ആകെ 5 ഭാഗം, ഇന്ത്യന്‍ സ്പേസ് സ്റ്റേഷന്‍ 2035ല്‍ പൂര്‍ണസജ്ജം; ആദ്യ മൊഡ്യൂള്‍ വിക്ഷേപണം 2028ല്‍

കെട്ടിലും മട്ടിലും ബഹിരാകാശത്ത് വിസ്‌മയമാകാന്‍ 'ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍', ആദ്യ മൊഡ്യൂളിന്‍റെ രൂപരേഖയായി 

India space station to have 5 modules BAS 1 to take flight in 2028

ബെംഗളൂരു: 2035ല്‍ ഇന്ത്യ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കാന്‍ ലക്ഷ്യമിടുന്ന ബഹിരാകാശ നിലയത്തിനുണ്ടാവുക അഞ്ച് മൊഡ്യൂളുകള്‍. ഇതിലെ ആദ്യ ഭാഗം 2028ല്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കുമെന്ന് ഹ്യൂമണ്‍ സ്പേസ്‌ഫ്ലൈറ്റ് പ്രോഗ്രാം ഡയറക്ടര്‍ ഹനുമാൻട്രായ് ബാലുരാ​ഗിയെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 'ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍' എന്നാണ് ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയത്തിന്‍റെ പേര്. 

നാസയടക്കമുള്ള ബഹിരാകാശ ഭീമന്‍മാര്‍ നേതൃത്വം നല്‍കുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിനും ചൈനീസ് ബഹിരാകാശ നിലയത്തിനും കെട്ടിലും മട്ടിലും വെല്ലുവിളിയാവുന്ന ബഹിരാകാശ നിലയം പണിയാനുള്ള പദ്ധതികളിലാണ് ഇസ്രൊ. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ (BAS) 2035ഓടെ പൂര്‍ണ പ്രവര്‍ത്തനസജ്ജമാക്കാന്‍ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നു. വിവിധ ദൗത്യങ്ങളിലൂടെയാവും മൊഡ്യൂളുകള്‍ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ക്കുക. ഇതിലെ ആദ്യ മൊഡ്യൂളായ ബാസ്-1 2028ല്‍ ഐഎസ്ആര്‍ഒ എല്‍വിഎം-3 റോക്കറ്റിന്‍റെ സഹായത്തോടെ വിക്ഷേപിക്കും. ഈ മൊഡ്യൂളിനുള്ള രൂപരേഖ തയ്യാറായിക്കഴിഞ്ഞു. 52 ടണ്ണോളം ഭാരമുള്ള മൊഡ്യൂള്‍-1 ലൈഫ്-സപ്പോര്‍ട്ട് സംവിധാനങ്ങളും ക്രൂവിന് താമസിക്കാനുള്ള സൗകര്യങ്ങളും ഉള്ളയിടമായിരിക്കും. ആളില്ലാതെ വിക്ഷേപിക്കുന്ന ഈ മൊഡ്യൂള്‍ പരീക്ഷണഘട്ടത്തിന് ശേഷം മനുഷ്യവാസത്തിന് ഉപയോഗിക്കും. അഞ്ചാം മൊഡ്യൂളിനൊഴികെ ബാക്കി നാല് ഭാഗങ്ങള്‍ക്കും വ്യത്യസ്തമായ സോളാര്‍ പാനല്‍ സംവിധാനമുണ്ടാകും.  

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ഡോക്കിംഗ് സംവിധാനത്തിന് പുറമെ ഇന്ത്യ തദ്ദേശീയമായി ഡോക്കിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. ഭാരതീയ ഡോക്കിംഗ് സിസ്റ്റം എന്നായിരിക്കും ഇതിന് പേര്. ഇന്ത്യയുടെ ഭാവി ബഹിരാകാശ പദ്ധതികളില്‍ നിര്‍ണായകമാണ് രാജ്യത്തിന്‍റെ സ്വന്തം ബഹിരാകാശ നിലയം. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കരുത്ത് കൂട്ടും എന്നാണ് പ്രതീക്ഷ. ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഇന്ത്യന്‍ ഓര്‍ബിറ്റല്‍ സ്പേസ് സ്റ്റേഷന്‍ ഭൂമിയെ പരിക്രമണം ചെയ്യുക. 

Read more: വിക്ഷേപിച്ച് ഏഴ് വര്‍ഷത്തിന് ശേഷം പിഎസ്എൽവി സി-37 റോക്കറ്റ് ഭാഗം തിരിച്ചിറക്കി; ഐഎസ്ആര്‍ഒയ്ക്ക് അഭിമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios