പോകുന്ന വഴിയിൽ സെൽഫിയെടുത്ത് ആദിത്യ എൽ-1; ഭൂമിയുടെയും ചന്ദ്രന്റെയും പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആർഒ

ആദിത്യ പകര്‍ത്തിയ സെല്‍ഫിയില്‍ വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫും (വിഇഎല്‍സി), സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‍കോപ്പും (എസ്.യു.ഐ.ടി) വ്യക്തമായി കാണാം. സൂര്യന്റെ വിവിധ പ്രത്യേകതകള്‍ പഠിക്കാനായി ആദിത്യ എല്‍ വണ്ണില്‍ ഘടിപ്പിച്ചിരിക്കുന്ന പേലോഡുകളാണ് ഇവ രണ്ടും. 

Aditya L1 takes selfie one its way and clicked latest pictures of earth and moon ISRO releases new images afe

ബംഗളുരു: ഇന്ത്യയുടെ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ വണ്‍ അതിന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്ര തുടരുകയാണ്. യാത്രയ്ക്കിടെ ആദിത്യ എല്‍ 1 എടുത്ത സെല്‍ഫിയാണ് ഏറ്റവും ഒടുവില്‍ ഐഎസ്ആര്‍ഒ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതൊടൊപ്പം ഭൂമിയുടെയും ചന്ദ്രന്റെയും പുതിയ ചിത്രങ്ങളും ആദിത്യ എല്‍ വണ്‍ പകര്‍ത്തി. ഇവയും സാമൂഹിക മാധ്യമമായ എക്സിലൂടെ ഐ.എസ്.ആര്‍.ഒ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ആദിത്യ പകര്‍ത്തിയ സെല്‍ഫിയില്‍ വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫും (വിഇഎല്‍സി), സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‍കോപ്പും (എസ്.യു.ഐ.ടി) വ്യക്തമായി കാണാം. സൂര്യന്റെ വിവിധ പ്രത്യേകതകള്‍ പഠിക്കാനായി ആദിത്യ എല്‍ വണ്ണില്‍ ഘടിപ്പിച്ചിരിക്കുന്ന പേലോഡുകളാണ് ഇവ രണ്ടും. വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫ്, ഐഎസ്ആര്‍ഒയും ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സും സംയുക്തമായി നിര്‍മിച്ചതാണ്. സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‍കോപ്പ് ആവട്ടെ, പൂനെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആസ്‍ട്രോണമി ആന്റ് ആസ്‍ട്രോഫിസിക്സ് വികസിപ്പിച്ചെടുത്തതാണ്. ഇവയ്ക്ക് പുറമെ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്സ്പിരിമെന്റ് (ASPEX), പ്ലാസ്മ അനലൈസന്‍ പാക്കേജ് ഫോര്‍ ആദിത്യ (PAPA), സോളാര്‍ ലോഎനര്‍ജി എക്സ്റേ സ്‍പെക്ട്റോമീറ്റര്‍ (SoLEXS), ഹൈ എനര്‍ജി എല്‍ 1 ഓര്‍ബിറ്റിങ് എക്സ് റേ സ്‍പെക്ട്രോ‍മീറ്റര്‍ (HEL10S) എന്നിങ്ങനെയുള്ള പ്ലേ ലോഡുകളും ആദിത്യ എല്‍ വണ്ണിലുണ്ട്. 
 

ഇതിനോടകം രണ്ട് തവണാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തിയത്. ആദ്യം സെപ്റ്റംബര്‍ മൂന്നാം തീയ്യതിയും പിന്നീട് സെപ്റ്റംബര്‍ അഞ്ചാം തീയ്യതിയും ഭ്രമണപഥം ഉയര്‍ത്തി. ഇനി രണ്ട് തവണ കൂടി ഭ്രമണപഥം ഉയര്‍ത്തും. അതിന് ശേഷമാണ് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുക. 

നാല് മാസം നീളുന്ന യാത്രയാണ് ആദിത്യ എല്‍ ഒന്നിന്‍റെ മുന്നിലുള്ളത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1, ഇസ്രോയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതല്‍ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിര്‍ത്തുന്നു. സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യന്‍ ദൗത്യം. സൂര്യന്റെ കൊറോണയെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്‌ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ.

ആദിത്യയുടെ യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. സൗരയൂഥത്തിന്റെ ഊര്‍ജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാന്‍ പറ്റുന്നൊരിടമാണ് ആദിത്യയുടെ ലക്ഷ്യം. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ഹാലോ ഓര്‍ബിറ്റാണ് ആദിത്യ ലക്ഷ്യമിടുന്നത്. 

Read also: ചന്ദ്രോപരിതലത്തിൽ തലയെടുപ്പോടെ വിക്രം ലാൻഡർ, ത്രീഡി ചിത്രവുമായി ഐഎസ്ആർഒ ‌

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios