ചാന്ദ്ര ദൗത്യത്തിൽ 'ബജറ്റ് ചർച്ച', അക്കങ്ങൾ കള്ളം പറയില്ല! ചന്ദ്രയാൻ vs ഇന്റർസ്റ്റെല്ലാർ സിനിമ; മസ്കും രംഗത്ത്
യഥാർത്ഥ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍റെയും ചാന്ദ്ര ദൗത്യത്തിന്‍റെ കഥ പറഞ്ഞ ഹോളിവുഡ് ചിത്രം ഇന്റർസ്റ്റെല്ലാറിന്റെയും ബജറ്റുകൾ താരതമ്യം ചെയ്തുള്ള ചർച്ചയാണ് 'എക്സ്' ൽ കൊടുമ്പിരികൊണ്ടിരിക്കുന്നത്
ദില്ലി: ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങിയതിന്‍റെ അഭിമാനകരമായ നേട്ടത്തിലാണ് രാജ്യം. ഇന്ത്യൻ ജനതയ്ക്ക് ആകമാനം അഭിമാനകരമായ നേട്ടം ചന്ദ്രയാൻ സ്വന്തമാക്കിയപ്പോൾ സോഷ്യൽ മീഡിയയിൽ രസകരമായൊരു ചർച്ചയും സജീവമാകുകയാണ്. യഥാർത്ഥ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍റെയും ചാന്ദ്ര ദൗത്യത്തിന്‍റെ കഥ പറഞ്ഞ ഹോളിവുഡ് ചിത്രം ഇന്റർസ്റ്റെല്ലാറിന്റെയും ബജറ്റുകൾ താരതമ്യം ചെയ്തുള്ള ചർച്ചയാണ് 'എക്സ്' ൽ കൊടുമ്പിരികൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിലായി 'എക്സ്' മുതലാളി എലോൺ മസ്ക്ക് കൂടി രംഗത്തെത്തിയതോടെ ചർച്ചയും കൊഴുക്കുകയാണ്. ഇന്ത്യക്ക് അഭിനന്ദനം അറിയിച്ച എലോൺ മസ്ക്ക്, ന്യൂസ് തിങ്കിന്‍റെ ബജറ്റ് ചർച്ചയുടെ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
ചരിത്രം കുറിച്ച ചന്ദ്രയാൻ 3! മലയാളക്കരയ്ക്ക് അഭിമാനിക്കാനേറെ, കേരളത്തിൻ്റെ പങ്ക് വിവരിച്ച് മന്ത്രി
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ - 3 ന് 2020 ലെ കണക്ക് പ്രകാരം ചിലവ് 615 കോടി രൂപ (75 മില്യൺ ഡോളർ) ആണെന്നാണ് കുറിപ്പ് പറയുന്നത്. ചാന്ദ്ര ദൗത്യത്തിന്‍റെ കഥ പറഞ്ഞ ഹോളിവുഡ് ചിത്രം ഇന്റർസ്റ്റെല്ലാറിന്റെ ചിലവാകട്ടെ 1362 കോടി (165 മില്യൺ ഡോളർ) ആണെന്നും ചൂണ്ടികാട്ടിയിട്ടുണ്ട്. അതായത് യഥാർത്ഥ ചാന്ദ്ര ദൗത്യത്തിന്‍റെ ഇരട്ടിയോളം ബജറ്റ് വേണ്ടിവന്നു ചാന്ദ്ര ദൗത്യത്തിന്‍റെ കഥ പറഞ്ഞ ഹോളിവുഡ് ചിത്രത്തിന് എന്നാണ് ചൂണ്ടികാട്ടപ്പെടുന്നത്. ഇത് അമ്പരപ്പിക്കുന്നതാണെങ്കിലും, അക്കങ്ങൾ കള്ളം പറയില്ലല്ലോ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
അതേസമയം ഇന്ന് വൈകുന്നേരത്തോടെയാണ് ചന്ദ്രയാൻ 3 ചരിത്ര നിമിഷത്തിലേക്ക് കുതിച്ചിറങ്ങിയത്. ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യയെ ഉയർത്തി ചന്ദ്രയാൻ 3 ദൗത്യം പൂർണ്ണ വിജയമായിരുന്നു. ഐ എസ് ആർ ഒ പ്രതീക്ഷിച്ച കൃത്യ സമയത്ത് ഇന്ത്യയുടെ ചാന്ദ്ര പേടകം ചന്ദ്രോപരിതലത്തിൽ തൊടുകയായിരുന്നു. 140 കോടി ജനതയുടെ പ്രതീക്ഷകളുമായി ഇന്ത്യൻ ലാൻഡർ ചന്ദ്രനെ തൊട്ടത് ഐ എസ് ആർ ഓ സ്ഥിരീകരിച്ചതോടെ രാജ്യം ആഘോഷത്തിൽ മുങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കാനായതിന്‍റെ സന്തേഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം