ചൊവ്വയിലെ ഗർത്തത്തിന് മലയാളിയുടെ പേര്; ആരാണ് കൽപ്പാത്തി രാമകൃഷ്ണ രാമനാഥൻ
രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച ശാസ്ത്രജ്ഞനാണ് കൽപ്പാത്തി രാമകൃഷ്ണ രാമനാഥൻ എന്ന പ്രൊഫസർ കെ ആർ രാമനാഥൻ. നോബേൽ സമ്മാന ജേതാവായ ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സി വി രാമനുമായി ചേർന്നും ഗവേഷണം നടത്തിയിട്ടുണ്ട്.
തിരുവനന്തപുരം: ചൊവ്വാ ഗ്രഹത്തിലെ ഒരു ഗർത്തത്തിന് മലയാളി ശാസ്ത്രജ്ഞന്‍റെ പേര് നൽകിയിരിക്കുകയാണ് ഇന്‍റർനാഷണൽ അസ്ട്രോണോമിക്കൽ യൂണിയൻ. ഭൗതിക ശാസ്ത്രജ്ഞനും മീറ്റിയോരോളജിസ്റ്റുമായ കൽപ്പാത്തി രാമകൃഷ്ണ രാമനാഥന്‍റെ സ്മരണാർത്ഥമായി ചൊവ്വയുടെ ഉപരിതലത്തിലെ 89 കിലോമീറ്റർ വ്യാസമുള്ള ഗർത്തത്തിന് രാമനാഥൻ എന്നാണ് പേരിട്ടിരിക്കുന്നത്. അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയുടെ ആദ്യ ഡയറക്ടർ കൂടിയായിരുന്നു ശ്രീ കൽപ്പാത്തി രാമകൃഷ്ണ രാമനാഥൻ.
രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച ശാസ്ത്രജ്ഞനാണ് കൽപ്പാത്തി രാമകൃഷ്ണ രാമനാഥൻ എന്ന പ്രൊഫസർ കെ ആർ രാമനാഥൻ. നോബേൽ സമ്മാന ജേതാവായ ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സി വി രാമനുമായി ചേർന്നും ഗവേഷണം നടത്തിയിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ കൽപ്പാത്തിയിൽ 1893 ഫെബ്രുവരിയിലായിരുന്നു രാമനാഥന്‍റെ ജനനം. അച്ഛൻ രാമകൃഷ്ണ ശാസ്ത്രികൾ സംസ്കൃത പണ്ഡിതനായിരുന്നു. സ്കൂൾ പഠനത്തിന് ശേഷം പാലക്കാട് വിക്റ്റോറിയ കോളേജിൽ ബിരുദത്തിന് ചേർന്നു. അവിടെ വച്ച് മദ്രാസ് പ്രസിഡൻസി കോളേജിൽ ബിഎ ഹോണേഴ്സിന് പഠിക്കാൻ സ്കോളർഷിപ്പ് നേടി. 1916 പ്രസിഡൻസി കോളേജിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.
പഠനത്തിന് ശേഷം തിരുവനന്തപുരം മഹാരാജാസ് കോളേജിൽ ( ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ് ) ഡെമോൺസ്ട്രേറ്റർ ഓഫ് ഫിസിക്സ് തസ്തികയിൽ ജോലിയിൽ പ്രവേശിച്ചു. പ്രസിഡൻസി കോളേജിൽ പരീക്ഷ നിരീക്ഷകനായി വന്ന അന്നത്തെ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സ്റ്റീഫൻസാണ് രാമനാഥന് സ്വന്തം കോളേജിൽ ജോലി നൽകിയത്.
സ്വന്തം നിലയിൽ പഠനങ്ങൾ നടത്താനും ഗവേഷണം തുടരാനും യൂണിവേഴ്സിറ്റി കോളേജ് രാമനാഥന് അവസരം നൽകി. അന്നത്തെ തിരുവിതാംകൂറിലെ മഴക്കാലത്തെക്കുറിച്ചായിരുന്നു ആദ്യ ഗവേഷണങ്ങൾ. തിരുവനന്തപുരത്തെ ഇടിയോട് കൂടിയ മഴ (On Thunderstorms over Trivandrum)ആയിരുന്നു ആദ്യ ഗവേഷണ പേപ്പർ. മേയ്, ഒക്ടോബർ മാസങ്ങളിൽ ലഭിക്കുന്ന ഇടിയോടു കൂടിയുള്ള മഴയുടെ ഉത്ഭവത്തെ പറ്റിയുള്ളതായിരുന്നു ഈ പഠനം.
ഇതിന് ശേഷം 1921 രാമനാഥൻ കൊൽക്കൊത്തയിലേക്കു പോയി. സി വി രാമൻ അദ്ദേഹത്തെ വിദ്യാർത്ഥിയായി സ്വീകരിച്ചു. ദ്രാവകങ്ങളിലെ എക്സ്റേ ഡിഫ്രാക്ഷൻ ആയിരുന്നു പഠന വിഷയം. 1922 ഈ പഠനത്തിന് മദ്രാസ് യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഡി. എസ് സി ബിരുദം സമ്മാനിച്ചു.
അതിന് ശേഷം റംഗൂൺ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്‍റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം സി വി രാമന്‍റെ കീഴിൽ ഗവേഷണം തുടർന്നു. ശുദ്ധജലം കൊണ്ട് രാമനാഥൻ നടത്തിയ പരീക്ഷണങ്ങൾ പിന്നീട് രാമൻ പ്രഭാവം കണ്ടുപിടിക്കാൻ തനിക്കു പ്രചോദനം നൽകിയതായി നോബൽ സമ്മാനം സ്വീകരിച്ചു കൊണ്ടു നടത്തിയ പ്രസംഗത്തിൽ സി വി രാമൻ പറയുകയുണ്ടായി.
1925ൽ ഇന്ത്യൻ മിറ്റിയരോളജിക്കൽ ഡിപ്പാർട്ട്മെന്‍റിൽ സീനിയർ സയന്‍റിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. അടുത്ത 20 വർഷം ഇന്ത്യയിലെ കാലാവസ്ഥയെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തി. ഇന്ത്യയിൽ ആദ്യമായി അന്തരീക്ഷപഠനത്തിന് വേണ്ടി ഉപകരണങ്ങൾ പിടിപ്പിച്ച ബലൂണുകൾ ഉപയോഗിച്ചത് പ്രൊഫസർ കെ ആർ രാമനാഥനാണ്. ഭൂമദ്ധ്യരേഖാപ്രദേശത്തിനു മുകളിലാണ് അന്തരീക്ഷത്തിലെ ഏറ്റവും ചൂടുള്ള വായു എന്നു തെളിയിച്ചത് അദ്ദേഹത്തിന്‍റെ പരീക്ഷണങ്ങളാണ്. 1948ൽ ഡപ്യൂട്ടർ ഡയറക്റ്റർ ജനറൽ സ്ഥാനത്തിരിക്കുമ്പോഴാണ് അവിടെ നിന്നും വിരമിച്ചത്.
ഇന്ത്യന്‍ മീറ്റിയോറോളജിക്കല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച രാമനാഥന്‍ ഡോ വിക്രം സാരാഭായിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലാബറട്ടറിയുടെ ഡയറക്ടറായി ചുമതലയേറ്റത്. ശാസ്ത്ര ഗവേഷണത്തിന്റെയും വിജ്ഞാനത്തിന്റെയും ഉന്നത കേന്ദ്രമായി പിആർഎൽ വളര്‍ന്നത് അദ്ദേഹത്തിന്‍റെ ശ്രമഫലമായിട്ടാണ്. അന്തരീക്ഷ ഓസോണിനെക്കുറിച്ചദ്ദേഹം നടത്തിയ പഠനങ്ങളെ തുടര്‍ന്നാണ് ഡോബ്‌സണ്‍ ഓസോണ്‍ സ്‌പെക്‌ട്രോഗ്രാഫ് അഹമ്മദാബാദില്‍ സ്ഥാപിച്ചത്.
ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് മീറ്റിയോറോളജിയുടെ പ്രസിഡന്‍റ്, അന്താരാഷ്ട്ര ഓസോണ്‍ കമ്മീഷന്റെ ചെയര്‍മാന്‍, ഭൂഗണിതത്തിന്റെയും, ഭൂഭൗതികത്തിന്റെയും അന്താരാഷ്ട്ര യൂണിയന്റെ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1956-ല്‍ അദ്ദേഹത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ അന്തരീക്ഷ പഠനത്തിനുള്ള വിദഗ്ധ മെഡല്‍ ലഭിക്കുകയുണ്ടായി. 1965-ല്‍ പത്മഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1976 ൽ പത്മവിഭൂഷണും കെ ആർ രാമനാഥനെ തേടിയെത്തി. 1984 ഡിസംബര്‍ 31 ന് അന്തരിച്ചു.
വിവരങ്ങൾക്ക് കടപ്പാട് : ലൂക്ക