ഇസ്രൊയുടെ ക്യൂട്ട് കുട്ടികള്‍; ഇന്ത്യ ബഹിരാകാശത്തേക്ക് അയച്ച പയര്‍വിത്തുകള്‍ക്ക് ഇലകള്‍ വിരിഞ്ഞു

സ്പേഡെക്സ് ദൗത്യത്തിനൊപ്പം ഇസ്രൊയുടെ പിഎസ്എല്‍വി-സി60 വിക്ഷേപണ വാഹനം ബഹിരാകാശത്തേക്ക് പോയം-4 പേലോഡില്‍ അയച്ച പയര്‍വിത്തുകള്‍ക്ക് ഇലകള്‍ വിരിഞ്ഞു

Happy news for ISRO leaves have emerged for cowpea seeds at space

ബെംഗളൂരു: ബഹിരാകാശത്ത് ഇന്ത്യയ്ക്ക് ജീവന്‍റെ തുടിപ്പുകള്‍ സ്വന്തം. സ്പേഡെക്സ് ദൗത്യത്തിനൊപ്പം ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് അയച്ച പയര്‍വിത്തുകള്‍ക്ക് ഇലകള്‍ വിരിഞ്ഞതായുള്ള സന്തോഷ വാര്‍ത്ത ഇസ്രൊ എക്‌സിലൂടെ (പഴയ ട്വിറ്റര്‍) 140 കോടിയിലേറെ വരുന്ന ഇന്ത്യന്‍ ജനതയെ അറിയിച്ചു. ലോകമെങ്ങുമുള്ള ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കും ശാസ്ത്രകുതകികള്‍ക്കും ആവേശം പകരുന്ന വാര്‍ത്ത കൂടിയാണിത്. 

ഐഎസ്ആര്‍ഒ സ്പേഡെക്സ് ദൗത്യത്തിനൊപ്പം 2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച പിഎസ്‌എല്‍വി-സി60 റോക്കറ്റിലെ ഓര്‍ബിറ്റല്‍ എക്‌സ്‌പിരിമെന്‍റല്‍ മൊഡ്യൂള്‍ അഥവാ പോയം-4ല്‍ ഘടിപ്പിച്ചിരുന്ന പേലോഡുകളില്‍ ഒന്നിലായിരുന്നു എട്ട് പയര്‍വിത്തുകളുണ്ടായിരുന്നത്. തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്‍ററാണ് (വിഎസ്എസ്‌സി) ഈ ക്രോപ്‌സ് പേലോഡ് (CROPS payload- Compact Research Module for Orbital Plant Studies) നിര്‍മിച്ചത്. മൈക്രോഗ്രാവിറ്റിയില്‍ എങ്ങനെയാണ് സസ്യങ്ങള്‍ വളരുക എന്ന് പഠിക്കാനായായിരുന്നു ഇസ്രൊയുടെ പരീക്ഷണം. ബഹിരാകാശത്തേക്ക് അയച്ച് നാലാംദിനം ഈ വിത്തുകള്‍ മുളച്ചതായി ആദ്യ സന്തോഷ വാര്‍ത്ത ഇസ്രൊ 2025 ജനുവരി 4ന് അറിയിച്ചിരുന്നു. ഇവയ്ക്ക് ഇലകള്‍ ഉടന്‍ വിരിയുമെന്ന പ്രതീക്ഷയും അന്ന് ഇസ്രൊയുടെ ട്വീറ്റിലുണ്ടായിരുന്നു. 

ഇസ്രൊയുടെയും 140ലേറെ കോടി വരുന്ന ഇന്ത്യക്കാരുടെയും പ്രതീക്ഷകള്‍ക്ക് ചിറകുവിരിച്ച് ക്രോപ്‌സ് പേലോഡിലെ പയര്‍വിത്തുകള്‍ക്ക് ഇലകള്‍ വിരിഞ്ഞു എന്നാണ് ഇന്ന് ജനുവരി ആറിന് ഐഎസ്ആര്‍ഒയുടെ പുതിയ അറിയിപ്പ്. ക്രോപ്‌സ് പേലോഡില്‍ നിന്ന് തലയുയര്‍ത്തി നോക്കുന്ന പയര്‍ ഇലകളുടെ ചിത്രം സഹിതമാണ് ട്വീറ്റ്. ബഹിരാകാശ പഠന രംഗത്ത് ഇന്ത്യക്ക് മറ്റൊരു അഭിമാന നിമിഷമാണിത്. ക്രോപ്‌സ് പേലോഡിലെ പയര്‍ വിത്തുകളുടെ വളര്‍ച്ച അളക്കാനും രേഖപ്പെടുത്താനും ഹൈ-റെസലൂഷന്‍ ക്യാമറ അടക്കം ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ ക്യാമറയാണ് ഇലകള്‍ വിരിഞ്ഞ പയര്‍വിത്തുകളുടെ ചിത്രം പകര്‍ത്തിയത്. 

Read more: ബഹിരാകാശത്ത് മുളച്ചത് തിരുവനന്തപുരം വിഎസ്എസ്‌സി അയച്ച പയര്‍ വിത്തുകള്‍; അഭിമാന നിമിഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios