പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിഗൂഡതയ്ക്ക് അവസാനം, ബഹിരാകാശ നിലയത്തിൽ നിന്ന് കാണാതായ ആ തക്കാളി കണ്ടെത്തി
ഭാവിയിൽ ദീർഘകാല ദൗത്യങ്ങൾക്കായി ബഹിരാകാശത്ത് തന്നെ പച്ചക്കറികളും മറ്റും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ആയിരുന്നു ഈ പരീക്ഷണം. നാസയുടെ പരീക്ഷണത്തിന്റെ ഭാഗമായി റെഡ് റോബിൻ ഇനത്തിലുള്ള തക്കാളിയാണ് നട്ടുവളർത്തിയിരുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് കാണാതായ തക്കാളി ഒടുവിൽ കണ്ടെത്തി. പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ നിഗൂഡതകളിലൊന്നെന്ന് ബഹിരാകാശ സഞ്ചാരികൾ വിലയിരുത്തിയ സംഭവത്തിനാണ് ഒടുവിൽ അറുതിയാവുന്നത്. ബഹിരാകാശ നിലയത്തിൽ വളർത്തിയെടുത്ത തക്കാളിയുടെ ആദ്യ ഫലമാണ് കാണാതെ പോയിരുന്നത്. 370 ദിവസം നീണ്ട ബഹിരാകാശ യാത്രയുടെ റെക്കോർഡ് സ്വന്തമാക്കിയ അമേരിക്കൻ ബഹിരാകാശ സഞ്ചാരി ഫ്രാങ്ക് റൂബിയോയാണ് മാർച്ച് മാസത്തിൽ നിലയത്തിൽ തക്കാളി ചെടി വളർത്തിയത്. കാണാതായി എട്ട് മാസത്തിന് ശേഷമാണ് തക്കാളി കണ്ടെത്തിയിരിക്കുന്നത്. ഭാവിയിൽ ദീർഘകാല ദൗത്യങ്ങൾക്കായി ബഹിരാകാശത്ത് തന്നെ പച്ചക്കറികളും മറ്റും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ആയിരുന്നു ഈ പരീക്ഷണം.
നാസയുടെ പരീക്ഷണത്തിന്റെ ഭാഗമായി റെഡ് റോബിൻ ഇനത്തിലുള്ള തക്കാളിയാണ് നട്ടുവളർത്തിയിരുന്നത്. ഫ്രാങ്ക് റൂബിയോ വിളവെടുത്ത തക്കാളി സിപ് ലോക്ക് ഉള്ള കവറിൽ പറിച്ച് സൂക്ഷിച്ചിരുന്നു. എന്നാൽ ഇത് കാണാതെ പോവുകയായിരുന്നു. ഈ തക്കാളിയുടെ വിളവെടുപ്പ് വലിയ അഭിമാന നിമിഷമായാണ് ഫ്രാങ്ക് റൂബിയോ വിശദമാക്കിയത്. നാസയ്ക്ക് ഒക്ടോബറിൽ നൽകിയ അഭിമുഖത്തിലും തക്കാളിയേക്കുറിച്ച് റൂബിയോ പ്രതികരിച്ചിരുന്നു. 18 മുതൽ 20 മണിക്കൂർ വരെ തക്കാളിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താതെ വന്നതോടെ തെരച്ചിൽ അവസാനിപ്പിച്ചതായാണ് റൂബിയോ പ്രതികരിച്ചത്. എന്നാൽ ഓർക്കാതെ റൂബിയോ തന്നെ തക്കാളി കഴിച്ചിരിക്കാമെന്നാണ് മറ്റ് ചില ബഹിരാകാശ സഞ്ചാരികൾ വിശദമാക്കിയത്.
ഇത്തരം നിഗമനങ്ങൾക്കെല്ലാമാണ് തക്കാളി കണ്ടെത്തലോടെ അവസാനമാകുന്നത്. ബഹിരാകാശത്ത് ആദ്യമായി വിളവെടുക്കുകയും കൃഷി ചെയ്യുകയും ചെയ്തത് തക്കാളി ചെടിയായിരുന്നു. ഇതിന്റെ ആദ്യഫലം തന്ന കാണാതായത് സഞ്ചാരികളെ അമ്പരപ്പിച്ചിരുന്നു. ബഹിരാകാശത്ത് വസ്തുക്കൾക്ക് ഭാരമില്ലാത്ത സ്വഭാവം മൂലമാകാം പാക്കറ്റിലാക്കി വച്ച തക്കാളി ശ്രദ്ധയിൽ പെടാതെ പോയതെന്നാണ് നാസയുടെ ബഹിരാകാശ സഞ്ചാരി ജാസ്മിൻ മൊഗ്ബെലി പ്രതികരിക്കുന്നത്. ആറ് കിടപ്പ് മുറികളുടെ വലുപ്പമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കാണാതായ തക്കാളിയെ അബദ്ധത്തിൽ ചവറ്റുകൂനയിലെത്തിയിരിക്കാമെന്നും ഉണങ്ങിപോയിരിക്കാമെന്നും തിരികെ ഭൂമിയിലേക്ക് മടങ്ങും മുന്‍പ് റൂബിയോ വിശദമാക്കിയിരുന്നു.
എപ്പോഴെങ്കിലും ആരെങ്കിലും അത് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒരു സിപ്ലോക്ക് ബാഗിൽ കുറച്ച് ചുരുട്ടിപ്പോയ സാധനങ്ങൾ, ഞാൻ ബഹിരാകാശത്ത് വച്ച് തക്കാളി കഴിച്ചിട്ടില്ലെന്ന് അവർക്ക് തെളിയിക്കാൻ കഴിയുമെന്നും റൂബിയോ ഒക്ടോബറിൽ പ്രതികരിച്ചിരുന്നു. തക്കാളി എവിടെയാണ് കണ്ടെത്തിയതെന്നോ അത് ഏത് അവസ്ഥയിലാണ് എന്നോ ഉള്ള വിശദാംശങ്ങൾ മൊഗ്ബെലി വിശദമാക്കിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം