മത്സരഫലം അട്ടിമറിക്കാന്‍ ശ്രമം; വിധികര്‍ത്താക്കള്‍ക്കും നൃത്താധ്യാപകനുമെതിരെ വിജിലന്‍സ് കേസ്
വിധി കര്‍ത്താക്കളെ സ്വാധിനിച്ച് മത്സര ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നൃത്ത അധ്യാപകനെയും രണ്ട് വിധികര്‍ത്താക്കളെയും പ്രതികളാക്കി വിജിലന്‍സ് കേസെടുത്തു. കോഴിക്കോടുനിന്നുള്ള നൃത്ത അധ്യാപകന്‍ അന്‍ഷാദ് ഹസന്‍, കുച്ചിപ്പുടി വിധികര്‍ത്താക്കളായ വേദാന്തമൊലി, ഗുരു വിജയ് ശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനിടെ പരിചമുട്ടുകളിയിലെ ഫലപ്രഖ്യാപനത്തില്‍ സംശയങ്ങളുണ്ടെന്ന് വിധികര്‍ത്താക്കളില്‍ ഒരാള്‍ സമ്മതിക്കുന്ന ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
റവന്യൂ ജില്ലാ കലോത്സവങ്ങളില്‍ തന്നെ വിധി നിര്‍ണ്ണയത്തില്‍ വ്യാപക പരാതികളുയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സിന്റെ കര്‍ശന നിരീക്ഷണത്തിലാണ് ഇക്കുറി സംസ്ഥാന സ്കൂള്‍ കലോത്സവം നടന്നത്. വിധി നിര്‍ണ്ണയത്തെ സ്വാധീനിച്ചെന്ന് മത്സരാര്‍ത്ഥികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. നൃത്ത അധ്യാപകനും രണ്ട് വിധികര്‍ത്താക്കള്‍ക്കും എതിരെയാണ് കേസ് എടുത്ത് അന്വേഷണം പുരോഗമിക്കുന്നത്.
മുമ്പും വിധി നിര്‍ണ്ണയത്തെച്ചൊല്ലി പരാതികളും ആക്ഷേപങ്ങളും ഉയരാരുണ്ടായിരുന്നെങ്കിലും കലോത്സവ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് വിധികര്‍ത്താക്കളും കേസില്‍ കുടുങ്ങുന്നത്. ഇതിന് പുറമേ പരിചമുട്ടുകളിയിലും അട്ടിമറി നടന്നതായി ആരോപണം ഉയര്‍ന്നു. വേഷവിധാനത്തിലും മറ്റും വിധികര്‍ത്താക്കള്‍ക്ക് സൂചനകള്‍ നല്‍കി മത്സരഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. വിധിനിര്‍ണ്ണയത്തില്‍ ജഡ്ജ് തന്നെ സംശയം പ്രകടിപ്പിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.