വര്‍ണ്ണശബളം യക്ഷഗാനം

School Kalolsavam2017

കര്‍ണ്ണാകത്തിലെ തനത് നാടോടി കലാരൂപമാണെങ്കിലും കേരളത്തിലെ പതിന്നാല് ജില്ലകളില്‍ നിന്നുമുള്ള ടീമുകള്‍ യക്ഷഗാനമത്സരത്തിനെത്തിയിരുന്നു. വര്‍ണ്ണാഭമായ വസ്‌ത്രങ്ങളും ചമയവുമാണ് യക്ഷഗാനത്തിന്‍റെ പ്രത്യേകത. അതുകൊണ്ടുതന്നെ യക്ഷഗാനത്തിന്‍റെ  ചമയപ്പുരയിലെ കാഴ്ചകളും പ്രധാനപ്പെട്ടതാണ്.

മുഖവും കണ്ണും പുരികവുമെഴുതും. ഹസ്തകടകവും തോള്‍പ്പൂട്ടും മാര്‍മാലയുമിടും. കഴുത്താരമണിഞ്ഞ് കൊണ്ടകെട്ടി ജഡയും കിരീടവും ധരിക്കും. ചരമുണ്ടും കച്ചയുമുടുത്ത് കച്ചമണി മീതേയണിയും. ചിലമ്പും വാളും ഗദയുമെല്ലാം തരാതരമെടുത്ത് നടികര്‍ അണിഞ്ഞൊരുങ്ങും.

കര്‍ണ്ണാടകത്തിന്‍റെ തീരമേഖലകളില്‍ അഞ്ഞൂറാണ്ടുമുമ്പ് ഉരുവംകൊണ്ട കലയെങ്കിലും കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ എല്ലാ ജില്ലകളില്‍ നിന്നും ടീമുകള്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മത്സരത്തിനുണ്ട്. ഇതില്‍ പതിമൂന്ന് ടീമുകളുടേയും ചമയമിടുന്നത് മാധവന്‍ നെട്ടണിക എന്ന ചമയകലാകാരന്‍റെ നേതൃത്വത്തിലാണ്.

യക്ഷഗാനനാടകാവതരണത്തിന് പ്രധാനമായും നാല് ഘടകങ്ങളാണ്. ഗാനം, വേഷം, നൃത്തം, വാചികം. എല്ലാം പ്രധാനമെങ്കിലും വേഷത്തിലാണ് കഥാപാത്രത്തിന്‍റെ കാര്യവും ഗര്‍വും എടുപ്പും.

School Kalolsavam2017 School Kalothsavam2017