ചന്ദ്രനെ വലംവെച്ച ആദ്യയാളുകളിലൊരാള്‍; 'എര്‍ത്ത്‌റൈസ്' പകര്‍ത്തിയ വില്യം ആന്‍ഡേഴ്‌സ് വിമാനാപകടത്തില്‍ മരിച്ചു

1968ല്‍ ബഹിരാകാശത്ത് നിന്ന് വില്യം ആന്‍ഡേഴ്‌സ് നീല മാര്‍ബിള്‍ പോലെ തിളങ്ങുന്ന ഭൂമിയെ പകര്‍ത്തി

Apollo 8 astronaut and Earthrise photographer William Anders dies in plane crash

വാഷിംഗ്ടണ്‍: 1968ലെ അപ്പോളോ-8 ചാന്ദ്രദൗത്യ സംഘാംഗവും വിഖ്യാതമായ എര്‍ത്ത്‌റൈസ് ഫോട്ടോ പകര്‍ത്തിയയാളുമായ വില്യം ആന്‍ഡേഴ്‌സ് വിമാനാപകടത്തില്‍ മരണപ്പെട്ടു. 90 വയസായിരുന്നു. അമേരിക്കന്‍ വ്യോമസേനയിലെ മുന്‍ മേജര്‍ ജനറല്‍ കൂടിയായ വില്യം സ്വയം പറത്തിയ ചെറുവിമാനം വാഷിംഗ്ടണിലെ ജുവാന്‍ ദ്വീപിനടുത്തുള്ള കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. വില്യം ആന്‍ഡേഴ്‌സിന്‍റെ മകനാണ് പിതാവിന്‍റെ മരണവിവരം ലോകത്തെ അറിയിച്ചത്. 

അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായിരുന്ന വില്യം ആന്‍ഡേഴ്‌സ് നാസയുടെ 1968ലെ അപ്പോളോ-8 ദൗത്യത്തിന്‍റെ ഭാഗമായതോടെയാണ് ബഹിരാകാശ ഗവേഷണരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. വില്യം ആന്‍ഡേഴ്‌സിനൊപ്പം ഫ്രാങ്ക് ബോര്‍മാനും ജയിംസ് ലോവലും ചന്ദ്രനെ വലംവെച്ച ആദ്യ മനുഷ്യര്‍ എന്ന ചരിത്രം അന്ന് കുറിച്ചു. ഭൂമിയിലിറങ്ങാതെ 10 വട്ടമാണ് ഈ മൂവര്‍ സംഘം ചന്ദ്രനെ അതിന്‍റെ ഭ്രമണപഥത്തില്‍ വലംവെച്ചത്. മനുഷ്യനെ വഹിച്ചുകൊണ്ട് ഒരു വാഹനം ആദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്ത് എത്തുന്നത് അപ്പോളോ-8 ദൗത്യത്തിലൂടെയായിരുന്നു എന്ന സവിശേഷതയുമുണ്ട്. 

എര്‍ത്ത്‌റൈസ് ഫോട്ടോ

1968ല്‍ ബഹിരാകാശത്ത് നിന്ന് വില്യം ആന്‍ഡേഴ്‌സ് നീല മാര്‍ബിള്‍ പോലെ തിളങ്ങുന്ന ഭൂമിയെ പകര്‍ത്തി. ഭൂമിയെ കുറിച്ചുള്ള ഏറ്റവും നിര്‍ണായക രൂപം ശാസ്ത്ര ലോകത്തിന് നല്‍കിയ ചിത്രമാണിത്. ചന്ദ്രനെ 10 വട്ടം വലംവെച്ചുള്ള അപ്പോളോ-8ന്‍റെ പര്യടനത്തിനിടെയായിരുന്നു ചിത്രം അദേഹം പകര്‍ത്തിയത്. ലോകത്തെ മാറ്റിമറിച്ച 100 ഫോട്ടോകളുടെ കൂട്ടത്തില്‍ വില്യം ആന്‍ഡേഴ്‌സിന്‍റെ എര്‍ത്ത്‌റൈസ് ഫോട്ടോയെ ലൈഫ് മാഗസിന്‍ അടയാളപ്പെടുത്തിയിരുന്നു. ഈ ചിത്രത്തിന്‍റെ ഒറിജിനല്‍ പ്രിന്‍റ് 2022ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന ലേലത്തില്‍ 11,800 യൂറോയ്‌ക്കാണ് (10,65,749 രൂപ) വിറ്റുപോയത്.  

1933ല്‍ ഹോങ്കോങില്‍ ജനിച്ച വില്യം ആന്‍ഡേഴ്‌സ് യുഎസ് നേവല്‍ അക്കാഡമിയില്‍ നിന്ന് ബിരുദം നേടിയ ശേഷം ന്യൂക്ലിയര്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടി. അമേരിക്കന്‍ എയര്‍ ഫോഴ്‌സില്‍ ഫൈറ്റര്‍ പൈലറ്റായിരുന്ന അദേഹം മേജര്‍ ജനറലായി വരെ സേവനം ചെയ്തു. ഇതിനിടെയാണ് നാസയുടെ ഭാഗമാവുകയും അപ്പോളോ-8ലെ സഞ്ചാരികളില്‍ ഒരാളാവുകയും ചെയ്തത്. യുഎസിലെ ന്യൂക്ലിയര്‍ റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍, നോര്‍വെയിലെ അമേരിക്കന്‍ അംബാസഡര്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. 

Read more: ശ്രദ്ധിക്കുക; ഗൂഗിള്‍ മാപ്പില്‍ അടിമുടി മാറ്റം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios