ചന്ദ്രനോളം അഭിമാനം, ചരിത്ര നിമിഷം; ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലം തൊട്ടു
ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്.
ബംഗ്ലൂരു : ചരിത്ര നിമിഷത്തിൽ രാജ്യം.ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക്
ഇന്ത്യയെ ഉയർത്തി ചന്ദ്രയാൻ മൂന്ന് ദൗത്യം പൂർണ്ണ വിജയം. ഐഎസ്ആർഒ പ്രതീക്ഷിച്ച കൃത്യ സമയത്ത് ഇന്ത്യയുടെ ചാന്ദ്ര പേടകം ചന്ദ്രോപരിതലം തൊട്ടു. 140 കോടി ജനതയുടെ പ്രതീക്ഷകളുമായി ഇന്ത്യൻ ലാൻഡർ ചന്ദ്രനെ തൊട്ടത് ഐ എസ് ആർ ഓ സ്ഥിരീകരിച്ചതോടെ രാജ്യം ആഘോഷത്തിൽ മുങ്ങി.
അണുവിട പിഴക്കാതെ ആറ് മണി കഴിഞ്ഞ് മൂന്നാം മിനുട്ടിൽ ലാൻഡർ ചന്ദ്രനെ തൊട്ടു. നാല് ഘട്ട ലാൻഡിംഗ് പ്രക്രിയ കൃത്യമായിരുന്നു. റഫ് ബ്രേക്കിംങ്ങിലൂടെ സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന പേടകത്തിന്റെ വേഗം സെക്കൻഡിൽ മുന്നൂറ്റിയെഴുപത് മീറ്റർ എന്ന അവസ്ഥയിലെത്തി. ഈ സമയത്ത് ചന്ദ്രോപരിതലത്തിൽ നിന്ന് ഏഴു കിലോമീറ്ററിന് അടുത്ത ഉയരത്തിലായിരുന്നു ലാൻഡർ. ആൾട്ടിട്ട്യൂഡ് ഹോൾഡിങ്ങ് ഘട്ടവും കൃത്യം. മെല്ലെ ചെരിഞ്ഞ് വീണ്ടും വേഗം കുറയ്ക്കുന്ന ഫൈൻ ബ്രേക്കിങ്ങിലേക്ക്. ലാൻഡിങ്ങ് സ്ഥാനത്തിന് 800 മീറ്റർ ഉയരത്തിൽ വച്ച് ഫൈൻ ബ്രേക്കിംഗ് അവസാനിക്കുമ്പോൾ പേടകം നിശ്ചയിച്ച ലാൻഡിങ്ങ് സ്ഥാനത്തിന് തൊട്ടുമുകളിലെത്തിയിരുന്നു. പന്ത്രണ്ട് സെക്കൻഡ് അതിന് മുകളിൽ നിന്ന ശേഷം താഴേക്ക്. ലാൻഡിങ്ങ് സ്ഥാനത്തിന് 150 മീറ്റർ ഉയരത്തിലെത്തി വീണ്ടും അൽപ്പനേരം കാത്തു നിന്നു. സെൻസറുകളും ക്യാമറയിലെ ചിത്രങ്ങളും ലാൻഡിംഗിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതോടെ അടുത്ത ഘട്ടത്തിലേക്കെത്തി. അൽപ്പം മാറി അനുയോജ്യമായ സ്ഥാനം കണ്ടെത്തി. രാജ്യം ചങ്കിടിപ്പോടെ നോക്കി നിൽക്കെ ലാൻഡർ താഴേക്ക്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യൻ കാൽവയ്പ്പ്.
ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്.
ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയച്ചിരുന്നു. അതിന് ശേഷം പേടകത്തിലെ സോഫ്റ്റ്‍വെയറാണ് നിയന്ത്രണമേറ്റെടുത്തത്. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ടാണ് ലാൻഡിംഗ് പൂർത്തിയാക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരുന്നത്. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങൾ വച്ചാണ് ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.
ചന്ദ്രയാൻ 3 ലാന്‍റിംഗ്: നിര്‍ണ്ണായകമായ ആ 17 മിനുട്ടുകളില്‍ സംഭവിക്കുന്നത് വിശദീകരിച്ച് ഐഎസ്ആര്‍ഒ
ചന്ദ്രനിൽ ഇറങ്ങുന്ന ലാൻഡർ, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാൻ റോവർ, പിന്നെ ലാൻഡറിനെ ചാന്ദ്ര ഭ്രമണപഥം വരെയെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ ചേർന്നതാണ് ചന്ദ്രയാൻ മൂന്ന് ദൗത്യം. ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ലാൻഡിങ്ങ് പ്രക്രിയക്ക് തുടക്കമായത്. പേടകത്തിനടിയിലെ നാല് 800 N ലിക്വിഡ് പ്രൊപ്പൽഷൻ എഞ്ചിനുകൾ പ്രവർത്തിപ്പിച്ച് വേഗത കുറച്ചു. സെക്കൻഡിൽ 1.68 കിലോമീറ്റർ എന്ന വേഗത്തിൽ നിന്ന് സെക്കൻഡിൽ 358 മീറ്റർ എന്ന വേഗത്തിലേക്ക് 690 സെക്കൻഡ് കൊണ്ട് പേടകമെത്തി. ഒടുവിൽ കോടിക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി ഇന്ത്യയുടെ ചന്ദ്രയാൻ 3 ചാന്ദ്രോപരിതലം തൊട്ടു.
Chandrayaan-3 live | ISRO | Asianet News Live