ചന്ദ്രയാൻ 3: റോവർ ഇറങ്ങി, ഇന്ത്യയുടെ അശോകസ്തംഭ മുദ്ര ചന്ദ്രനിൽ പതിഞ്ഞു
ഇന്നലെ രാത്രി 9 മണിയോടെയാണ് പേടകത്തിന്‍റെ വാതിൽ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന ജോലികൾ തുടങ്ങിയത്
തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് ലാന്റിൽ നിന്ന് റോവർ ചന്ദ്രനിൽ ഇറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു. മിഷൻ ഓരോ ഘട്ടവും വിജയകരമായി പൂർത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് രാജ്യം. ഇന്നലെ വൈകീട്ട് 6.03നായിരുന്നു സോഫ്റ്റ് ലാൻഡിങ്ങ്. രാത്രി 9 മണിയോടെയാണ് പേടകത്തിന്‍റെ വാതിൽ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന ജോലികൾ തുടങ്ങിയത്.
റോവറിലെ സോളാർ പാനൽ വിടർന്നു. റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ മൂന്നിന്‍റെ ഉദ്ദേശം. ഇതിന്റെ ഭാഗമായി ലാൻഡർ പേ ലോഡുകൾ അടുത്ത ദിവസങ്ങളിൽ പ്രവർത്തന സജ്ജമാകും.
ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടതുകൊണ്ടാണ് ഇത്തവണ നമുക്ക് വിജയിക്കാൻ കഴിഞ്ഞതെന്ന് ഐഎസ്ആർഒ എൽപിഎസ്‍സി മേധാവി വി നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ പരാജയം പഠിച്ച സമിതിയുടെ തലവൻ ആയിരുന്നു വി നാരായണൻ.
ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേക്ക് ഇന്ത്യയെ ഉയർത്തുന്നതാണ് ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ പൂർണ്ണ വിജയം. ഐഎസ്ആർഒ പ്രതീക്ഷിച്ച സമയത്ത് തന്നെ ഇന്ത്യയുടെ ചാന്ദ്ര പേടകം ചന്ദ്രോപരിതലം തൊട്ടു. ഈ നേട്ടത്തോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. പിന്നാലെ ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത് വന്നു. ലാൻഡറിലെ ക്യാമറകൾ എടുത്ത ചന്ദ്രോപരിതലത്തിലെ നാല് ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്.