ചന്ദ്രനില്‍ രണ്ടാം രാത്രി, പ്രതീക്ഷ കൈവിടാതെ ഐഎസ്ആർഒ, വിക്രമും പ്രഗ്യാനും ഉണരുമോ?

വിക്രമും പ്രഗ്യാനും ഉണരാനുള്ള സാധ്യതകള്‍ നേരിയതാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഇത്തരത്തില്‍ നിദ്ര തുടരുവാണെങ്കില്‍പോലും ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-മൂന്നിന്‍റെ വിജയത്തിന്‍റെ പ്രതീകമായി ലാന്‍ഡറും റോവറും ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ തുടരും

Chandrayaan 3 Sunlight began receding on the Shiv Shakti Point  starting another lunar night Lander, rover revival hopes more slimmer now etj

ദില്ലി: ചന്ദ്രയാന്‍ ദൌത്യത്തിന് ശേഷമുള്ള ചന്ദ്രനിലെ രണ്ടാം രാത്രി ആരംഭിച്ചതോടെ വിക്രം ലാന്‍ഡറിനേയും പ്രഗ്യാന്‍ റോവറിനേയും ഉണര്‍ത്താനുള്ള സാധ്യതകള്‍ മങ്ങുന്നു. ചന്ദ്രനിലെ ശിവശക്തി പോയിന്റില്‍ സെപ്തംബര്‍ 30 മുതല്‍ സൂര്യ പ്രകാശം മങ്ങിത്തുടങ്ങിയിരുന്നു. ഭൂമിയിലെ 14 ദിവസങ്ങള്‍ക്ക് തുല്യമായ ചന്ദ്രനിലെ ഒരു രാത്രിക്ക് ശേഷം വിക്രം ലാന്‍ഡറിനേയും പ്രഗ്യാന്‍ റോവറിനേയും ഉണര്‍ത്താനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. ചന്ദ്രനിലെ കൊടുംതണുപ്പിനെ റോവറും ലാന്‍ഡറും അതിജീവിക്കുമോയെന്ന ആശങ്കകള്‍ക്ക് ഉണര്‍ത്താനുള്ള ശ്രമം തുടരുമെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രതികരണം.

ചന്ദ്രനിലെ രാത്രിയില്‍ താപനില മൈനസ് 180 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. വിക്രം ലാന്‍ഡറിന്റേയും പ്രഗ്യാന്‍ റോവറിന്റേയും പ്രവര്‍ത്തനത്തിന് സൂര്യ പ്രകാശം ആവശ്യവുമാണ്. ചന്ദ്രനിലെത്തിയ ശേഷമുള്ള ആദ്യ ദൌത്യങ്ങള്‍ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും പൂര്‍ത്തിയാക്കിയിരുന്നു. സെപ്റ്റംബര്‍ രണ്ടിനാണ് പ്രഗ്യാന്‍ റോവറിനെ ഉറക്കിയത്. സെപ്റ്റംബർ നാലിന് രാവിലെ എട്ട് മണിക്കാണ് വിക്രം ലാന്‍ഡര്‍ സ്ലീപ്പ് മോഡിലേക്ക് മാറിയത്. ഓട്ടോമാറ്റിക്ക് ആയി ലാന്‍ഡറും റോവറും ഉണരുന്നതിനായി ചില സര്‍ക്യൂട്ടുകള്‍ നേരത്തെ തന്നെ അതില്‍ സൂക്ഷിച്ചിരുന്നുവെന്നും അതിനായി പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നുമാണ് നേരത്തെ ഇസ്റോ പറഞ്ഞിരുന്നത്. ഉണരുന്നതിന് ഇനിയും സമയം ഉണ്ടെന്നും അത് ഇനിയുള്ള ദിവസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാമെന്നും പ്രതീക്ഷയോടെ കാത്തിരിക്കാമെന്നുമാണ് അധികൃതര്‍ നേരത്തെ അറിയിച്ചത്.

ഇനി വിക്രമും പ്രഗ്യാനും ഉണരാനുള്ള സാധ്യതകള്‍ നേരിയതാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഇത്തരത്തില്‍ നിദ്ര തുടരുവാണെങ്കില്‍പോലും ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-മൂന്നിന്‍റെ വിജയത്തിന്‍റെ പ്രതീകമായി ലാന്‍ഡറും റോവറും ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ തുടരും. ദൗത്യത്തിലെ ലക്ഷ്യങ്ങളെല്ലാം ഇതിനോടകം തന്നെ ഫലപ്രാപ്തിയിലെത്തിയതിനാല്‍ തന്നെ വീണ്ടും ലാന്‍ഡറും റോവറും പ്രവര്‍ത്തനക്ഷമമാകുന്നതിനെ ദൗത്യത്തിലെ ബോണസായിട്ടാണ് ശാസ്ത്രലോകം കാണുന്നത്. ഓഗസ്റ്റ് 23നാണ് രാജ്യത്തിന് അഭിമാനം പകര്‍ന്ന് ചന്ദ്രയാന്‍ 3 ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. ചന്ദ്രോപരിതലത്തിലെ സള്‍ഫര്‍, അലുമിനിയം, കാല്‍സ്യം, സിലിക്കണ്‍, അയണ്‍, ഓക്സിജന്‍, ടൈറ്റാമിയം, ക്രോമിയം, മാംഗനീസ് എന്നിവയുടെ സാന്നിധ്യം കണ്ടെത്താന്‍ ചന്ദ്രയാന്‍ 3ന് സാധിച്ചിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios