വീണ്ടും ജെയിംസ് വെബ് ദൂരദർശിനി മാജിക്; ക്ഷീരപഥത്തിന് സമാനമായ ഗ്യാലക്സി കണ്ടെത്തി, കൂടെ അയല്‍ക്കാരും

ഭൂമി ഉള്‍പ്പെടുന്ന ക്ഷീരപഥത്തിന് സമാനമായ പിണ്ഡമാണ് രൂപീകരണ ഘട്ടത്തില്‍ ഫയര്‍ഫ്ലൈ സ്‌പാര്‍ക്കിളിന് ഗവേഷകര്‍ കണക്കാക്കുന്നത്

interesting finding Milky Way like Firefly Sparkle galaxy detected by James Webb Space Telescope

തിരുവനന്തപുരം: നമ്മുടെ ഭൂമി ഉള്‍പ്പെടുന്ന ക്ഷീരപഥത്തിന് സമാനമായ ഗ്യാലക്സിയെ കണ്ടെത്തി നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ്പ്. 600 ദശലക്ഷം വര്‍ഷങ്ങളായി പ്രപഞ്ചത്തിലുള്ള ഈ ഗ്യാലക്‌സിക്ക് നല്‍കിയിരിക്കുന്ന പേര് 'ഫയര്‍ഫ്ലൈ സ്‌പാര്‍ക്കിള്‍' (Firefly Sparkle) എന്നാണ്. ശാസ്ത്ര ജേണലായ നേച്ചര്‍ ഫയര്‍ഫ്ലൈ സ്‌പാര്‍ക്കിളിന്‍റെ കണ്ടെത്തല്‍ ഡിസംബര്‍ 11ന് പ്രസിദ്ധീകരിച്ചു. 

വീണ്ടും വിസ്‌മയമായിരിക്കുകയാണ് പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി. ക്ഷീരപഥത്തിന് സമാനമായ പിണ്ഡമാണ് രൂപീകരണ ഘട്ടത്തിലുള്ള ഫയര്‍ഫ്ലൈ സ്‌പാര്‍ക്കിളിന് കണക്കാക്കുന്നത്. പത്ത് സജീവ നക്ഷത്ര സമൂഹങ്ങളാല്‍ നിറഞ്ഞതാണ് ഫയര്‍ഫ്ലൈ സ്‌പാര്‍ക്കിള്‍ ഗ്യാലക്സി. ഈ പത്ത് ക്ലസ്റ്ററുകളെ കുറിച്ച് ഗവേഷകര്‍ വിശദമായി പഠിച്ചതായി നേച്ചറില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു. ഗുരുത്വാകര്‍ഷണം കാരണം നീണ്ട ഒരു കമാനമായാണ് ഫയര്‍ഫ്ലൈ സ്‌പാര്‍ക്കിള്‍ ഗ്യാലക്സി കാണുന്നത്. 

Read more: മാനത്തെ പൂത്തിരി! മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ വരെ; ജെമിനിഡ് ഉല്‍ക്കാവര്‍ഷം വരും ദിവസങ്ങളില്‍, എങ്ങനെ കാണാം?

'ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഫയര്‍ഫ്ലൈ സ്‌പാര്‍ക്കിള്‍ ഗ്യാലക്‌സിക്കുള്ളില്‍ വ്യത്യസ്തമായ നക്ഷത്ര സമൂഹങ്ങളെ ജെയിംസ് വെബിലെ ഡാറ്റ കാണിച്ചുതരുന്നു. പരിണാമത്തിന്‍റെ വിവിധ ഘട്ടങ്ങളിലൂടെയാണ് ഓരോ നക്ഷത്ര സമൂഹവും കടന്നുപോകുന്നത്' എന്നും കാനഡയിലെ ഹെർസ്‌ബെർഗ് അസ്‌ട്രോണമി ആൻഡ് ആസ്ട്രോഫിസിക്‌സ് റിസർച്ച് സെന്‍ററിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ക്രിസ് വില്ലോട്ട് പഠനത്തില്‍ പറയുന്നു. ഫയര്‍ഫ്ലൈ സ്‌പാര്‍ക്കിളിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ഭാവിയില്‍ പ്രതീക്ഷിക്കാം. 

ഫയർഫ്ലൈ സ്പാർക്കിള്‍ ഭാവിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകാന്‍ സാധ്യതയുണ്ട്. ഫയര്‍ഫ്ലൈ സ്‌പാര്‍ക്കിളില്‍ നിന്ന് 6,500, 42,000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന രണ്ട് ഗാലക്സികൾ കോടിക്കണക്കിന് വർഷങ്ങള്‍ നീണ്ട പരിണാമ പ്രക്രിയയെ സ്വാധീനിച്ചേക്കാം എന്നാണ് ഗവേഷകരുടെ നിരീക്ഷണം. പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ജെയിംസ് വെബ് ടെലിസ്‌കോപ്പിന്‍റെ മറ്റൊരു നിര്‍ണായക കണ്ടെത്തലായി മാറുകയാണ് ഫയര്‍ഫ്ലൈ സ്‌പാര്‍ക്കിള്‍. 

Read more: ചന്ദ്രനില്‍ ഇടിച്ചിറങ്ങി ഭീമന്‍ ഉല്‍ക്ക; ഫ്ലാഷ്‌ലൈറ്റ് പോലെ പൊട്ടിത്തെറി ക്യാമറയില്‍ പതിഞ്ഞു!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios