സൂര്യൻ മധ്യവയസിലെത്തി, ഇനി എത്രകാലം! ആയുസ് കണക്കാക്കാൻ ജ്യോതിശാസ്ത്രജ്ഞര്‍
ഓരോ 100 കോടി വർഷം കഴിയും തോറും സൂര്യന്റെ വെളിച്ചം പത്ത് ശതമാനം വർധിക്കും. വെളിച്ചം കൂടുന്നതിന് അനുസരിച്ച് ചൂടും കൂടും. ഇത് ജീവന്റെ നിലനിൽപ്പിനെ തന്നെ സാരമായി ബാധിക്കും.
സൂര്യൻ എത്രകാലവും കൂടിയുണ്ടാകുമെന്ന പഠനത്തിന് പിന്നാലെയാണ് ഫ്രാൻസിൽ നിന്നുള്ള ഒരുകൂട്ടം ജ്യോതി ശാസ്ത്രജ്ഞർ. സൂര്യന്റെയും ഭൂമിയുടെയും ആയുസും ഇതിനിടയിലുള്ള ഘട്ടങ്ങളുമൊക്കെയാണ് ജ്യോതിശാസ്ത്രഞ്ജര് കണ്ടെത്താൻ ശ്രമിക്കുന്നത്. സൂര്യനെ കുറിച്ചുള്ള വസ്തുതകൾ മനസിലാക്കാൻ കഴിഞ്ഞില്ല എങ്കിൽ നിരവധി കാര്യങ്ങൾ അഞ്ജാതമായി തുടരും. സൗരയൂഥത്തിലേയും പ്രപഞ്ചത്തിലേയും മറ്റു നക്ഷത്രങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനെ അത് ബാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഫ്രാൻസിലെ ഡി ലാ കോട്ടെ ഡിഅസുറിലെ ജ്യോതിശാസ്ത്രജ്ഞയായ ഓർലാഗ് ക്രീവെയ് പറഞ്ഞു.
ഭാവിയിലെ സൂര്യനെ കുറിച്ച് കുറച്ചൊക്കെ ധാരണയുണ്ട്, വർഷങ്ങൾ കഴിയുമ്പോൾ സൂര്യന്റെ ചൂട് കൂടി വരും. കൂടാതെ അകക്കാമ്പിലെ ഹൈഡ്രജനും കത്തിതീർന്നു തുടങ്ങും. വൈകാതെ അകക്കാമ്പ് കൂടുതൽ ചുരുങ്ങും. ഇതോടെ ശേഷിക്കുന്ന ഹൈഡ്രജൻ അകക്കാമ്പിന് ചുറ്റും ഒരു പുറം തോടുപോലെ രൂപപ്പെടും. അങ്ങനെ ഹൈഡ്രജൻ കത്തി തീരുന്ന മുറക്ക് ഹീലിയം അകക്കാമ്പിലേക്കെത്തും. ഒടുവിൽ സൂര്യന്റെ ഉൾഭാഗം കൂടുതൽ ശക്തിയിൽ എരിഞ്ഞു തീരാൻ തുടങ്ങും. അന്ന് ഭൂമിയും മറ്റു ഗ്രഹങ്ങളുമൊക്കെ വെറെ രൂപത്തിലായിരിക്കാം. ചൂടൻ നക്ഷത്രമായി മാറുന്ന സൂര്യൻ ചൊവ്വയുടെ ഭ്രമണപഥം വരെ വികസിക്കുമെന്നാണ് കണക്കുകൂട്ടൽ. സൂര്യനകത്തെ ഹീലിയവും ഹൈഡ്രജനും പൂർണമായും കത്തി തീരുന്നതിനൊപ്പം പുറംഭാഗം ഒരു നെബുലയായി മാറും. വെള്ളക്കുള്ളനായി മാറുന്ന സൂര്യന്റെ അകക്കാമ്പ് പൂർണമായി തണുക്കാൻ ലക്ഷക്കണക്കിന് വർഷം വേണ്ടി വരും.
ഓരോ നക്ഷത്രങ്ങളുടേയും പ്രത്യേകതകൾക്കനുസരിച്ചാണ് ഈ കാലഗണനയിൽ മാറ്റമുണ്ടാകുന്നത്. സൂര്യന്റേതിന് സമാനമായി നക്ഷത്രങ്ങളുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തുന്നത്. ജീവിതകാലത്തിൽ നക്ഷത്രങ്ങളുടെ ഭാരം മാറുകയില്ല. ഉള്ളിലുണ്ടാവുന്ന ന്യൂക്ലിയർ ഫ്യൂഷന് അനുസരിച്ച് താപനിലയിൽ വ്യത്യാസമുണ്ടാകും. വെളിച്ചത്തിലും ഇത് വ്യത്യാസങ്ങൾ സൃഷ്ടിക്കും. സൂര്യന് ഏകദേശം 457 കോടി വർഷം പ്രായമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏതാണ്ട് മധ്യവയസിലെത്തിയിട്ടുണ്ട് സൂര്യൻ എന്നർത്ഥം.
സൂര്യന്റെ അകക്കാമ്പിലെ താപനില 5,772 കെൽവിനാണ്. 5,863 നക്ഷത്രങ്ങളാണ് സൂര്യന് സമാനമായുള്ളത്. ഇവ പല പ്രായത്തിലുള്ളവയാണ്.അവയെ പ്രായമനുസരിച്ച് ക്രമീകരിച്ചാണ് സൂര്യന്റെ പ്രായം കണ്ടെത്തുന്നത്. 800 കോടി വർഷങ്ങൾക്കുള്ളിൽ സൂര്യന്റെ ഊഷ്മാവ് പരമാവധിയിൽ ആകുമെന്നാണ് സൂചന.1000 കോടി മുതൽ 1100 കോടി വരെ വർഷങ്ങൾക്കുള്ളിൽ സൂര്യൻ മാറും. ഒരു ചുവന്ന ഭീമൻ നക്ഷത്രമായി ആയിരിക്കും പിന്നിട് കാണുക. ദുരന്തങ്ങൾ സംഭവിച്ചില്ലെങ്കിൽ 100 കോടി വർഷം ഭൂമിയിൽ ജീവനുണ്ടാകും. ഓരോ 100 കോടി വർഷം കഴിയും തോറും സൂര്യന്റെ വെളിച്ചം പത്ത് ശതമാനം വർധിക്കും. വെളിച്ചം കൂടുന്നതിന് അനുസരിച്ച് ചൂടും കൂടും. ഇത് ജീവന്റെ നിലനിൽപ്പിനെ തന്നെ സാരമായി ബാധിക്കും.