നിലവില്‍ നാസ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രികരെയും ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങളും പ്രധാനമായും എത്തിക്കുന്നത് ഡ്രാഗണ്‍ പേടകം ഉപയോഗിച്ചാണ്
കാലിഫോര്‍ണിയ: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ശതകോടീശ്വരനും യുഎസ് കാര്യക്ഷമതാ വകുപ്പ് മുന്‍ മേധാവിയുമായ ഇലോണ്‍ മസ്‌കും തമ്മിലുള്ള ‘എക്സ് യുദ്ധം’ ബഹിരാകാശ രംഗത്ത് ആശങ്കകള്‍ക്ക് വഴിതുറക്കുന്നു. മസ്കിന്‍റെ കമ്പനികള്‍ക്കുള്ള കരാറുകളും ഇളവുകളും പിന്‍വലിക്കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിന് തിരിച്ചടിയായി, ഡ്രാഗണ്‍ ബഹിരാകാശ പേടകം ഉടനടി ഡീകമ്മീഷന്‍ ചെയ്യുമെന്ന് മസ്ക് എക്‌സിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. മസ്ക് ഡ്രാഗണ്‍ പേടകം പിന്‍വലിച്ചാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ (ഐഎസ്എസ്) പ്രവര്‍ത്തനം പ്രതിസന്ധിയിലാവും എന്നതാണ് യാഥാര്‍ഥ്യം. യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ആര്‍ട്ടെമിസ് ഉള്‍പ്പടെയുള്ള വരുംകാല ദൗത്യങ്ങളും ഊരാക്കുടുക്കിലാവും.
ഡ്രാഗണ്‍ നാസയുടെ കരുത്ത്, വിശ്വാസം
നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാസ യാത്രികരെയും ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങളും (കാര്‍ഗോ) പ്രധാനമായും എത്തിക്കുന്നത് ഇലോണ്‍ മസ്കിന്‍റെ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സ് നിര്‍മ്മിച്ച ഡ്രാഗണ്‍ പേടകത്തിലാണ്. ഐഎസ്എസിന്‍റെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് നാസ ഏറെ ആശ്രയിക്കുന്നുണ്ട് ഈ ഡ്രാഗണ്‍ പേടകത്തെ. ഐഎസ്എസിലേക്ക് യാത്രക്കാരെ എത്തിക്കുന്ന ഏക യുഎസ് കമ്പനിയാണ് നിലവില്‍ സ്പേസ് എക്സ്. ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകം സമാന ലക്ഷ്യത്തോടെ തയ്യാറാക്കിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം അയച്ച സ്റ്റാര്‍ലൈനറിന്‍റെ പരീക്ഷണ ദൗത്യം പ്രതിസന്ധിയിലായിരുന്നു. ഇനി മനുഷ്യരെയും വഹിച്ചുകൊണ്ട് ഐഎസ്എസിലേക്ക് സ്റ്റാര്‍ലൈനറിന് പറക്കണമെങ്കില്‍, അതിന് മുമ്പ് കാര്‍ഗോ വിജയകരമായി അവിടെ എത്തിച്ച് പേടകത്തിന്‍റെ മികവ് തെളിയിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ നാസയ്ക്ക് ഐഎസ്എസിലേക്കുള്ള വരും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഡ്രാഗണ്‍ പേടകം അനിവാര്യമാണ്.
അല്ലെങ്കില്‍ ഏക ആശ്രയം റഷ്യ!
ഡ്രാഗണ്‍ ക്യാപ്‌സൂള്‍ ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്‌സ് കമ്പനി പിന്‍വലിച്ചാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രക്കാരെ അയക്കാന്‍ നാസയ്ക്ക് റഷ്യയുടെ സഹായം തേടേണ്ടിവരും. ഐഎസ്എസിലേക്ക് യാത്രികരെയും കാര്‍ഗോയും എത്തിച്ച് ഇതിനകം വിജയിച്ചിട്ടുള്ള മറ്റൊരു പേടകം റഷ്യയുടെ സോയൂസാണ്. മൂന്ന് പേര്‍ക്കാണ് സോയൂസ് പേടകത്തില്‍ സഞ്ചരിക്കാനാവുക. അതേസമയം ഡ്രാഗണ്‍ ക്യാപ്‌സൂളിന് ഏഴുവരെ യാത്രികരെ ഒരേസമയം ബഹിരാകാശത്തേക്ക് വഹിക്കാനാകും. ഓരോ സോയൂസ് വിക്ഷേപണത്തിലും രണ്ട് റഷ്യന്‍ ബഹിരാകാശ സഞ്ചാരികളും ഒരു നാസ സഞ്ചാരിയുമാണ് നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്. അതേസമയം ഓരോ സ്പേസ് എക്സ് ലോഞ്ചിലും ഒരു റഷ്യന്‍ സഞ്ചാരി വീതവും ബഹിരാകാശ നിലയത്തിലേക്ക് പോകുന്നു. നാസയും റഷ്യയുടെ റോസ്‌കോസ്‌മോസും തമ്മിലുള്ള സഹകരണത്തിന്‍റെ ഭാഗമായാണ് ഈ 'ബാര്‍ട്ടര്‍' സംവിധാനം.
ഡ്രാഗണ് 10-ാം തിയതി അടുത്ത ദൗത്യം
നാസയുടെ ദൗത്യങ്ങള്‍ക്ക് പുറമെ സ്വകാര്യ ബഹിരാകാശ മിഷനുകള്‍ക്കും ഡ്രാഗണ്‍ പേടകം നിലവില്‍ ഉപയോഗിക്കുന്നുണ്ട്. ഈ വരുന്ന ജൂണ്‍ 10ന് ആക്സിയം സ്പേസുമായി സഹകരിച്ച് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കമുള്ള നാലംഗ സംഘത്തെ ആക്സിയം 4 മിഷനില്‍ ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത് ഇതേ ഡ്രാഗണ്‍ ക്യാപ്‌സൂളിലാണ്.
ചന്ദ്രനിലിറങ്ങാനും സ്പേസ് എക്സ് വേണം
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രക്കാരെയും ചരക്കുകളും എത്തിക്കുന്ന ഡ്രാഗണ്‍ പേടകത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, മറ്റനേകം ബഹിരാകാശ മേഖലകളിലും ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സും യുഎസ് സര്‍ക്കാരും തമ്മില്‍ സഹകരിക്കുന്നുണ്ട്. നാസയ്ക്കായി ഏറെ വിക്ഷേപണ ദൗത്യങ്ങള്‍ നടത്തുന്നത് നിലവില്‍ സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 പോലുള്ള വിക്ഷേപണ വാഹനങ്ങളാണ്. സൈനിക രംഗത്തും യുഎസും സ്പേസ് എക്സും സഹകരിക്കുന്നുണ്ട്. പ്രവര്‍ത്തന കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം ഡീഓര്‍ബിറ്റ് ചെയ്യാനുള്ള കരാറും സ്പേസ് എക്സിനാണ്. ഭാവിയില്‍ ഗവേഷകരെ ചന്ദ്രനില്‍ ഇറക്കാനുള്ള ആര്‍ട്ടെമിസ് ദൗത്യങ്ങള്‍ക്ക് ഉള്‍പ്പടെ നാസ തെരഞ്ഞെടുത്തിരിക്കുന്നതും സ്പേസ് എക്സിനെയാണ്. മസ്കിന്‍റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സംവിധാനമായ സ്റ്റാര്‍ലിങ്കിനെയും യുഎസ് ആശ്രയിക്കുന്നുണ്ട്. ചുരുക്കിപറഞ്ഞാല്‍, ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സിന്‍റെ സഹായമില്ലാതെ ബഹിരാകാശ രംഗത്ത് നാസയ്ക്ക് ഒരടി ഇനി മുന്നോട്ടുവെക്കാനാവില്ല.
ഡ്രാഗൺ പേടകത്തിന്‍റെ കൂടുതല്‍ സവിശേഷതകള്‍
പ്രധാനമായും ഡ്രാഗൺ ക്യാപ്സ്യൂളിന്‍റെ ജോലി ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്ന് ഭൂമിയിലേക്ക് കൊണ്ടുവരികയുമാണ്. ഇതിന് പുറമെ ഇവിടെ നിന്ന് സാധനസാമഗ്രികള്‍ ഐഎസ്എസില്‍ എത്തിക്കാനും, അവിടെത്തെ മാലിന്യങ്ങള്‍ ഭൂമിയില്‍ തിരിച്ചെത്തിക്കാനും ഈ പേടകത്തിനാകും. 8.1 മീറ്റര്‍ ഉയരവും 4 മീറ്റര്‍ വ്യാസവുമാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിനുള്ളത്. ലോഞ്ച് പേലോഡ് മാസ് 6,000 കിലോഗ്രാമും റിട്ടേണ്‍ പേലോഡ് മാസ് 3,000 കിലോഗ്രാമുമാണ്. ഭൂമിയുടെ ഭ്രമണപഥത്തിലേക്കും അതിനപ്പുറത്തേക്കും ദൗത്യങ്ങളിൽ സ്പേസ് എക്സിന്‍റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിന് ഏഴ് യാത്രക്കാരെ വരെ വഹിക്കാൻ കഴിയും. മനുഷ്യരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയ ആദ്യത്തെ സ്വകാര്യ പേടകവുമാണിത്.
നിലവിൽ ഭൂമിയിലേക്ക് ബഹിരാകാശ നിലയത്തില്‍ നിന്ന് ഗണ്യമായ അളവിൽ മാലിന്യങ്ങള്‍ ഭൂമിയില്‍ തിരികെ എത്തിക്കാന്‍ കഴിവുള്ള ഒരേയൊരു ബഹിരാകാശ പേടകമാണ് ഡ്രാഗണ്‍. 2020-ലാണ് നാസ ആദ്യമായി ക്രൂ ലോഞ്ചിനായി ഡ്രാഗണ്‍ ക്യാപ്‌സൂള്‍ ഉപയോഗിച്ചത്. ഡ്രാഗണ്‍ പേടകം വന്നതോടെ ഐഎസ്എസിലേക്കുള്ള യാത്രക്കായി റഷ്യയെ കൂടുതലായി ആശ്രയിക്കുന്നത് കുറയ്ക്കാന്‍ നാസയ്ക്കായിരുന്നു.


