ചന്ദ്രയാൻ വിക്ഷേപണം ഒരു ദിവസം നീട്ടി, ജൂലൈ 14 ന് വിക്ഷേപിക്കും

നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഐഎസ്ആർഒ (ഇസ്രൊ) വീണ്ടും ചന്ദ്രനിലേക്ക് പുറപ്പെടുന്നത്. കഴിഞ്ഞ തവണത്തെ പരാജയത്തിൽ നിന്ന് പഠിച്ച വിലപ്പെട്ട പാഠങ്ങളാണ് ഇത്തവണത്തെ മൂലധനം

Chandrayan 3 launch postponed to July 14th ISRO kgn

തിരുവനന്തപുരം: ഐഎസ്ആർഒയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം ഒരു ദിവസത്തേക്ക് മാറ്റി. ജൂലൈ 13 ന് വിക്ഷേപിക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ജൂലൈ 14 ന് വിക്ഷേപിക്കുമെന്നാണ് ഇപ്പോൾ ലഭിച്ച വിവരം. എന്തെങ്കിലും കാരണത്താൽ വിക്ഷേപണം വൈകുകയാണെങ്കിൽ ജൂലൈ 20 വരെ വിക്ഷേപണം നടത്താൻ സമയമുണ്ട്. വിക്ഷേപണത്തിന് മുന്നോടിയായി റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്ക് മാറ്റിത്തുടങ്ങി.

ജൂലൈ 14 ന് ഉച്ചക്ക് 2.30നാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാ‍ഡിൽ നിന്ന് ചന്ദ്രയാൻ മൂന്ന് വിക്ഷേപിക്കുക. വിക്ഷേപണത്തിനായി റോക്കറ്റ് തയ്യാറായി. ക്രയോജനിക് ഘട്ടം റോക്കറ്റുമായി കൂട്ടിച്ചേർത്തു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ആണ് ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ ലക്ഷ്യം. പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ, റോവർ എന്നിവ അടങ്ങുന്നതാണ് ദൗത്യം. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമാണ്. അതിനാൽ മൂന്നാം ദൗത്യത്തിൽ ഓർബിറ്ററിൽ കാര്യമായ പരീക്ഷണ ഉപകരണങ്ങൾ ഇല്ല. ലാൻഡറിനെ ചാന്ദ്ര ഭ്രമണപഥത്തിൽ എത്തിക്കുകയാണ് പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ ലക്ഷ്യം.

നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഐഎസ്ആർഒ (ഇസ്രൊ) വീണ്ടും ചന്ദ്രനിലേക്ക് പുറപ്പെടുന്നത്. കഴിഞ്ഞ തവണത്തെ പരാജയത്തിൽ നിന്ന് പഠിച്ച വിലപ്പെട്ട പാഠങ്ങളാണ് ഇത്തവണത്തെ മൂലധനം. ലാൻഡറിന്റെ ഘടന മുതൽ ഇറങ്ങൽ രീതി വരെ വീണ്ടും വീണ്ടും പരിശോധിച്ച് പരിഷ്കരിച്ച് മാറ്റങ്ങൾ വരുത്തിയാണ് ഈ രണ്ടാം ശ്രമം. വിജയം മാത്രമേ ഇസ്രൊ ചന്ദ്രയാൻ മൂന്നിൽ നിന്ന് പ്രതീക്ഷിക്കുന്നുള്ളൂ.

ചന്ദ്രയാൻ രണ്ടിന്റേതിന് സമാനമായ യാത്രാ പഥമാണ് ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഭൂമിയിൽ നിന്ന് പുറപ്പെട്ട് 40 ദിവസങ്ങൾക്ക് ശേഷമായിരിക്കും ലാൻഡിംഗ് ശ്രമം. ചന്ദ്രനിൽ ഒതുങ്ങുന്നതല്ല ഈ വർഷത്തെ ഇസ്രൊയുടെ സ്വപ്നങ്ങൾ. സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 ദൗത്യം ആഗസ്റ്റിൽ വിക്ഷേപിക്കും. ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ ക്രൂ എസ്കേപ്പ് സിസ്റ്റം പരീക്ഷണവും ഈ വർഷം തന്നെ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

Latest Videos
Follow Us:
Download App:
  • android
  • ios