Asianet News MalayalamAsianet News Malayalam

ഛിന്നഗ്രഹം ചമ്മിപ്പോയി; ഭൂമിയെ തൊട്ടുപോലും നോവിക്കാതെ ആകാശ ഭീമന്‍ കടന്നുപോയി, ആശങ്കയൊഴിഞ്ഞു

കണ്ടെത്തിയത് മുതല്‍ നാസ വിടാതെ പിന്തുടര്‍ന്ന ഛിന്നഗ്രഹമായിരുന്നു 2024 ഒഎന്‍

Asteroid 2024 ON safely passed Earth
Author
First Published Sep 18, 2024, 1:07 PM IST | Last Updated Sep 18, 2024, 1:10 PM IST

ഭയപ്പെട്ടത് പോലെ ഒന്നും സംഭവിച്ചില്ല. രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹം '2024 ഒഎന്‍' (Asteroid 2024 ON) ഭൂമിക്ക് യാതൊരു പരിക്കുമേല്‍പിക്കാതെ കടന്നുപോയി. സെപ്റ്റംബര്‍ 17ന് സെൻട്രൽ യൂറോപ്യൻ സമ്മർ ടൈം പ്രകാരം 10:17നാണ് 2024 ഒഎന്‍ ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്തെത്തുക എന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സൗമ്യതയോടെ 2024 ഒഎന്‍ ഭൂമിയെ പിന്നിലാക്കി കുതിച്ചു. 2035ല്‍ വീണ്ടും 2024 ഒഎന്‍ ഭൂമിക്ക് അരികിലെത്തും. 

കണ്ടെത്തിയത് മുതല്‍ നാസ വിടാതെ പിന്തുടര്‍ന്ന ഛിന്നഗ്രഹമായിരുന്നു 2024 ഒഎന്‍. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും 2024 ഒഎന്‍ ഛിന്നഗ്രഹത്തില്‍ ഒരു കണ്ണ് വച്ചു. അസാധാരണമായ വലിപ്പവും വേഗവുമായിരുന്നു ഇതിന് കാരണം. 210-500 മീറ്റര്‍ വലിപ്പം കണക്കാക്കുന്ന ഈ ഛിന്നഗ്രഹം 40,233 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത് എന്നായിരുന്നു നാസയുടെ അനുമാനം. ഭൂമിയെ തൊട്ടുപോലും നോവിക്കാതെ 2024 ഒഎന്‍ സുരക്ഷിത അകലത്തിലൂടെ കടന്നുപോകുമെന്ന് നാസ നേരത്തെ പ്രവചിച്ചുവെങ്കിലും ബഹിരാകാശത്തെ മറ്റ് കൂട്ടയിടികളെ തുടര്‍ന്ന് ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപാതയില്‍ വ്യതിയാനമുണ്ടായാല്‍ അത് ഭൂമിയില്‍ കനത്ത നാശനഷ്‌ടമുണ്ടാക്കും എന്നതായിരുന്നു ആശങ്കകള്‍ക്ക് കാരണം. എന്നാല്‍ എല്ലാ ആശങ്കകളും അവസാനിപ്പിച്ച്  2024 ഒഎന്‍ ഛിന്നഗ്രഹം കടന്നുപോയി. 

ഭൂമിയില്‍ നിന്ന് 997,793 കിലോമീറ്റര്‍ അകലത്തിലൂടെയാണ് 2024 ഒഎന്‍ ഛിന്നഗ്രഹം കടന്നുപോയത് എന്നാണ് കണക്കാക്കുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്‍റെ രണ്ടര ഇരട്ടി വരുമിത്. ജൂലൈ 27ന് അറ്റ്‌ലസ് സ്കൈ സര്‍വേയിലാണ് 2024 ഒഎന്‍ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇതിന് ശേഷം നാസയുടെ നിയര്‍-എത്ത് ഒബ്‌ജെക്റ്റ് ഒബ്‌സര്‍വേഷന്‍സ് പ്രോഗ്രാം സൂക്ഷ്‌മമായി ഛിന്നഗ്രഹത്തിന്‍റെ പാത നിരീക്ഷിച്ചുവരികയായിരുന്നു. നാസയുടെ കാലിഫോര്‍ണിയയിലുള്ള ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി 2024 ഒഎന്‍ ഛിന്നഗ്രഹത്തിന്‍റെ വലിപ്പവും രൂപവും ഒപ്റ്റിക്കല്‍ ടെലസ്‌കോപ്പുകള്‍ ഉപയോഗിച്ച് പഠിച്ചു. 2035ല്‍ ഈ ഛിന്നഗ്രഹം വീണ്ടും ഭൂമിക്ക് അരികിലെത്തും എന്ന് കണക്കാക്കുന്നു. 

Read more: അലാസ്‌ക മലനിരകള്‍ കിടിലോസ്‌കി; മരങ്ങള്‍ക്ക് മീതെ കുടപോലെ 'നോര്‍ത്തേണ്‍ ലൈറ്റ്സ്'- ചിത്രങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios