കേൾക്കുമ്പോൾ അത്ഭുതം തോന്നും, 46000 ഓളം വർഷം നീണ്ട ഉറക്കത്തിൽ നിന്നുണർന്ന് ഒരു വിര!

കൂടുതല്‍ കാലം ഉറങ്ങിക്കിടന്ന ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോഡ് കിട്ടാൻ അർഹതയുള്ള ജീവിയാണിതെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ജര്‍മനിയിലെ മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളികുലാര്‍ സെല്‍ ബയോളജി ആന്‍ഡ് ജനറ്റിക്‌സിലെ പ്രൊഫസർ പറയുന്നത്.

a worm has been revived after 46000 years in the Siberian permafrost here is the details vkv

യുഗങ്ങളോളം നീണ്ട ഉറക്കത്തിൽനിന്ന് ഉണർന്ന ഒരാളെക്കുറിച്ചാണ് ശാസ്ത്രലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്. 46000 ഓളം വർഷം സുഖമായി ഉറങ്ങിയശേഷം ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് ഒരു വിര !. സാധാരണ ഉറങ്ങുന്നതിനേക്കാൾ കൂടുതൽ ഉറങ്ങിയെഴുന്നേറ്റാൽ സ്ഥലവും കാലവും സമയവുമൊക്കെ തിരിച്ചറിയാൻ നമുക്കൊരു ബുദ്ധിമുട്ട് തോന്നാറുണ്ട് അല്ലേ. രാവിലെയാണോ, വൈകിട്ടാണോ, ഒരു ദിവസം കഴിഞ്ഞുപോയോ അങ്ങനെ പല സംശയങ്ങളും തോന്നിയേക്കാം. എന്നാൽ നാല്പത്തിയാറായിരം വർഷത്തോളം നീണ്ട ഒരുറക്കം കഴിഞ്ഞ് എഴുന്നേറ്റാലോ? 

കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും സത്യത്തിൽ യുഗങ്ങളോളം നീണ്ട ഉറക്കത്തിൽനിന്ന് ഉണർന്ന ഒരാളെക്കുറിച്ചാണ് ശാസ്ത്രലോകം ചർച്ച ചെയ്യുന്നത്. മനുഷ്യനും മൃഗവുമൊന്നുമല്ല, ഒരു വിരയാണ്‌ 46000 ഓളം വർഷം സുഖമായി ഉറങ്ങിയത്. സൈബീരിയയിലെ പെർമഫ്രോസ്റ്റ് എന്ന നിബിഡ മഞ്ഞുപാളികൾക്കിടയിലാണ് ഈ വിര ഇത്രയും കാലം ഉറങ്ങി ജീവിച്ചത്. ഗാഢമായ ഈ നിദ്രയിൽനിന്ന് ഇതിനെ ഉണർത്തുന്നതിൽ ശാസ്ത്രജ്ഞർ വിജയിച്ചതോടെയാണ് ഉറക്കവും തുടർന്നുള്ള ഉണരലുമെല്ലാം വാർത്തയിൽ ഇടം പിടിച്ചത്.

കൂടുതല്‍ കാലം ഉറങ്ങിക്കിടന്ന ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോഡ് കിട്ടാൻ അർഹതയുള്ള ജീവിയാണിതെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ജര്‍മനിയിലെ മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളികുലാര്‍ സെല്‍ ബയോളജി ആന്‍ഡ് ജനറ്റിക്‌സിലെ പ്രൊഫസർ പറയുന്നത്. എങ്ങനെയാണ് ഇത്രയധികം കാലം ഉറങ്ങിക്കിടക്കാൻ വിരകൾക്ക് സാധിക്കുന്നത്? ക്രിപ്‌റ്റോബയോസിസ് എന്ന വിരകളുടെ സവിശേഷതയാണ് ഇതിനവയെ സഹായിക്കുന്നത്. ദീര്‍ഘകാലത്തേക്ക് ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്തത്രയും പതുക്കെയാക്കാൻ ഇത്തരം വിരകൾക്ക് കഴിയും. ഈ സമയം ജീവനുണ്ടോ ഇല്ലയോ എന്നുപോലും തിരിച്ചറിയാൻ കഴിയാത്തത്ര ഗാഢമായ ഉറക്കത്തിലായിരിക്കും വിരകളുണ്ടാവുക. 

ഈ സമയത്ത് ഇവ ചലിക്കുകയോ സന്താനങ്ങളെ ഉദ്പാദിപ്പിക്കുകയോ  വെള്ളമോ ഓക്സിജനോ സ്വീകരിക്കുകയോ ഭക്ഷണം ദഹിപ്പിക്കുകയോ ഒന്നും ചെയ്യുന്നില്ല. കൂടിയതും കുറഞ്ഞതുമായുള്ള ഏത് താപനിലയെയും അതിജീവിക്കാൻ ഇവർക്ക് കഴിയും. ഉപ്പ് നിറഞ്ഞ വെള്ളത്തിൽ കഴിയാനും സാധിക്കും. ചുരുക്കത്തിൽ ജീവനുണ്ടോ എന്ന ചോദിച്ചാൽ ഉണ്ട്, ഇല്ലേ എന്ന ചോദിച്ചാൽ ഇല്ല. ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിൽ കഴിയാനുള്ള ഇവയുടെ ഈ കഴിവ് ശാസ്ത്രലോകത്തിന് വലിയ അമ്പരപ്പാണുണ്ടാക്കിയിട്ടുള്ളത്.

പ്രതിരോധശേഷിയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം മോശമായി ബാധിക്കുന്ന ജീവജാലങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്കും ഈ ജീവികളെക്കുറിച്ചുള്ള പഠനം കൂടുതൽ വെളിച്ചം വീഴുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. അതേസമയം മറ്റൊരു ചർച്ച കൂടി സജീവമായിട്ടുണ്ട്. അജ്ഞാതമായ ഇത്തരം ജീവിവർഗങ്ങളെ ഉണർത്തുന്നതുവഴി ലോകത്തിനുതന്നെ ഭീഷണിയുണ്ടാകാൻ സാധ്യതയില്ലേ എന്നതാണ് ചർച്ചയുടെ അടിസ്ഥാനം. കൊവിഡ് എന്ന മഹാമാരിയിൽനിന്ന് ഇപ്പോഴും ലോകം പൂർണമായി മുക്തി നേടിയിട്ടില്ല. അപ്പോൾ ഇത്തരം ജീവികൾ അജ്ഞാതമായ രോഗാണുക്കൾ വഹിക്കുന്നവരോ രോഗകാരികളോ ആണെങ്കിൽ അത് സൃഷ്ടിക്കാനിടയുള്ള അപകടം കൂടി പരിഗണിക്കണമെന്നാണ് ഇവരുടെ വാദം.

46000 ഓളം വർഷം നീണ്ട ഉറക്കത്തിൽ നിന്നുണർന്ന് ഒരു വിര!

ഈ വിരയെ കണ്ടെത്തിയ സൈബീരിയയിലെ പെർമഫ്രോസ്റ്റ് മഞ്ഞുപാളി കാലങ്ങളായി ശാസ്ത്രജ്ഞരെ ഭയപ്പെടുത്തുന്ന ഒന്നുകൂടിയാണ്. മണ്ണും മഞ്ഞും കൂടിക്കുഴഞ്ഞ ഉത്തരധ്രുവ മേഖലയിലെ കാലങ്ങളോളം പഴക്കമുള്ള മഞ്ഞുപാളികളാണിവ. ഇതിനുള്ളിൽ മറഞ്ഞിരിക്കുന്ന ചരിത്രാതീത കാലത്തോളം പഴക്കമുള്ള വൈറസുകളും ബാക്ടീരിയകളും നിർജീവാവസ്ഥ വിട്ടുവന്നാൽ അത് വലിയ വിപത്തിന് കാരണമായേക്കാം. മഞ്ഞുരുകി ഈ ബാക്ടീരിയകൾ പുറത്ത് പരക്കുന്ന സാഹചര്യത്തെ ഭീതിയോടെയാണ് ശാസ്ത്രലോകം കാണുന്നത്.

2016ൽ ധ്രുവപ്രദേശത്തിന്റെ ഭാഗമായുള്ള സൈബീരിയയിലെ യമാൽ പ്രദേശത്ത് വലിയ ആന്ത്രാക്സ് ബാധ ഉണ്ടാകാൻ കാരണമായത് വർഷങ്ങൾക്കു മുൻപ് മഞ്ഞിലാണ്ടു പോയ ആന്ത്രാക്സ് ബാധിച്ച ഒരു മാനിന്റെ ശരീരമായിരുന്നു. ഇത്തരത്തിൽ പെർമഫ്രോസ്റ്റ് സംരക്ഷിച്ചിരിക്കുന്ന സൂക്ഷ്മകോശജീവികളെ നേരത്തെയും കണ്ടെത്തിയിട്ടുണ്ട്. 2005ൽ നാസാ ഗവേഷകർ 32000 വർഷം പഴക്കമുള്ള ചില സൂക്ഷ്മകോശജീവികളെയും 2014ൽ പിതോവൈറസ്, മോളിവൈറസ് തുടങ്ങിയ വലുപ്പമേറിയ വൈറസുകളെയും ശാസ്ത്രജ്ഞർ പെർമഫ്രോസ്റ്റിൽ നിന്നു കണ്ടെത്തി സജീവമാക്കിയിട്ടുണ്ട്. 

എന്നാൽ ഇവയൊന്നും മനുഷ്യന് അപകടമുണ്ടാക്കുന്നവയല്ല. അതേസമയം ഇവിടെയുള്ള എല്ലാ വൈറസുകളും  ഇങ്ങനെയായിരിക്കണമെന്നില്ല. ഒരുപക്ഷേ ആദിമ മനുഷ്യരായ നിയാണ്ടർത്താലുകൾ വരെ പലനൂറ്റാണ്ടുകളിൽ വൈറസ് ബാധയോ മറ്റോ മൂലം മരിച്ചവരുടെ ശരീരങ്ങൾ ഇവിടെ തണുത്തുറഞ്ഞ് കിടപ്പുണ്ടാകാം.  ഇത് പുറത്തുവന്നാൽ നമുക്ക് അപരിചിതമായ പലതിനെയും നാം നേരിടേണ്ടിയും വന്നേക്കാം.

Read More :  കൊടും ക്രൂരത; 12കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ജീവനോടെ തീ കൊളുത്തി കൊന്നു, മൃതദേഹം ഇഷ്ടികചൂളയില്‍

Latest Videos
Follow Us:
Download App:
  • android
  • ios