എഐ സാങ്കേതിക വിദ്യയും ആപ്ലിക്കേഷനുകളും വികസിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനുള്ള സുപ്രധാന ഇന്ത്യഎഐ ദൗത്യത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു

ദില്ലി: അത്യാധുനിക എഐ മോഡൽ വികസിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, സംരംഭകർ എന്നിവരിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. കേന്ദ്ര ഐടി വകുപ്പിന്‍റെ യൂണിറ്റായ ഇന്ത്യഎഐയാണ് ഇതിനായി വിജ്ഞാപനം പുറപ്പെടുവിച്ചത്. എഐ സാങ്കേതിക വിദ്യയും ആപ്ലിക്കേഷനുകളും വികസിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനുള്ള സുപ്രധാന ഇന്ത്യഎഐ ദൗത്യത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. നിലവിലുള്ള എഐ സാങ്കേതിക വിദ്യയിലെ പ്രശ്നങ്ങൾ നികത്തി കൊണ്ടുള്ള മുന്നേറ്റത്തിനാണ് ഇന്ത്യ തയാറെടുക്കുന്നത്. ഇന്ത്യഎഐ മിഷൻ പ്രധാനമായും ഏഴ് തൂണുകളാണ് ഉള്ളത്. 

ഇന്ത്യഎഐ കമ്പ്യൂട്ട്, ഇന്ത്യഎഐ ഇന്നൊവേഷൻ സെന്‍റര്‍, ഇന്ത്യഎഐ ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോം, ഇന്ത്യഎഐ ആപ്ലിക്കേഷൻ ഡെവലപ്‌മെന്‍റ് സംരംഭങ്ങൾ, ഇന്ത്യഎഐ ഫ്യൂച്ചർസ്‌കിൽസ്, ഇന്ത്യഎഐ സ്റ്റാർട്ടപ്പ് ഫിനാൻസിംഗ്, സുരക്ഷിതവും വിശ്വസനീയവുമായ എഐ എന്നിവയാണത്. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷന്‍റെ കീഴിലുള്ള ഒരു സ്വതന്ത്ര ബിസിനസ് വിഭാഗമായ ഇന്ത്യഎഐ മിഷൻ നടപ്പിലാക്കുന്നത്.

ഫൗണ്ടേഷൻ മോഡലുകൾ നിർമ്മിക്കുന്നതിന് ഇന്ത്യൻ ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, സംരംഭകർ എന്നിവരെ പിന്തുണയ്ക്കുകയാണ് ഇന്ത്യഎഐ ഇന്നൊവേഷൻ സെന്‍റര്‍ ചെയ്യുക. ഇന്ത്യൻ ഡാറ്റാസെറ്റുകളിൽ പരിശീലനം ലഭിച്ച അത്യാധുനിക അടിസ്ഥാന എഐ മോഡലുകൾ നിർമ്മിക്കുന്നതിൽ സഹകരിക്കാൻ സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, സംരംഭകർ എന്നിവരിൽ നിന്ന് ഇന്ത്യഎഐ പ്രൊപ്പോസലുകൾ ക്ഷണിച്ചിട്ടുമുണ്ട്. 

ഇന്ത്യൻ പശ്ചാത്തലത്തിലെ വെല്ലുവിളികൾ നേരിട്ട് കൊണ്ട് തന്നെ ആഗോള നിലവാരവുമായി പൊരുത്തപ്പെടുന്ന തദ്ദേശീയ എഐ മോഡലുകൾ സ്ഥാപിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. വലിയ മൾട്ടിമോഡൽ മോഡലുകൾ അല്ലെങ്കിൽ ഒരു വലിയ ഭാഷാ മോഡൽ (എൽഎൽഎം) അല്ലെങ്കിൽ നിർദ്ദിഷ്ട ഡൊമെയ്‌നുകളെയോ അപ്ലിക്കേഷനുകളെയോ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ചെറിയ ഭാഷാ മോഡൽ (എസ്എൽഎം) എന്നിവയും മോഡലുകൾ ആകാം. നവീകരണം പ്രോത്സാഹിപ്പിക്കുക, സാമൂഹിക സ്വാധീനം സൃഷ്ടിക്കുക, ആഗോള തലത്തില്‍ എഐയുടെ ലോകത്ത് ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്നിവയാണ് ഇന്ത്യഎഐയുടെ ലക്ഷ്യം. 

പ്രൊപ്പോസലുകൾ tenders@indiaai.gov.in എന്ന വെബ്സൈറ്റിൽ സമര്‍പ്പിക്കാം.എല്ലാ രേഖകളും പിഡിഎഫ് ഫോർമാറ്റിൽ ആണ് അറ്റാച്ച് ചെയ്യേണ്ടത്. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിലോ ​​കൂടുതൽ വിവരങ്ങൾക്കോ tenders@indiaai.gov.in എന്ന ഇ മെയിൽ വിലാസത്തില്‍ ബന്ധപ്പെടാം. 

ഡീപ്‌സീക്കിന് ചൈനയില്‍ നിന്നുതന്നെ എതിരാളി; ആലിബാബ എഐ ചാറ്റ്‌ബോട്ട് പുറത്തിറക്കി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം