ഹമ്മോ, 800 മീറ്റര്‍ ഉയരത്തില്‍ സുനാമി ആഞ്ഞടിച്ചു! ദിനോസറുകളെ തീര്‍ത്ത ഛിന്നഗ്രഹ 'കൂട്ടയടി'യോ അന്ന് നടന്നത്?
അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ 'നാഡിര്‍ ഗര്‍ത്തം' ഛിന്നഗ്രഹം പതിച്ചുണ്ടായത്, മെക്‌സിക്കോയിലെ യുകാറ്റാനില്‍ 'കൊലയാളി ഛിന്നഗ്രഹം' പതിച്ച അതേ കാലത്ത് തന്നെ സംഭവിച്ച മഹാദുരന്തം
ഭൂമിയില്‍ ദിനോസറുകളുടെ വംശനാശത്തിന് വഴിവെച്ചത് മെക്‌സിക്കോയിലെ യുകാറ്റാൻ പെനിൻസുലയില്‍ 66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് പതിച്ച ഒരു ഛിന്നഗ്രഹമായിരുന്നു എന്നാണ് ശാസ്ത്രലോകം ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാല്‍ ഈ കൊലയാളി ഛിന്നഗ്രഹം ഒറ്റയ്ക്കായിരുന്നില്ല, മറ്റൊരു ഛിന്നഗ്രഹം കൂടി ഏതാണ് അതേ കാലയളവില്‍ ഭൂമിയില്‍ പതിച്ചിരുന്നതായും അതും ദിനോസറുകളെ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കുന്നതിലേക്ക് നയിച്ചിരിക്കാം എന്നാണ് പുതിയ കണ്ടെത്തല്‍.
അറ്റ്‌ലാന്‍റിക്കിലെ കുഞ്ഞ് വില്ലന്‍!
വടക്കേയമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയിലെ യുകാറ്റാനില്‍ 66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് പതിച്ച ഛിന്നഗ്രഹമാണ് ഭൂമുഖത്ത് നിന്ന് ദിനോസറുകളെ തുടച്ചുനീക്കിയത് എന്നായിരുന്നു ഇതുവരെയുള്ള അനുമാനം. ഈ ഛിന്നഗ്രഹത്തിനൊപ്പം മറ്റൊരു വില്ലന്‍ കൂടി ഭൂമിയില്‍ ഏതാണ് അതേ കാലത്ത് ഇടിച്ചിറങ്ങിയിരുന്നു എന്നാണ് പുതിയ കണ്ടെത്തല്‍. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഗിനിക്ക് സമീപം അറ്റ്‌ലാന്‍റിക് സമുദ്രത്തിലാണ് ഈ രണ്ടാമന്‍ പതിച്ചത് എന്ന് നേച്ചര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഗിനി തീരത്തുള്ള നാഡിര്‍ ഗര്‍ത്തത്തില്‍ നടത്തിയ പഠനങ്ങളാണ് ചരിത്രപരമായ കണ്ടെത്തിലേക്ക് ഇപ്പോള്‍ നയിച്ചിരിക്കുന്നത്.
അറ്റ്‌ലാന്‍റിക് സമുദ്രത്തിന്‍റെ ആഴത്തില്‍ 2022ല്‍ വിശാലമായ ഒരു ഗര്‍ത്തം എഡിന്‍ബര്‍ഗിലുള്ള ഹെരിയോറ്റ്-വാറ്റ് സര്‍വകലാശാലയിലെ മറൈന്‍ ജിയോളജിസ്റ്റായ ഡോ. ഉയിസ്ഡീന്‍ നിക്കോള്‍സണ്‍ കണ്ടെത്തുകയായിരുന്നു. നാഡിര്‍ ഗര്‍ത്തം എന്നതിന് അദേഹം പേര് നല്‍കുകയും ചെയ്തു. ഇവിടെ ഏറ്റവും ഒടുവിലായി നടന്ന പഠനമാണ് ഗര്‍ത്തത്തിന്‍റെ ചുരുളഴിച്ചത്. 8 കിലോമീറ്ററിലേറെ വ്യാസത്തില്‍ നാഡിര്‍ ഗര്‍ത്തം അറ്റ്‌ലാന്‍റിക്കിന്‍റെ അടിത്തട്ടില്‍ വ്യാപിച്ചുകിടക്കുന്നു. ഭൂമിയില്‍ നിന്ന് ദിനോസറുകളെ തുടച്ചുനീക്കിയെന്ന് കരുതുന്ന ഛിന്നഗ്രഹത്തേക്കാള്‍ കുഞ്ഞനും 400 മീറ്റര്‍ വലിപ്പവുമുള്ള പാറക്കഷണം പതിച്ചാണ് നാഡിര്‍ ഗര്‍ത്തമുണ്ടായത്. മണിക്കൂറില്‍ 72,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചിരുന്ന ഛിന്നഗ്രഹം 65-67 ദശലക്ഷം വര്‍ഷം മുമ്പ് പതിച്ചാണ് നാഡിര്‍ ഗര്‍ത്തമുണ്ടായത് എന്നും നിക്കോള്‍സണ്‍ പഠനത്തില്‍ വിശദീകരിക്കുന്നു.
സമുദ്രത്തില്‍ 300 മീറ്റര്‍ ആഴത്തിലുള്ള നാഡിര്‍ ഗര്‍ത്തം അത്യാധുനികമായ 3ഡി സീസ്‌മിക് ഇമേജിംഗ് വഴി പകര്‍ത്തിയാണ് ഡോ. ഉയിസ്ഡീന്‍ നിക്കോള്‍സണ്‍ ഗര്‍ത്തത്തിന്‍റെ വിശദാംശങ്ങളിലേക്ക് ചൂഴ്ന്നിറങ്ങിയത്. ലോകത്താകമാനം 20ഓളം സമുദ്ര ഗര്‍ത്തങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നാഡിര്‍ ഗര്‍ത്തിന്‍റെ അത്രത്തോളം വിശദാംശങ്ങളോടെ അവയില്‍ മറ്റൊന്നിന്‍റെയും വിവരങ്ങള്‍ പകര്‍ത്തപ്പെട്ടിട്ടില്ല എന്ന് നിക്കോള്‍സണ്‍ അഭിമാനത്തോടെ പറയുന്നു.
800 മീറ്റര്‍ ഉയരത്തില്‍ സുനാമി
72,000 കിലോമീറ്റര്‍ വേഗത്തില്‍ 400 മീറ്റര്‍ വ്യാസമുള്ള വലിയ പാറക്കഷണം ഭൂമിയില്‍ പതിച്ചാല്‍ എന്താകും സംഭവിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഛിന്നഗ്രഹത്തിന്‍റെ വീഴ്ച സമുദ്രത്തിലായതിനാല്‍ ആഘാതത്തിന് കുറവ് വന്നിരിക്കാം എന്ന് നമുക്ക് തോന്നാനിടയുണ്ട്. എന്നാല്‍ നമുക്ക് സങ്കല്‍പിക്കാന്‍ കഴിയാത്തത്ര ഗുരുതര പ്രത്യാഘാതം ഈ ഛിന്നഗ്രഹത്തിന്‍റെ കൂട്ടയിടി അറ്റ്‌ലാന്‍റിക്കില്‍ സൃഷ്ടിച്ചു എന്ന് ഡോ. ഉയിസ്ഡീന്‍ നിക്കോള്‍സണ്‍ പഠനത്തില്‍ വ്യക്തമാക്കി. ഭീമന്‍ ഛിന്നഗ്രഹത്തിന്‍റെ പതനം അറ്റ്‌ലാന്‍റിക് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ ശക്തമായ ഭൂകമ്പത്തിന് കാരണമായി. നാഡിര്‍ ഗര്‍ത്തത്തിന് സമീപം ആയിരക്കണക്കിന് സ്ക്വയര്‍ മൈല്‍ വ്യാപ്തിയില്‍ നാശനഷ്ടങ്ങള്‍ക്കും മണ്ണിടിച്ചിലിനും കാരണമായി. മാത്രമല്ല, 800 മീറ്ററിലേറെ ഉയരത്തില്‍ സുനാമിത്തിരകള്‍ അറ്റ്‌ലാന്‍റിക് സമുദ്രത്തിലുടനീളം ഈ ഛിന്നഗ്രഹത്തിന്‍റെ പതനം സൃഷ്ടിച്ചുവെന്നും അദേഹം പറയുന്നു.
66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് മെക്‌സിക്കോയിലെ യുകാറ്റാൻ പെനിൻസുലയില്‍ 6-9 മൈല്‍ വ്യാസമുള്ള ഭീമന്‍ ഛിന്നഗ്രഹമാണ് പതിച്ചത് എന്നാണ് അനുമാനം. ഈ കൂട്ടയിടി 112 മൈല്‍ വീതിയും 12 മൈല്‍ ആഴവുമുള്ള ചിക്സുലബ് ഗര്‍ത്തത്തിന് കാരണമായി. 66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുകാറ്റാന്‍ പെനിന്‍സുലയിലും ഛിന്നഗ്രഹം പതിച്ചത് എന്നതാണ് അറ്റ്‌ലാന്‍റിക്കില്‍ വീണ ഛിന്നഗ്രഹവും ദിനോസറുകളുടെ വംശനാശത്തിന് കാരണമായിരുന്നിരിക്കാം എന്ന നിഗമനങ്ങള്‍ക്കാധാരം. ഇന്ത്യയില്‍ നിന്നടക്കം ലഭിച്ചിട്ടുള്ള ദിനോസറുകളുടെ ഫോസിലുകളില്‍ നടത്തിയ പഠനങ്ങളാണ് ദിനോസറുകള്‍ക്ക് വംശനാശം ഏത് കാലയളവിലാണ് എന്ന അനുമാനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്. ദിനോസറുകള്‍ മാത്രമല്ല, മറ്റനേകായിരം ജീവജാലങ്ങളുടെ കൂട്ടവംശനാശത്തിനും യുകാറ്റാനിലെ കൂട്ടയിടി കാരണമായി.
Read more: ദിനോസറുകളുടെ വംശനാശത്തിന് കാരണമായത് ഛിന്നഗ്രഹം തന്നെ; ഉത്ഭവം വ്യാഴത്തിന് അപ്പുറത്തുനിന്ന്- പഠനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം