കൂടി വിജയമാണിത്. റിട്ടയർ ചെയ്തവർ പോലും തിരിച്ചത്തി സഹായങ്ങൾ നൽകിയെന്നും ഇന്ത്യക്കാർക്കെല്ലാം അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.

സോമനാഥിന്റെ വാക്കുകൾ...

പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. ചന്ദ്രയാൻ മൂന്നിന്റെ പ്രൊജക്ട് ഡയറക്ടർ വീര മുത്തുവേൽ, അസോസിയേറ്റ് ഡയരക്ടർ കൽപ്പന, മിഷൻ ഓപ്പറേറ്റേഴ്സ് ഡയറക്ടർ ശ്രീകാന്ത്, സാറ്റ്ലൈറ്റ് നിർമിച്ച യുആർ റാവു സാറ്റ്ലൈറ്റ് സെന്റർ ഡയറക്ടർ ശങ്കരൻ എന്നിവർക്കെല്ലാം ഞാൻ നന്ദി രേഖപ്പെടുത്തുന്നു. പ്രധാനമന്ത്രി പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അവരുടെ കുടുംബത്തിനും ആശംസകൾ അറിയച്ചിട്ടുണ്ട്. ഇസ്രോയ്ക്ക് നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹത്തിന് നന്ദി പറയുന്നു. 

ഞങ്ങളോടൊപ്പം ദൌത്യത്തിനായി പ്രാർത്ഥിച്ച രാജ്യത്തിന്റെ എല്ലാ കോണുകളിലുള്ളവരോടും നന്ദി പറയുന്നു. ഇത് ഒറ്റയ്ക്കുള്ള വിജയമല്ല. തലമുറകളുടെ വിജയമാണ്. ചന്ദ്രയാൻ ഒന്നിന്റെയും രണ്ടിന്റെയും തുടർച്ചയാണിത്. ചന്ദ്രയാൻ ഒന്നിന്റെയും രണ്ടിന്റെയും പിന്നിൽ പ്രവർത്തിച്ചവരുടെയും കൂടി വിജയമാണിത്. ചന്ദ്രയാൻ രണ്ടിലെ പലരും മൂന്നിൽ പ്രവർത്തിച്ചത് ഉറക്കംപോലും ഇല്ലാതെയാണ്. ഓരോ തെറ്റും കണ്ടെത്തി അവർ തിരുത്തി. റിട്ടയർ ചെയ്തവർ പോലും ദൌത്യത്തിനായി പ്രവർത്തിച്ചു. സഹായകമായ മറ്റ് സ്പേസ് ഏജൻസികൾക്കും നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യ, സെൻസറുകൾ, ക്യാമറകൾ, വെലോസിറ്റി മീറ്റർ, മികച്ച റോക്കറ്റ്... ഇതെല്ലാം ഇന്ത്യയിൽ നിർമിച്ചതാണെന്നും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Read more:  ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ; ദേശീയപതാക വീശി ആഹ്ലാദം പങ്കിട്ട് പ്രധാനമന്ത്രി

ഓഗസ്റ്റ് 23 വൈകുന്നേരം ആറേ കാലോടെയാണ് ചന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ ഇറക്കി രാജ്യം ചരിത്രം കുറിച്ചത്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ - മൂന്ന്  നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ ചന്ദ്രോപരിതലത്തിൽ ഇറങ്ങി വിജയം കുറിക്കുകയായിരുന്നു. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. 

ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വ‍ര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്. 

ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയച്ചിരുന്നു. അതിന് ശേഷം പേടകത്തിലെ സോഫ്റ്റ്‍വെയറാണ് നിയന്ത്രണമേറ്റെടുത്തത്. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ടാണ് ലാൻഡിംഗ് പൂർത്തിയാക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരുന്നത്. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങൾ വച്ചാണ് ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios