എത്രകാലമായി ഒറ്റക്ക്, അമ്പിളിക്കും വേണ്ടേ കൂട്ട്; ഭൂമിയെത്തേടി മറ്റൊരു ഉപഗ്രഹം വരുന്നു, 2മാസം ഭൂമിയെ ചുറ്റും
2024 പി.ടി. 5 എന്ന് പേരിട്ടു വിളിക്കുന്ന, ഏകദേശം 10 മീറ്റർ മാത്രമുള്ള കുഞ്ഞുചന്ദ്രൻ നവംബർ 25 വരെ ഭൂമിയുടെ ആകാശത്തുണ്ടാകും.
ആകാശത്തെ മറ്റൊരു വിസ്മയത്തിന് കൂടി സാക്ഷ്യം വഹിക്കാൻ ഭാഗ്യം ലഭിക്കുന്നു. ഈ മാസം 29 മുതൽ രണ്ടുമാസത്തേക്ക് ഭൂമിയെ ചന്ദ്രനല്ലാതെ മറ്റൊരു ഛിന്നഗ്രഹം കൂടി വലം വെക്കും. ബഹിരാകാശ പാറകളുടെ കൂട്ടമായ അർജുന ഛിന്നഗ്രഹ വലയത്തിൽനിന്ന് ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ചെറിയ പാറയാണ് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽപ്പെട്ട് രണ്ടുമാസത്തോളം ഭൂമിയെ ചുറ്റിസഞ്ചരിക്കുന്ന ഉപഗ്രഹമായി മാറുകയെന്ന് ജ്യോതിശ്ശാസ്ത്രജ്ഞർ പറയുന്നു.
2024 പി.ടി. 5 എന്ന് പേരിട്ടു വിളിക്കുന്ന, ഏകദേശം 10 മീറ്റർ മാത്രമുള്ള കുഞ്ഞുചന്ദ്രൻ നവംബർ 25 വരെ ഭൂമിയുടെ ആകാശത്തുണ്ടാകും. സാധാരണ ദൂരദർശിനികൾക്ക് കണ്ടുപിടിക്കാൻ കഴിയില്ലെങ്കിലും പ്രൊഫഷണൽ ദൂരദർശിനികളിലൂടെ നോക്കിയാൽ ദൃശ്യമാകും. രണ്ടുമാസത്തിനുശേഷം പി.ടി-5 പിന്നീട് വീണ്ടും ഭൂമിയെ തേടി എത്തും. 1981, 2022 വർഷങ്ങളിൽ “മിനി മൂൺ' എന്നുവിളിക്കുന്ന ഈ പ്രതിഭാസം നേരത്തെയുമുണ്ടായിരുന്നു.
അതേസമയം, സെപ്റ്റംബര്‍ 24ന് രണ്ട് ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് അരികിലൂടെ കടന്നുപോകുമെന്ന് നാസ മുന്നറിയിപ്പ് നൽകി. 2024 ആര്‍ഒ11 (2024 RO11), 2020 ജിഇ (2020 GE) എന്നിങ്ങനെയാണ് ഈ ഛിന്നഗ്രഹങ്ങള്‍ക്ക് നാസ പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവ രണ്ടും ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കില്ല എന്നാണ് നിലവിലെ അനുമാനം. 2024 ആര്‍ഒ11 ഒരു വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹമാണ്. 120 അടിയാണ് ഇതിന്‍റെ വ്യാസം. എന്നാല്‍ ഭൂമിക്ക് യാതൊരു ഭീഷണിയും ഇല്ലാതെ 2024 ആര്‍ഒ11 ഛിന്നഗ്രഹം സെപ്റ്റംബര്‍ 24ന് കടന്നുപോകും.
ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ 4,580,000 മൈല്‍ ദൂരെയായിരിക്കും ഈ ഛിന്നഗ്രഹം. എന്നാല്‍ സെപ്റ്റംബര്‍ 24ന് ഭൂമിക്ക് അരികിലെത്തുന്ന 2020 ജിഇ അതിന്‍റെ സാമീപ്യം കൊണ്ടാണ് ശ്രദ്ധേയമാവുക. വെറും 26 അടി മാത്രമാണ് ഇതിന്‍റെ വലിപ്പമെങ്കിലും ഭൂമിക്ക് 410,000 മൈല്‍ അടുത്തുവരെ 2020 ജിഇ ഛിന്നഗ്രഹം എത്തും. എന്നാല്‍ ഈ ഛിന്നഗ്രഹവും ഭൂമിയില്‍ പതിക്കാനുള്ള ഒരു സാധ്യതയുമില്ല എന്ന് നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി വിലയിരുത്തുന്നു. എങ്കിലും നാസ ജാഗ്രതയോടെ ഇരു ഛിന്നഗ്രങ്ങളെയും നിരീക്ഷിച്ചുവരികയാണ്.