Solar eclipse 2022: വരുന്നൂ ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം; അൻ്റാർട്ടിക്കയിൽ കാണാം, ഇന്ത്യയിൽ ഇത്തവണ ദൃശ്യമാകില്ല
അൻ്റാർട്ടിക്കയിലും തെക്കേ അമേരിക്കയുടെ തെക്ക് - പടിഞ്ഞാറൻ മേഖലകളിലും ഗ്രഹണം കാണാൻ കഴിയും. ഇന്ത്യയിൽ നിന്ന് ഈ ഗ്രഹണം കാണുവാൻ കഴിയില്ല.
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണത്തിന് ഇനി ഒരു ദിവസം മാത്രം. ഏപ്രിൽ 30നാണ് ഗ്രഹണം ദൃശ്യമാകുക. ഭാഗിക ഗ്രഹണമാണ് ഇത്തവണത്തേത്, വളരെ ചുരുക്കം ഇടങ്ങളിൽ മാത്രമേ ഇത് കാണുവാനും സാധിക്കുകയുള്ളൂ. അൻ്റാർട്ടിക്കയിലും തെക്കേ അമേരിക്കയുടെ തെക്ക് - പടിഞ്ഞാറൻ മേഖലകളിലും ഗ്രഹണം കാണാൻ കഴിയും. ഇന്ത്യയിൽ നിന്ന് ഈ ഗ്രഹണം കാണുവാൻ കഴിയില്ല.
ഏപ്രിൽ 30ന് പ്രാദേശിക സമയം ആറ് നാൽപ്പത്തിയഞ്ചിനാണ് ഗ്രഹണം തുടങ്ങുക. എട്ട് നാൽപ്പത്തിയൊന്നോടെ ഗ്രഹണം പാരമ്യത്തിലെത്തും.
ഗ്രഹണ പാത ഇവിടെ കാണാം.
എന്താണ് ഗ്രഹണം?
ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമാണ് ചന്ദ്രൻ. ചന്ദ്രൻ ഭൂമിയെയും ഭൂമി സൂര്യനെയും ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഈ ചുറ്റലിനിടെ ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരുന്നത് മൂലം ചന്ദ്രൻ്റെ നിഴൽ ഭൂമിയിൽ പതിക്കുകയും അൽപ്പനേരത്തേക്ക് സൂര്യബിംബം മറയ്ക്കപ്പെടുകയും ചെയ്യും ഈ പ്രതിഭാസമാണ് സൂര്യഗ്രഹണം. ചന്ദ്രൻ്റെ നിഴൽ ഭൂമിയിൽ പതിക്കുന്നിടങ്ങളിൽ മാത്രമേ സൂര്യഗ്രഹണം ദൃശ്യമാകൂ. മറ്റ് ചിലപ്പോൾ ഭൂമി ചന്ദ്രൻ്റെയും സൂര്യന്റെയും ഇടയിൽ വരും. അങ്ങനെ ചന്ദ്രൻ മറയ്ക്കപ്പെടുന്നതാണ് ചന്ദ്രഗ്രഹണം. ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്.
ഗ്രഹണം അത്യപൂർവ്വ പ്രതിഭാസമോ ?
സാധാരണഗതിയിൽ ഒരു കലണ്ടർ വർഷം നാല് ഗ്രഹണങ്ങളെങ്കിലും ലോകത്തിന്റെ വിവിധയിടങ്ങളിലായി ദൃശ്യമാകും. രണ്ട് സൂര്യ ഗ്രഹണങ്ങളും രണ്ട് ചന്ദ്രഗ്രഹണങ്ങളും. ഈ കണക്കിൽ ചിലപ്പോൾ മാറ്റം വരാറുണ്ട്. എന്തായാലും 2021ൽ നാല് ഗ്രഹണങ്ങളാണ് ഉണ്ടായത്. 2022ലും നാല് ഗ്രഹണങ്ങളാണ് നടക്കുക. രണ്ട് സൂര്യഗ്രഹണങ്ങളും രണ്ട് ചന്ദ്രഗ്രഹണങ്ങളും.