അന്റാർട്ടിക്കയിൽ ഫ്രാൻസിന്റെ അത്രയും വലിപ്പമുള്ള മഞ്ഞുപാളികൾ ദിവസവും സെന്റിമീറ്ററുകൾ തെന്നി നീങ്ങുന്നു - പഠനം
വേഗത്തിൽ ഒഴുകുന്ന ഹിമ നദിയായ വില്ലൻസ് ഐസ് സ്ട്രീം ആണ് ഈ ചലനത്തിന് കാരണമാകുന്നതെന്നാണ് നിഗമനം.
അൻ്റാർട്ടിക്കയിൽ ഫ്രാൻസിൻ്റെ അത്രയും വലിപ്പമുള്ള കൂറ്റൻ മഞ്ഞുപാളികൾ ദിവസേന സെന്റി മീറ്ററുകളോളം തെന്നി നീങ്ങുന്നതായി റിപ്പോർട്ട്. ഈ അപൂർവ പ്രതിഭാസം മഞ്ഞുവീഴ്ചയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നതായി വിദഗ്ധർ പറയുന്നു. അൻ്റാർട്ടിക് മഞ്ഞുപാളികളുടെ സങ്കീർണ്ണമായ ചലനങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുന്നതാണ് പുതിയ പഠനം. ഏകദേശം ഫ്രാൻസിൻ്റെ വലിപ്പമുള്ള കൂറ്റൻ റോസ് ഐസ് ഷെൽഫ് (മീറ്ററുകൾ കട്ടിയുള്ള മഞ്ഞുപാളികൾ) ദിവസത്തിൽ ഒന്നോ രണ്ടോ തവണ നിരവധി സെൻ്റീമീറ്ററുകൾ മുന്നോട്ട് നീങ്ങുന്നതായാണ് പഠന സംഘം കണ്ടെത്തിയത്.
വേഗത്തിൽ ഒഴുകുന്ന ഹിമ നദിയായ വില്ലൻസ് ഐസ് സ്ട്രീം ആണ് ഈ ചലനത്തിന് കാരണമാകുന്നതെന്നാണ് നിഗമനം. ഐസ് ഷെൽഫ് ചലിക്കുന്നതായുള്ള പുതിയ കണ്ടെത്തൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഐസ് ഷെൽഫുകളുടെ ദീർഘകാല സ്ഥിരതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും വിദഗ്ധർ പറഞ്ഞു. ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Read More.... 12 കിലോമീറ്റര്‍ ആഴം; ലോകത്തിലെ ഏറ്റവും ആഴമേറിയ മനുഷ്യനിർമ്മിത ദ്വാരം അടയ്ക്കാൻ റഷ്യയ്ക്ക് പല കാരണങ്ങൾ
മഞ്ഞുപാളിയുടെ ചലനം താപവ്യതിയാനവുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഹിമാനികളുടെ ഒഴുക്ക് മന്ദഗതിയിലാക്കുകയും ദുർബലമാവുകയും വിഘടിക്കുകയും ചെയ്യാൻ കാരണമാകും. ഇത് മഞ്ഞുരുകുന്നതിൻ്റെ തോത് വർധിപ്പിക്കുമെന്നും സമുദ്രനിരപ്പ് ഉയരുന്നതും ത്വരിതപ്പെടുത്തുമെന്നും വിദഗ്ധർ പറയുന്നു. ശാസ്ത്രജ്ഞർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അൻ്റാർട്ടിക്കയിലെ മഞ്ഞുപാളികളുടെ മാറ്റത്തിൽ തുടർ ഗവേഷണത്തിൻ്റെ ആവശ്യകതയും ഈ പുതിയ പഠനം പറയുന്നു.