യുറോപ്പയിൽ ജീവനുണ്ടോ? ജീവിക്കാൻ സാഹചര്യമുണ്ടോ? നാസയുടെ ക്ലിപ്പർ ദൗത്യം ഒക്ടോബറിൽ, ചെലവ് 500 കോടി ഡോളർ
യൂറോപ്പയിലേക്കുള്ള ക്ലിപ്പർ പേടകത്തിന്‍റെ യാത്ര ഒക്ടോബറിൽ തുടങ്ങും.
ഈ ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവന്‍റെ തുടിപ്പുണ്ടോ, ജീവിക്കാനുള്ള സാഹചര്യമുണ്ടോ എന്ന അന്വേഷണം ശാസ്ത്രലോകം തുടങ്ങിയിട്ട് കാലം കുറേയായി. മറ്റു ഗ്രഹങ്ങളിലെ ജീവന്‍റെ സാന്നിധ്യം തേടി പുതിയൊരു ദൌത്യം പ്രഖ്യാപിച്ചിരിക്കുകയാണ് നാസ. വ്യാഴത്തിന്‍റെ ഉപഗ്രഹമായ യുറോപ്പയിലേക്ക് ക്ലിപ്പർ എന്ന ബഹിരാകാശ പേടകം അയക്കാനാണ് നാസയുടെ തീരുമാനം. മഞ്ഞുമൂടിയ, ഓക്സിജൻ കൂടുതലുള്ള യുറോപ്പയുടെ പ്രതലത്തിൽ നിന്ന് ചില നിർണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ. യൂറോപ്പയിലേക്കുള്ള ക്ലിപ്പർ പേടകത്തിന്‍റെ യാത്ര ഒക്ടോബറിൽ തുടങ്ങും.
'പ്രപഞ്ചത്തിൽ നമ്മൾ മാത്രമാണോ' ഉള്ളതെന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ക്ലിപ്പറിന്‍റെ യാത്രയെന്ന് ബോബ് പപ്പലാർഡോ എന്ന ശാസ്ത്രജ്ഞൻ പറഞ്ഞു. 500 കോടി ഡോളർ ചെലവിൽ നാസയുടെ കാലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലാണ് ക്ലിപ്പർ നിർമിച്ചത്. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നും സ്പേസ് എക്സ് ഫാൽക്കൺ ഹെവി റോക്കറ്റിലാണ് വിക്ഷേപണം. ചൊവ്വയുടെ സമീപത്തു കൂടി ക്ലിപ്പർ കടന്നുപോകും.
2031ൽ, വ്യാഴത്തിനും യുറോപ്പയ്ക്കും ചുറ്റുമുള്ള ഭ്രമണപഥത്തിലായിരിക്കും ക്ലിപ്പർ. മഞ്ഞിലേക്ക് തുളച്ചുകയറാനും ഉപരിതലത്തിലേക്ക് മടങ്ങാനും കഴിയുന്ന തരത്തിലുള്ള ഉപകരണങ്ങള്‍ പേടകത്തിലുണ്ടാവും. ക്യാമറകളും സ്പെക്ട്രോമീറ്ററുകളും മാഗ്നോമീറ്ററും റഡാറുമെല്ലാം ഇതിലുണ്ട്. യുറോപ്പയുടെ പ്രതലത്തിലെ ഐസ് എത്ര കട്ടിയുള്ളതാണെന്ന് മനസ്സിലാക്കാൻ കഴിയും. വെള്ളത്തിന്‍റെ സാന്നിധ്യമുണ്ടെങ്കിൽ കണ്ടെത്താനാവും. ജീവനുണ്ടോ എന്നതിനേക്കാള്‍ ജീവിക്കാൻ കഴിയുന്ന സാഹചര്യമുണ്ടോ എന്നാണ് അന്വേഷണം. അല്ലാതെ സിനിമകളിലോ പുസ്തകങ്ങളിലോ കാണുന്ന തരത്തിലുള്ള അന്യഗ്രഹ ജീവികളെ തേടിയല്ല ക്ലിപ്പറിന്‍റെ യാത്ര.
യൂറോപ്പയ്ക്ക് ചുറ്റുമുള്ള ശക്തമായ വികിരണ മണ്ഡലം ക്ലിപ്പർ ദൌത്യത്തിന് വെല്ലുവിളിയാകുമെന്ന ആശങ്ക ഗവേഷകർക്കുണ്ട്. 1990കളുടെ അവസാനത്തിൽ ആലോചന തുടങ്ങിയ ദൌത്യം 2034ഓടെ അവസാനിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം