ഉരസിയാല്‍ തന്നെ ഭൂമി തവിടുപൊടി; പടുകൂറ്റന്‍ ചിന്നഗ്രഹം അതിവേഗം അരികിലേക്ക്, അപകട സാധ്യത എത്രത്തോളം?
219 മീറ്റര്‍ വ്യാസമുള്ള ഭീമന്‍ ഛിന്നഗ്രഹമാണ് ഭൂമിക്ക് അടുത്തുകൂടെ കടന്നുപോകാനിരിക്കുന്നത്
കാലിഫോര്‍ണിയ: രണ്ട് ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹം അതിവേഗത്തില്‍ ഭൂമിക്ക് അരികിലേക്ക് എന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 2024 ഒഎന്‍ (2024 ON) എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹം സെപ്റ്റംബര്‍ 15-ാം തിയതിയാണ് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോവുക. അസാധാരണമായ വലിപ്പവും വേഗവും ഉള്ളതിനാല്‍ 2024 ഒഎന്‍ ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപാത നാസ നിരീക്ഷിച്ചുവരികയാണ്.
720 അടി (219.456 മീറ്റര്‍) വ്യാസമുള്ള ഭീമന്‍ ഛിന്നഗ്രഹമാണ് സെപ്റ്റംബര്‍ 15ന് ഭൂമിക്ക് ഏറ്റവും അടുത്തെത്തുക. രണ്ട് ഫുട്ബോള്‍ മൈതാനങ്ങളേക്കാള്‍ വലിപ്പമുണ്ട് ഈ ഛിന്നഗ്രഹത്തിന്. മണിക്കൂറില്‍ 25,000 മൈല്‍ വേഗത്തിലാണ് ഇതിന്‍റെ സഞ്ചാരം. എന്നാല്‍ ഈ ഛിന്നഗ്രഹം ഭൂമിക്ക് യാതൊരു ഭീഷണിയുമാവില്ല എന്ന കണക്കുകൂട്ടലിലാണ് നാസ. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 620,000 മൈല്‍ അകലമുണ്ടാകും 2024 ഒഎന്‍ഉം ഭൂമിയും തമ്മില്‍. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്‍റെ 2.6 ഇരട്ടി വരും ഈ അകലം. എങ്കിലും 2024 ഒഎന്‍ ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപഥത്തില്‍ വരുന്ന നേരിയ വ്യത്യാസം പോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഭൂമിക്ക് സൃഷ്ടിക്കും എന്നതിനാല്‍ നാസ കടുത്ത ജാഗ്രതയിലാണ്.
നാസയുടെ നിയര്‍-എര്‍ത്ത് ഒബ്‌ജെക്ട് ഒബ്‌സര്‍വേഷന്‍സ് പ്രോഗ്രാം കണ്ടെത്തിയത് മുതല്‍ 2024 ഒഎന്‍ ഛിന്നഗ്രഹത്തെ നാസ പിന്തുടരുകയാണ്. ഇതിന്‍റെ സഞ്ചാരവേഗവും വലിപ്പവുമാണ് നാസയെ ഇതിന് പ്രേരിപ്പിക്കുന്നത്. കാലിഫോര്‍ണിയയിലുള്ള ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയാണ് 2024 ഒഎന്‍ ഛിന്നഗ്രഹത്തെ അത്യാധുനിക റഡാര്‍ സംവിധാനങ്ങളും ഒപ്റ്റിക്കല്‍ ടെലസ്‌കോപ്പുകളും ഉപയോഗിച്ച് സൂക്ഷ്മമമായി നിരീക്ഷിച്ചുവരുന്നത്. യൂറോപ്യന്‍ സ്പേസ് എജന്‍സിയും 2024 ഒഎന്‍ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്ന ശാസ്ത്ര കൂട്ടത്തിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം