ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മാനവരാശിക്ക് വന്‍ ഭീഷണി: 'എഐ ഗോഡ്ഫാദറിന്‍റെ' വാക്കുകള്‍ വന്‍ ചര്‍ച്ചയാകുന്നു.!
ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് അത്യന്തം അപകടകാരിയാണ്. നിലവില്‍ അതിന് മനുഷ്യ ബുദ്ധിയെ വെല്ലാന്‍ സാധിക്കില്ല. എന്നാല്‍ ഭാവിയില്‍ ഇതായിരിക്കില്ല സ്ഥിതി.
സന്‍ഫ്രാന്‍സിസ്കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മനുഷ്യര്‍ക്ക് ഭീഷണിയാകുമെന്ന് എഐ ഗോഡ്ഫാദര്‍ എന്ന് അറിയപ്പെടുന്ന ജഫ്രി ഹിന്‍റണ്‍. കഴിഞ്ഞ ദിവസം ഗൂഗിള്‍ വിട്ട ജഫ്രി ഹിന്‍റണ്‍ നടത്തിയ ഈ പരാമര്‍ശം ഇപ്പോള്‍ ആഗോളതലത്തില്‍ തന്നെ ചര്‍ച്ചായാകുകയാണ്. ചാറ്റ് ജിപിടി എന്ന ഓപ്പണ്‍ എഐയുടെ ചാറ്റ് ബോട്ടിന്‍റെ വിജയത്തിന് ശേഷം എഐ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍ എന്നതാണ് ശ്രദ്ധേയം.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മാനവരാശിക്ക് വലിയ വെല്ലുവിളിയാകും എന്ന ആശങ്കയെ തുടര്‍ന്നാണ് ഗൂഗിള്‍ വിട്ടത് എന്നാണ് ജഫ്രി ഹിന്‍റണ്‍ പറയുന്നത്. താന്‍ ഇതുവരെ എഐയ്ക്ക് വേണ്ടി ചെയ്ത ഗവേഷണങ്ങളില്‍ പാശ്ചാത്താപം ഉണ്ടെന്നും എഴുപത്തിയഞ്ചുകാരനായ ജഫ്രി ഹിന്‍റണ്‍ പറയുന്നു. താന്‍ വരും കാലത്ത് എഐയ്ക്കെതിരെ സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. ഇത്തരം പ്രവര്‍ത്തനം ഗൂഗിളില്‍ നിന്ന് നടത്താന്‍ സാധിക്കില്ല എന്ന് അറിഞ്ഞതുകൊണ്ടാണ് ഗൂഗിള്‍ വിടുന്നത് എന്നാണ് ഇദ്ദേഹം പറയുന്നു.
ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് അത്യന്തം അപകടകാരിയാണ്. നിലവില്‍ അതിന് മനുഷ്യ ബുദ്ധിയെ വെല്ലാന്‍ സാധിക്കില്ല. എന്നാല്‍ ഭാവിയില്‍ ഇതായിരിക്കില്ല സ്ഥിതി. അതിനാല്‍ തന്നെ എഐയില്‍ വലിയ അപകടം മറഞ്ഞിരിക്കുന്നുണ്ടെന്ന് ജഫ്രി ഹിന്‍റണ്‍ വ്യക്തമാക്കുന്നു. 2012 ല്‍ തന്‍റെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്ന് ഫോട്ടോയിലെ വസ്തു തിരിച്ചറിയാനുള്ള അല്‍ഹോരിതം ഉണ്ടാക്കിയതോടെയാണ് എഐ രംഗത്തെ തലതൊട്ടപ്പനായി ഇദ്ദേഹം അറിയപ്പെടുന്നത്.
2013 മുതല്‍ ജഫ്രി ഹിന്‍റണ്‍ ഗൂഗിളിന് വേണ്ടി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. തന്‍റെ ഭാവി പ്രവര്‍ത്തനങ്ങളെ ഗൂഗിള്‍ പൊസറ്റീവായാണ് എടുത്തത് എന്നാണ് ഹിന്‍റണ്‍ പറയുന്നത്. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഹിന്‍റണ്‍ തന്‍റെ നിലപാടുകള്‍ വ്യക്തമാക്കിയത്.
അതേ സമയം എഐ സംബന്ധിച്ച ആശങ്കകള്‍ പ്രകടിപ്പിക്കുന്നതിൽ ഹിന്റൺ തനിച്ചല്ല. ഏപ്രിൽ ആദ്യം, ആപ്പിളിന്റെ സഹസ്ഥാപകൻ സ്റ്റീവ് വോസ്‌നിയാക്കും ടെസ്‌ല സ്ഥാപകൻ എലോൺ മസ്‌ക്കും ഉൾപ്പെടെ 1,000-ലധികം സാങ്കേതിക നേതാക്കളും ഗവേഷകരും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന എഐ സിസ്റ്റങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആറ് മാസത്തേക്ക് നിര്‍ത്തിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് ഒരു തുറന്നകത്ത് എഴുതിയിരുന്നു.
ഒരു ക്ലാസില്‍ പോലും കയറിയില്ല; എഐയുടെ സഹായത്തോടെ പരീക്ഷയില്‍ 94 % മാര്‍ക്ക് നേടിയെന്ന് വിദ്യാര്‍ത്ഥി
ടൈറനോസോറസുകള്‍ തിടമ്പേറ്റിയ പൂരക്കാഴ്ചകള്‍; അര്‍ജുന്‍ സജീവ് സംസാരിക്കുന്നു